12 April 2025, Saturday
KSFE Galaxy Chits Banner 2

പീച്ചി ഡാം വികസനം ഡിപിആര്‍ ഉടന്‍; പ്രതീക്ഷിക്കുന്നത് 368 കോടി ചെലവ്

Janayugom Webdesk
ഒല്ലൂർ
April 4, 2025 11:05 am

പീച്ചി വിനോദ സഞ്ചാര കേന്ദ്രത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ തീരുമാനം. പ്രാഥമികമായി 368 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കാന്‍ കേരള ഇന്‍ഫ്രാസ്റ്റക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനെ തിരുവനന്തപുരത്തു ചേര്‍ന്ന ഉന്നതതല യോഗം ചുമതലപ്പെടുത്തി. 15നകം ഡിപിആര്‍ ലഭ്യമാക്കി ധനമന്ത്രിയുടെ സാന്നിധ്യത്തില്‍ വീണ്ടും യോഗം ചേര്‍ന്ന് തുടര്‍ നടപടികളിലേക്ക് കടക്കും. സര്‍ക്കാര്‍ ഫണ്ട്, കിഫ്ബി, പൊതു സ്വകാര്യ പങ്കാളിത്തം എന്നീ മൂന്ന് ഇങ്ങളിലൂടെ ആയിരിക്കും പദ്ധതിക്ക് തുക കണ്ടെത്തുക. ഇതില്‍ അഡിമിനിസ്‌ട്രേറ്റീവ് സംവിധാനങ്ങളുടെ നിര്‍വഹണമായിരിക്കും സര്‍ക്കാര്‍ ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുക. ഒമ്പത് സോണുകളിലാണ് പീച്ചിയുടെ സമഗ്രവികസനം നടപ്പിലാക്കുന്നത്. ഇതില്‍ എട്ടാം സോണിന്റെ പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കുക. നിലവിലെ പീച്ചി ഹൗസ് തനിമ നിലനിര്‍ത്തി നവീകരിക്കല്‍, അതിഥി മുറികള്‍, കിച്ചണ്‍, റസ്‌റ്റോറന്റ് എന്നിവയോടെ പുതിയ ബ്ലോക്കുകളുടെ നിര്‍മാണം. പൂന്തോട്ടം എന്നിവയാണ് ആദ്യം പ്രാവര്‍ത്തികമാക്കുക. ഇതിനുള്ള പ്രത്യേക ഡിപിആര്‍ അടിയന്തരമായി കെഐഐഡിഎസ് തയ്യാറാക്കി മേയ് മാസത്തിന് മുമ്പ് ഭരണാനുമതിക്ക് സമര്‍പ്പിക്കും. ഇതോടൊപ്പം മറ്റു ഘട്ടങ്ങളിലെ പ്ലാനിന്റെയും പ്രവര്‍ത്തനങ്ങളുടെയും വിശദ പരിശോധനയും പഠനവും നടക്കും. പീച്ചി ഡാമിന്റെ 86 ഏക്കര്‍ ഭൂമിയും പ്രകൃതിക്ക് കോട്ടം തട്ടാത്തവിധം വികസനത്തിനായി ഉപയോഗപ്പെടുത്തും. പ്രവേശന കവാടത്തിനോട് ചേര്‍ന്ന ആദ്യ സോണില്‍ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററും മള്‍ട്ടിപ്ലസ് തിയേറ്റര്‍ കോംപ്ലക്‌സും വിശാലമായ പാര്‍ക്കിങ് ഏരിയയും വരുന്നതോടെ പീച്ചി വിനോദ സഞ്ചാര കേന്ദ്രത്തിനൊപ്പം വിലങ്ങന്നൂര്‍ ഉള്‍പ്പടെയുള്ള സമീപപ്രദേശങ്ങളുടെ സാമ്പദ് വ്യവസ്ഥയ്ക്കും വേഗം കൂടും.

പീച്ചിയിലെ മുഴുവന്‍ റോഡുകളുടെയും നവീകരണവും സംയോജനവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പല സ്ഥലത്തും പഴയ കെട്ടിടങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന വിവിധ ഓഫീസുകള്‍ പുതിയൊരു സമുച്ചയത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള പദ്ധതിയും പീച്ചി വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുന്ന കാര്യവും പരിഗണിക്കും.
എന്‍ട്രന്‍സ് പ്ലാസ, ടിക്കറ്റ് കൗണ്ടര്‍, എഞ്ചിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ഹോസ്റ്റല്‍, ട്രേഡിങ് സെന്റര്‍, ലാബ്, ക്വാര്‍ട്ടേഴ്‌സ്, പാര്‍ക്കിങ് എന്നിവയ്ക്ക് പുറമെ, പൊതു ശൗചാലയം, ക്ലിനിക്ക്, സര്‍വീസസ്, ഷോപ്പിങ് സ്ട്രീറ്റ്, കിയോസ്‌ക്‌സ്, ഫുഡ് കോര്‍ട്ടുകള്‍, റസ്റ്ററന്റുകള്‍, സെന്‍ട്രല്‍ പാര്‍ക്കിങ് സോണ്‍ എന്നിവ മാസ്റ്റര്‍ പ്ലാനിലുണ്ട്. അഡ്വഞ്ചര്‍ പാര്‍ക്ക്, അമ്യൂസ്‌മെന്റ് പാര്‍ക്ക്, റോളര്‍ കോസ്റ്റര്‍, ഓപ്പണ്‍ എയര്‍ തിയേറ്റര്‍, പ്രീ വെഡ്ഡിങ് ഷൂട്ടിങ് സ്‌പോട്ട്, സൈക്കിളിങ് ട്രാക്ക്, ലാന്‍ഡ്‌സ്‌കേപ്ഡ് പാര്‍ക്ക്, വിദേശ മോഡല്‍ ആധുനിക മ്യൂസിക്കല്‍ ഫൗണ്ടന്‍, ഡാം ലൈറ്റിങ്, പനോരമിക് ഗ്ലാസ് ലിഫ്റ്റ്, ഡാം സൗണ്‍സ്ട്രീം ഗാര്‍ഡന്‍, വാച്ച് ടവര്‍, ഗ്ലാസ് ബ്രിഡ്ജ്, സിമ്മിങ് പൂള്‍, ഹെല്‍ത്ത് ക്ലബ്, ഇന്‍ഡോര്‍ ഗെയിംസ് എന്നിവയും പീച്ചിയെ ആകര്‍ഷണീയമാക്കും. മന്ത്രി കെ രാജന്‍, ഇറിഗേഷന്‍ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ കിഫ്ബി സിഇഒ കെ എം എബ്രഹാം, കിഫ്ബി ജനറല്‍ മാനേജര്‍ ഷൈല എന്നിവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. 

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.