9 December 2025, Tuesday

Related news

November 30, 2025
November 24, 2025
November 7, 2025
October 25, 2025
October 25, 2025
October 17, 2025
October 12, 2025
October 7, 2025
September 21, 2025
September 18, 2025

പാര്‍ലമെന്റ് ശീതകാല സമ്മേളനം ഇന്ന് മുതല്‍; അഡാനി, മണിപ്പൂര്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം

Janayugom Webdesk
ന്യൂഡല്‍ഹി
November 24, 2024 10:40 pm

പാർലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. അഡാനിക്കെതിരായ അഴിമതി ആരോപണവും മണിപ്പൂര്‍ സംഘര്‍ഷവും വഖഫ് ഭേദഗതി ബില്ലും അടക്കമുള്ള വിഷയങ്ങള്‍ ശീതകാല സമ്മേളനത്തെ പ്രക്ഷുബ്ധമാക്കിയേക്കും. ഡിസംബര്‍ 20 വരെ നീളുന്നതാണ് ശൈത്യകാല സമ്മേളനം. വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അടക്കം 16 ബില്ലുകള്‍ സമ്മേളന കാലയളവില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. വഖഫ് നിയമ ഭേദഗതിയില്‍ സംയുക്ത പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി. അഞ്ച് പുതിയ കരട് നിയമനിര്‍മ്മാണങ്ങളില്‍ സഹകരണ സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള നിയമവും ഉള്‍പ്പെടുത്തി. തീരദേശ ഷിപ്പിങ് ബില്ലും ഇന്ത്യൻ തുറമുഖ ബില്ലും അവതരിപ്പിക്കുന്നതിനും അന്തിമമായി പാസാക്കുന്നതിനുമായി പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്. 

വഖഫ് ഭരിക്കാനുള്ള അധികാരം സർക്കാരുകൾക്ക് മാറ്റുന്നതാണ് പുതിയ ഭേദഗതി. വഖഫ് ഭേദഗതി ബില്‍ പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയുടെ(ജെപിസി) കാലാവധി നീട്ടണമെന്ന് സമിതിയിലെ പ്രതിപക്ഷാംഗങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ മാസം 29 ന് റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് നീക്കം. കരട് ഭേദഗതിയില്‍ വരുത്തിയ മാറ്റങ്ങള്‍ പഠിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന നിര്‍ദേശം തള്ളുകയായിരുന്നു. 

ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ സഭയുടെ സുഗമമായ നടത്തിപ്പിന് എല്ലാ കക്ഷികളും സഹകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗത്തില്‍ അഭ്യര്‍ത്ഥിച്ചു. അഡാനി ഗ്രൂപ്പിനെതിരായ കൈക്കൂലി ആരോപണവും യുഎസിലെ സമന്‍സും ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോഡി സഭയില്‍ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തിലടക്കം ജെപിസി അന്വേഷണം നേരത്തേ തന്നെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. 

മണിപ്പൂരില്‍ കലാപം അവസാനിപ്പിക്കാന്‍ കഴിയാത്ത സാഹചര്യവും പ്രതിപക്ഷം സര്‍വകക്ഷി യോഗത്തില്‍ ഉയര്‍ത്തി. നരേന്ദ്രമോഡി മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്ന് പലതവണ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സിപിഐ രാജ്യസഭാ കക്ഷിനേതാവ് പി സന്തോഷ്‌കുമാര്‍, കെ രാധാകൃഷ്ണന്‍, ബികാസ് രഞ്ജന്‍ (സിപിഐ(എം), ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ, ജയറാം രമേഷ്, ഗൗരവ് ഗൊഗോയ് (കോണ്‍ഗ്രസ്), തിരുച്ചി ശിവ (ഡിഎംകെ), ഹര്‍സിമ്രത് കൗര്‍ ബാദല്‍ (എസ്എഡി) അനുപ്രിയ പട്ടേല്‍ (അപ്നാദള്‍) തുടങ്ങിയവര്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.