
സംസ്ഥാനത്തെ കോളജുകളില്‍ വിഭജന ഭീതിദിനം ആചരിക്കേണ്ടതില്ലെന്ന് അറിയിച്ച് സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കൊളിജീയറ്റ് എജ്യുക്കേഷന്‍ വകുപ്പും കത്ത് നല്‍കി. ഗവര്‍ണര്‍ ആഹ്വാനം ചെയ്ത പരിപാടി നടത്തേണ്ടതില്ലെന്ന് മന്ത്രി ആര്‍ ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതിന് പിന്നാലെയാണ് ഡയറക്ടര്‍മാര്‍ കത്തയച്ചത്. സംസ്ഥാനത്തെ ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകളുടെ ചുമതല കോളജ് വിദ്യാഭ്യാസ വകുപ്പിനും എന്‍ജിനീയറിങ്, പോളിടെക്നിക് കോളജുകളുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനുമാണ്.
രാജ്ഭവനില്‍ ലഭിച്ച കത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍, കേരള, സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വിസിമാര്‍ സര്‍ക്കുലര്‍ കോളജുകളിലേക്കയച്ചിരുന്നു. ഇന്ന് സെമിനാര്‍, നാടകം തുടങ്ങിയ വിവിധ പരിപാടികള്‍ അവതരിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം. സാങ്കേതിക സര്‍വകലാശാലയിലെ കോണ്‍ഗ്രസ് അധ്യാപക സംഘടനാ നേതാവായ പിആര്‍ഒ ഇന്‍ ചാര്‍ജാണ് വിസിക്ക് വേണ്ടി സര്‍ക്കുലര്‍ അയച്ചത്.
അതേസമയം ബന്ധപ്പെട്ട അതോറിട്ടിയുടെ താല്പര്യപ്രകാരമേ ദിനാചരണം നടത്താവൂ എന്നായിരുന്നു കേരള സര്‍വകലാശാല കോളജ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ ഡയറക്ടര്‍ കോളജുകളിലേക്ക് അയച്ച കത്തിലുണ്ടായിരുന്നത്. മലയാള സര്‍വകലാശാലയില്‍ വിഭജന ഭീകരതാ ദിനാചരണം നടത്തുമെന്ന പ്രചരണം തെറ്റാണെന്ന് താല്‍ക്കാലിക വിസി പ്രൊഫ. സി ആർ പ്രസാദും സർവകലാശാലയിലെ അധ്യാപക സംഘടനയായ മാസും പ്രസ്താവനയില്‍ അറിയിച്ചു.
കാമ്പസുകളില്‍ എന്തൊക്കെ പരിപാടികള്‍ നടത്തണമെന്ന് നിര്‍ദേശിക്കാന്‍ സര്‍വകലാശാലകള്‍ക്ക് സാധിക്കില്ലെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. സാമുദായിക സ്പര്‍ധയിലേക്ക് നയിക്കുന്ന കാര്യങ്ങളല്ല കാമ്പസുകളില്‍ നടത്തേണ്ടത്. മതനിരപേക്ഷത വളര്‍ത്താനാണ് ശ്രമിക്കേണ്ടത്. കാമ്പസുകളില്‍ മതനിരപേക്ഷത പുലരണം. നാളിതുവരെ ഇല്ലാത്ത വിധത്തിലാണ് വിഭജന ദിനം ആചരിക്കാനുള്ള നിര്‍ദേശം. സാമുദായിക ധ്രുവീകരണത്തിലാണ് ഇത് ചെന്ന് നില്‍ക്കുക. വര്‍ഗീയ വിദ്വേഷത്തിന് ഇടയാക്കുമെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.