പ്രായത്തെ വെല്ലുന്ന കായിക ക്ഷമതയോടെ അറുപത്തിയേഴുകാരനായ പോൾ പടിഞ്ഞാറേക്കര ഓടിക്കയറുന്നത് ചരിത്രത്തിലേക്ക്. നൂറ് മാരത്തൺ ഓട്ടം പൂർത്തിയാക്കുന്ന ആദ്യ മലയാളി എന്ന നേട്ടം കൈവരിക്കാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം. കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ നിന്നും സൂപ്രണ്ടിങ് എൻജിനീയറായി വിരമിച്ചതിന് ശേഷമാണ് കഴിഞ്ഞ ഏഴുകൊല്ലം കൊണ്ട് 99 മാരത്തണും 210 ഹാഫ് മാരത്തണും നിരവധി അൾട്രാ മാരത്തണുകളും വിജയകരമായി പൂർത്തിയാക്കാൻ ചുരുങ്ങിയ കാലത്തിനിടയിൽ ഈ കായിക താരത്തിനായത്. ഇതിനോടകം ഏകദേശം 20,000 കിലോമീറ്റർ ദൂരം ഓടി പിന്നിട്ടതായാണ് കണക്കാക്കുന്നത്. 42.2 കിലോമീറ്ററാണ് ഒരു മാരത്തൺ ദൂരം. അതുപോലെ ഹാഫ് മാരത്തൺ 21.1 കിലോമീറ്ററും അൾട്രാ മാരത്തൺ 161 കിലോമീറ്ററുമാണ്. ഈ ദീർഘദൂര ഓട്ടങ്ങളിലെല്ലാം നിരന്തരമായ പരിശീലനം പോലുമില്ലാതെയാണ് യുവത്വത്തിന്റെ പ്രസരിപ്പോടെ പ്രായം മറന്നും പോൾ ഓട്ടത്തിലൂടെ ചരിത്രമെഴുതുന്നത്. ഈ മാസം 21 ന് പുലർച്ചെ 3.30 നാണ് നൂറാമത്തെ മാരത്തൺ കൊച്ചി വില്ലിങ്ടൺ ഐലൻഡിലെ ബ്രിസ്റ്റോ റോഡിൽ നിന്നും തുടങ്ങുന്നത്. ആദ്യമായി പോൾ മാരത്തൺ ഓടിയ കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തൺ റൂട്ടിൽ തന്നെയാണ് ഈ ദീർഘദൂര ഓട്ടമെന്നതും ഏറെ ശ്രദ്ധേയമാണ്.
ദുബായിലും ഇന്ത്യയിലെ കൊൽക്കത്ത, മുംബൈ, ഹൈദരാബാദ്, ഡൽഹി, ഗോവ, ചെന്നൈ ഉൾപ്പെടെ പ്രധാന നഗരങ്ങളിൽ നടന്നിട്ടുള്ള ഒട്ടുമിക്ക മാരത്തണിലും ഉൾപ്പെടെ കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ കേരളത്തിൽ നടന്നിട്ടുള്ള എല്ലാ മാരത്തണിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. മാസ്റ്റേഴ്സ് മീറ്റുകളിലും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. 2005ൽ വാഹനാപകടത്തിൽ കാലിന് കാര്യമായ പരിക്ക് പറ്റിയെങ്കിലും അതൊന്നും ഓട്ടത്തിന് തടസമല്ലെന്നാണ് പോളിന്റെ അഭിപ്രായം. ആരോഗ്യ സംരക്ഷണത്തിനും ജീവിത ശൈലി രോഗത്തെ ചെറുക്കുന്നതിനും ഓട്ടം നല്ലൊരു മരുന്നാണ്. ഇത് യുവതലമുറ ശീലമാക്കണമെന്നും അതിനുള്ള അവബോധമാണ് ഉണ്ടാകേണ്ടതെന്നും പോൾ പടിഞ്ഞാറേക്കര ജനയുഗത്തോട് പറഞ്ഞു. ഡിസംബർ 12 ന് ഗോവയിൽ നടക്കുന്ന റിവർ മാരത്തണിലും പങ്കെടുക്കാനുള്ള ഒരുക്കത്തിലുമാണ്. നേര്യമംഗലം സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ എറണാകുളം മരടിലാണ് താമസം. ഭാര്യ: സുജ പോൾ, മക്കള്‍: മെറിൻ, ടോം, ജെറി. മൂന്നുപേരും എൻജിനീയർമാരാണ്.
english summary: Paul Running into history
you may also like this video ;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.