
വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ. നിയമഭേദഗതിയിലെ സുപ്രധാന വ്യവസ്ഥകള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. വഖഫ് നല്‍കാന്‍ അഞ്ച് വര്‍ഷമെങ്കിലും വിശ്വാസിയായിരിക്കണമെന്ന വകുപ്പിനാണ് സ്റ്റേ. വഖഫ് സ്വത്താണോ എന്ന് തീരുമാനിക്കാനുള്ള ജില്ലാ കളക്ടറുടെ അധികാരവും കോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞു.
സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് എ ജി മാസിഹ് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി. കഴിഞ്ഞ മേയ് 22നാണ് നിയമത്തിന്റെ ഭരണഘടന സാധ്യത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി പറയാന്‍ മാറ്റിയത്.
അന്തിമ ഉത്തരവ് വരുന്നതുവരെ വഖഫ് സ്വത്തുകളുടെ സ്വഭാവം മാറ്റരുതെന്നും തല്‍സ്ഥിതി തുടരണമെന്നും കോടതി വ്യക്തമാക്കി. വഖഫ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് കഴിവതും മുസ്ലിം ആയിരിക്കണം. എന്നാല്‍ അമുസ്ലിങ്ങളെ സിഇഒ ആക്കരുതെന്ന ആവശ്യം അംഗീകരിച്ചില്ല. നിയമത്തിലെ ചട്ടങ്ങള്‍ രൂപീകരിക്കുന്നത് വരെയാണ് സ്റ്റേ എന്നും കോടതി വ്യക്തമാക്കി.
വഖഫ് ഭേദഗതി നിയമത്തിൽ ഏറെ വിവാദമായിരുന്നത് സെക്ഷൻ 3(1) ലെ വ്യവസ്ഥയായിരുന്നു. വഖഫ് സമർപ്പണത്തിന് ഒരാൾ അഞ്ച് വർഷം തുടർച്ചയായി ഇസ്ലാം മതം ആചരിക്കുന്ന വ്യക്തിയായിരിക്കണമെന്നായിരുന്നു വ്യവസ്ഥ. ഇതോടെ പുതുതായി ഇസ്ലാം സ്വീകരിക്കുന്നവർക്കോ അമുസ്ലിങ്ങൾക്കോ വഖഫ് ചെയ്യാൻ സാധിക്കുമായിരുന്നില്ല. ഈ വ്യവസ്ഥ പൂർണമായും സ്റ്റേ ചെയ്തു.
സർക്കാർ ഭൂമി കൈയേറി വഖഫിലേക്ക് മാറ്റിയിട്ടുണ്ടോ എന്ന തർക്കം തീർപ്പാക്കാൻ സർക്കാരിന്റെ നിയുക്ത ഉദ്യോഗസ്ഥനെ അനുവദിക്കുന്ന വ്യവസ്ഥയായിരുന്നു മറ്റൊന്ന്. ജില്ലാ കളക്ടർക്ക് പൗരന്മാരുടെ വ്യക്തിപരമായ അവകാശങ്ങളിൽ തീർപ്പുകല്പിക്കാൻ അനുവാദം നൽകാനാവില്ലെന്നും ഇത് അധികാര വികേന്ദ്രീകരണത്തിന്റെ ലംഘനമാണെന്നും ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് ചൂണ്ടിക്കാട്ടി.
വഖഫ് ബോർഡുകളിലേക്ക് അമുസ്ലിം അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാൻ അനുവദിക്കുന്ന വ്യവസ്ഥ സ്റ്റേ ചെയ്തിട്ടില്ലെങ്കിലും നിയന്ത്രണം ഏർപ്പെടുത്തി. സംസ്ഥാന വഖഫ് ബോർഡിൽ പരമാവധി മൂന്നും കേന്ദ്ര വഖഫ് കൗൺസിലിൽ പരമാവധി നാലും പേർ മാത്രം അമുസ്ലിങ്ങളാകാം. സിഇഒ ആയി നിയമിക്കപ്പെടുന്ന എക്‌സ് ഒഫിഷ്യോ അംഗം അമുസ്ലിം ആകാമെന്ന വ്യവസ്ഥയ്ക്ക് സ്റ്റേയില്ല.
