സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനെതിരായ ഹിൻഡൻബർഗ് റിസർച്ച് ആരോപണങ്ങളിൽ പാർലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി(പിഎസി) സ്വമേധയാ അന്വേഷണം നടത്തും. മാധബിയെ വിളിച്ചു വരുത്തി വിവരങ്ങൾ തേടാനാണ് കമ്മിറ്റിയുടെ തീരുമാനം.
മാധബിക്കും ഭർത്താവ് ധവാൽ ബുച്ചിനും മൗറീഷ്യസും സിംഗപ്പൂരും കേന്ദ്രീകരിച്ചുള്ള കടലാസ് കമ്പനികളിൽ നിക്ഷേപമുണ്ടെന്നായിരുന്നു ഹിൻഡൻബർഗ് വെളിപ്പെടുത്തൽ. പിന്നാലെ ഐസിഐസിഐ ബാങ്കുമായി ബന്ധപ്പെട്ടും ആരോപണങ്ങള്‍ ഉയര്‍ന്നു. സെബിയിലെ ഒരു വിഭാഗം ജീവനക്കാരും മാധവി ബുച്ചിനെതിരെ രംഗത്തെത്തിയിരുന്നു.
പാര്‍ലമെന്റിന്റെ നിയമപ്രകാരം സ്ഥാപിതമായ നിയന്ത്രണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നത് ഓഗസ്റ്റ് 29ന് നടന്ന ആദ്യ പിഎസി യോഗത്തില്‍ അജണ്ടയായി ഉള്‍പ്പെടുത്തിയിരുന്നു. സെബിയെക്കുറിച്ചോ മാധവി ബുച്ചിനെക്കുറിച്ചോ അജണ്ടയില്‍ പറയുന്നില്ലെങ്കിലും രാജ്യത്തെ പ്രധാനപ്പെട്ട നിയന്ത്രണ സ്ഥാപനമാണ് സെബി. ഈ മാസം തന്നെ പിഎസിയുടെ ഒന്നിലധികം യോഗങ്ങള്‍ ഉണ്ടാകുമെന്നും മാധബിയിൽ നിന്ന് വിവരങ്ങൾ തേടുമെന്നും സൂചനയുണ്ട്. അടുത്ത യോഗം ഈ മാസം 10നാണ് നടക്കുക. എന്നാൽ കമ്മിറ്റിയുടെ പൂർണമായ അജണ്ട എന്തൊക്കെയാണെന്നതിൽ വ്യക്തതയില്ല.
കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലാണ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അധ്യക്ഷൻ. 22 അംഗ കമ്മിറ്റിയില്‍ 15 എംപിമാർ ലോക്‌സഭയില്‍നിന്നും ഏഴുപേർ രാജ്യസഭയിൽ നിന്നുമാണ്. മുതിർന്ന ബിജെപി നേതാക്കളായ രവിശങ്കർ പ്രസാദ്, നിഷികാന്ത് ദുബെ, കെ ലക്ഷ്മൺ, അനുരാഗ് ഠാക്കൂർ, ജഗദംബിക പാൽ, സുധാൻഷു ത്രിവേദി എന്നിവര്‍ സമിതിയിലുണ്ട്. ഡിഎംകെയിൽ നിന്നും മുൻ കേന്ദ്രമന്ത്രി ടി ആർ ബാലു, ടി ശിവ, കോൺഗ്രസിൽ നിന്ന് ശക്തിസിന്‍ഹ് ഗോഹിൽ, അമർ സിങ്, ജയപ്രകാശ്, ബിജെപിയിൽ നിന്നും സി എം രമേശ്, അപരാജിത സാരംഗി, അശോക് ചവാൻ, തേജസ്വി സൂര്യ, തൃണമൂൽ നേതാക്കളായ സൗഗത റോയ്, സുഖേന്ദു ശേഖർ റേ, എസ്‌പിയിൽ നിന്ന് ധർമേന്ദ്ര യാദവ്, ടിഡിപിയിൽ നിന്നും അഗുണ്ട ശ്രീനിവാസലു റെഡ്ഡി, ജനസേന പാർട്ടിയുടെ വി ബാലഷോരി, എൻസിപി അംഗം പ്രഫുൽ പട്ടേല്‍ എന്നിവര്‍ സമിതി അംഗങ്ങളാണ്.
ഓഹരിവിപണിയില്‍ ക്രമക്കേടുകള്‍ നടത്തുവാന്‍ അഡാനി ഗ്രൂപ്പ് ഉപയോഗിച്ചത് മൗറീഷ്യസും സിംഗപ്പൂരും കേന്ദ്രീകരിച്ചുള്ള കടലാസ് കമ്പനികളെയാണെന്ന് ഹിന്‍ഡന്‍ബര്‍ഗ് 2023ല്‍ റിപ്പോർട്ട് ചെയ്തിരുന്നു. അഡാനി ഗ്രൂപ്പിനെതിരെയുള്ള സെബിയുടെ അന്വേഷണം മന്ദഗതിയിലായത് ചെയര്‍പേഴ്‌സണ് ഓഹരിയുണ്ടായതു കൊണ്ടാണെന്ന് ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നു. അതേസമയം ഹിൻഡൻബെർഗ് സൂചിപ്പിക്കുന്ന നിക്ഷേപം നടന്നത് 2015ലാണെന്നും മാധബി, സെബിയിലെ സ്ഥിരാംഗമാകുന്നതിനും രണ്ടുവർഷം മുമ്പാണിതെന്നും ആ സമയത്ത് സ്വകാര്യവ്യക്തിയാണെന്നും മാധബി ബുച്ചും ഭര്‍ത്താവും വാദിക്കുന്നു. 2017ലാണ് മാധബി സെബിയിലെ സ്ഥിരാംഗമാകുന്നത്. 2022ൽ ചെയര്‍പേഴ്സൺ സ്ഥാനത്തേക്കെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.