കാമുകന്റെ ഭാര്യയെ ഇല്ലാതാക്കി കാമുകനെ സ്വന്തമാക്കാൻ കായംകുളം സ്വദേശി അനുഷ സ്വീകരിച്ച വഴി നാട്ടുകാരെയാകെ അമ്പരപ്പിക്കുന്നു. കൊലപാതകത്തിന് പല മാർഗ്ഗങ്ങൾ കുറ്റവാളികൾ അവലംബക്കാറുണ്ടെങ്കിലും എയർ എംബോളിസം പലർക്കും പുതിയ അറിവാണ്. ഈ പ്രവൃത്തിയിൽ അനുഷ ബാഹ്യസഹായം തേടിയിട്ടുണ്ടാകാമെന്നാണ് പൊലിസ് സംശയിക്കുന്നത്.
എയർ എംബോളിസം വഴി ആളെ കൊല്ലാൻ കഴിയുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നാണ് അനുഷയുടെ മൊഴി. പക്ഷേ, ഇത് വിശ്വസനീയമല്ല. മാവേലിക്കര കണ്ടിയൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ ഫാർമസിസ്റ്റായി കുറച്ചുനാള്‍ ജൊലി ചെയ്തിട്ടുണ്ട്. എന്നാല്‍ ഫാർമസിസ്റ്റിന് മനുഷ്യ ശരീത്തിലെ ഞരമ്പുകളുടെ പ്രവർത്തനവും ഹൃദയത്തിലേക്കുള്ള ധമനികളും തിരിച്ചറിയാൻ കഴിയില്ല. അതു മാത്രമല്ല, ഇഞ്ചക്ഷൻ എടുക്കുന്നതിന് പരിശീലനവും കിട്ടിയിട്ടില്ല. ഡോക്ടർ, നഴ്‌സ്, പാരാമെഡിക്കൽ ജീവനക്കാർ എന്നിവർക്ക് മാത്രമാണ് ഈ മേഖലയിൽ പരിശീലനം ഉള്ളത്. ഞരമ്പിൽ നിന്ന് രക്തം എടുക്കാൻ അറിയാവുന്നവർക്ക് മാത്രമാണ് ഇത്തരമൊരു പ്രവൃത്തി ചെയ്യാൻ സാധിക്കുക. ഇൻജക്ഷൻ എടുക്കാനും സൂചി ഉപയോഗിക്കാനുമൊക്കെ അനുഷയ്ക്ക് ആരെങ്കിലും പറഞ്ഞു കൊടുത്തതാകുമോ എന്ന് സംശയിക്കുന്നുണ്ട്. സിറിഞ്ചിലൂടെ ധമനികളിലേക്ക് എയർ കടത്തിവിടുന്നതിലൂടെ രക്തയോട്ടം തടസ്സപ്പെടുകയും അതുവഴി ഹൃദയസ്തംഭനം സംഭവിക്കുകയും ചെയ്യും. ക്രമിനൽ പശ്ചാത്തലം ഇല്ലാത്ത ഒരാൾക്ക് നൂതന മാർഗ്ഗത്തിലുടെ പരിഭ്രമമില്ലാതെ ഇങ്ങനെയൊരു കൃത്യം ചെയ്യാൻ കഴിയില്ലെന്നാണ് നിഗമനം. അരുണിനൊപ്പം ജീവിക്കാൻ വേണ്ടിയാണ് അരുണിന്റെ ഭാര്യ സ്നേഹയെ കൊല്ലാൻ ശ്രമിച്ചതെന്നാണ് പൊലീസ് കസ്റ്റഡിയിലുള്ള അനുഷയുടെ മൊഴി.
സ്നേഹയെ കൊല്ലുകയല്ല ഭയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ അനുഷ സ്നേഹയെ കൊല്ലാൻ ശ്രമിച്ചത് ആസൂത്രിതമെന്ന് പൊലിസ്. അനുഷ സിറിഞ്ചും നെഴ്സിംഗ് കോട്ടും വാങ്ങിയ കടകളിലും പൊലിസ് അന്വേഷണം നടത്തി. കായംകുളം പുല്ലുകുളങ്ങരയിലുള്ള മെഡിക്കൽ സ്റ്റോറിൽ നിന്നാണ് സിറിഞ്ചും ഗ്ലൗസും വാങ്ങിയത്. കടയുടമ ഗിരീഷ് അനുഷയെ തിരിച്ചറിഞ്ഞു. മെഡിക്കൽ സ്റ്റോറിന് സമിപത്തുള്ള തുണിക്കടയിൽ നിന്നാണ് നെഴ്സിംഗ് കോട്ടും വാങ്ങിയത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സിന്റെ വേഷം ധരിച്ച് എത്തിയ കായംകുളം കരിയിലക്കുളങ്ങര സ്വദേശി അനുഷ(25) കാമുകനായ പുല്ലുകുളങ്ങര സ്വദേശി അരുണിന്റെ ഭാര്യ സ്നേഹ(24)യെ ധമനിയിലൂടെ സിറിഞ്ച് ഉപയോഗിച്ച് വായു കടത്തി വിട്ട് കൊല്ലാൻ ശ്രമിച്ചത്. ആശുപത്രി ജീവനക്കാരും സ്നേഹയുടെ അമ്മയും ചേർന്ന് ഇവരെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ വധശ്രമത്തിന് പൊലീസ് അനുഷക്കെതിരെ കെസെടുത്തു. കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റ് ആയിരുന്നു അനുഷ. അരുണുമായി കോളേജ് കാലംതൊട്ടേ പരിചയമുണ്ട്.
അനുഷയുടെ ആദ്യ വിവാഹം ബന്ധം വേർപെടുത്തിയിരുന്നു. ഇപ്പോഴുള്ള ഭർത്താവ് വിദേശത്താണ്. നാട്ടിൽ അരുണുമായുള്ള ബന്ധം തുടർന്നിരുന്നുവെന്നാണ് അനുഷയുടെ മൊഴി. ഇരുവരും നിരന്തരം നേരിലും ഫോണിലും ബന്ധപ്പെട്ടിരുന്നു. അരുണുമായുള്ള വാട്സാപ്പ് ചാറ്റുകളും അനുഷയുടെ ഫോണിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അതിൽ അസ്വാഭാവികതയില്ലെന്നാണ് വിവരം. ആദ്യ വിവാഹം വേർപെട്ടപ്പോൾ തന്നെ അരുണുമായി ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നാണ് അനുഷയുടെ മൊഴി. തന്റെ സ്നേഹം അരുണിനെ അറിയിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നാടകം കളിച്ചത് എന്നും പറയുന്നു.
English Summary: Parumala assassination attempt; Air embolism; Anusha chooses a new way to kill the person
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.