രജിസ്ട്രേഷൻ നിർബന്ധമാക്കുന്നത് ഒരു പുതിയ വ്യവസ്ഥയല്ലെന്നും കോടതി നിരീക്ഷിച്ചു. 1995ലെയും 2013‑ലെയും മുൻ നിയമങ്ങളിലും ഈ നിബന്ധനയുണ്ടായിരുന്നുവെന്നും അതിനാല്‍ വഖഫ് രജിസ്‌ട്രേഷനിൽ ഇടപെടുന്നില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. അന്തിമ തീരുമാനം എടുക്കുന്നത് വരെ വഖഫ് കൗണ്‍സിലിലേക്കും ബോര്‍ഡുകളിലേക്കും പുതിയ നിയമനം സുപ്രീം കോടതി നേരത്തേ തടഞ്ഞിരുന്നു.
ആശങ്കകൾ ന്യായമെന്ന് തെളിഞ്ഞു: ബിനോയ് വിശ്വം
തിരുവനന്തപുരം: 2025 ലെ വഖഫ് ഭേദഗതി നിയമത്തിലെ വിവാദ വകുപ്പുകൾ സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്വാഗതം ചെയ്തു. മുസ്‍ലിം സമുദായത്തെ പ്രതിനിധാനം ചെയ്യുന്ന സംഘടനകളുമായി ആവശ്യമായ ചർച്ചകളോ കൂടിയാലോചനകളോ കൂടാതെ തിടുക്കത്തിൽ അടിച്ചേൽപ്പിച്ച നിയമഭേദഗതി പ്രകടമായും വിവേചനപരമാണെന്ന പാർട്ടി നിലപാട് കോടതി വിധിയോടെ സാധൂകരിക്കപ്പെട്ടിരിക്കുകയാണ്. അഞ്ചു വർഷം ഇസ്ലാം മതനിഷ്ഠകൾ ആചരിക്കുന്ന വ്യക്തികളെ മാത്രമെ സ്വത്ത് വകകൾ വഖഫായി പ്രഖ്യാപിക്കാൻ അനുവദിക്കുകയുള്ളു എന്ന വ്യവസ്ഥ വിശേഷിച്ചും ന്യൂനപക്ഷ അവകാശങ്ങൾക്കുമേലുള്ള നഗ്നമായ കടന്നാക്രമണമായിരുന്നു. സാമുദായിക വിഭജനം ശക്തമാക്കാനും ഏകപക്ഷീയമായി വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാനുമുള്ള നീക്കമായിട്ടാണ് ജനാധിപത്യ മതേതര ശക്തികൾ നിയമഭേദഗതിയെ കണ്ടത്. ഇതിനെതിരെയാണ് സിപിഐ ഉൾപ്പെടെയുള്ള ഹർജിക്കാർ കോടതിയെ സമീപിച്ചത്. ഒപ്പം പാർലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധ പ്രകടനങ്ങൾക്കും പാർട്ടി നേതൃത്വം നൽകി. ഭേദഗതി നിയമത്തെ ഒന്നാകെ സ്റ്റേ ചെയ്യാൻ കോടതി തയ്യാറായിട്ടില്ല എന്നിരിക്കിലും നീതിന്യായ നടപടികളിലൂടെ തന്നെ അന്തിമമായി അന്യായ വ്യവസ്ഥകളെ പൂർണമായും റദ്ദാക്കാൻ കഴിയുമെന്ന് പാർട്ടി പ്രത്യാശിക്കുന്നു. അതോടൊപ്പം മുസ്‍ലിങ്ങളും ക്രിസ്ത്യാനികളും അടക്കമുള്ള മത ന്യൂനപക്ഷങ്ങളെ പ്രഖ്യാപിത ശത്രുക്കളായി കരുതുന്ന ബിജെപി — ആർഎസ്എസ് നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിനെതിരെ എല്ലാ പുരോഗമന ജനാധിപത്യ ശക്തികളെയും ഒരുമിപ്പിച്ചു കൊണ്ടുള്ള ശക്തമായ മുന്നേറ്റം ഉണ്ടാകുന്നതിലൂടെ മാത്രമെ രാജ്യത്തിന്റെ ബഹുസ്വര മതേതര ഉള്ളടക്കത്തെ കാത്തുരക്ഷിക്കാൻ കഴിയുകയുള്ളു എന്നും ബിനോയ് വിശ്വം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.