5 January 2025, Sunday
KSFE Galaxy Chits Banner 2

Related news

January 4, 2025
December 30, 2024
December 29, 2024
December 24, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024
December 16, 2024
December 15, 2024

കര്‍ഷക സമരവും കേന്ദ്രത്തിന്റെ നിസംഗതയും

Janayugom Webdesk
ന്യൂഡല്‍ഹി
January 4, 2025 5:00 am

രണ്ടാം മോഡി സർക്കാരിനെ പിടിച്ചു കുലുക്കിയ കർഷക സമരം വീണ്ടും ശക്തിയാർജിച്ച് തിരിച്ചെത്തുന്നുവെന്നാണ് പഞ്ചാബിൽ നിന്നും, ഹരിയാനയിൽ നിന്നുമുള്ള വാർത്തകൾ സൂചിപ്പിക്കുന്നത്. സര്‍വസജ്ജരായി കര്‍ഷകര്‍ സമരരംഗത്ത് ഉറച്ചുനില്‍ക്കുമ്പോള്‍, മുന്‍കാലത്തേതുപോലെ അവഗണനയാണ് കേന്ദ്രഭരണാധികാരികള്‍ നിലവില്‍ അവലംബിക്കുന്നത്. 2020 — 21ലെ കര്‍ഷക പ്രക്ഷോഭത്തിന് മുമ്പില്‍ മുട്ടുമടക്കിയതിന്റെ ജാള്യതയൊന്നും പ്രധാനമന്ത്രിയെയോ മന്ത്രിസഭയെയോ ഇപ്പോള്‍ ബാധിച്ചിട്ടില്ല. കര്‍ഷകരുന്നയിക്കുന്ന വിഷയം അഭിമുഖീകരിക്കപ്പെടേണ്ടതാണ് എന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് ബിജെപി ഭരണകൂടം. വിഷയം ഗുരുതരമാണെന്ന് കണ്ട്, കര്‍ഷകരോട് കോടതിയെ സമീപിക്കാൻ സുപ്രീം കോടതി തന്നെ നിർദേശിച്ചിരിക്കുകയാണ്. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ നിരാഹാര സമരം നടത്തുന്ന കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന നിര്‍ദേശം നടപ്പാക്കാത്ത പഞ്ചാബ് സര്‍ക്കാരിന്റെ നടപടിയിലും സുപ്രീം കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കര്‍ഷകരുമായി അനുരഞ്ജനം പാടില്ലെന്ന നിലപാടാണ് പഞ്ചാബ് സര്‍ക്കാരിന്റേതെന്ന് കോടതി വിമര്‍ശിച്ചു. ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റുന്നതുകൊണ്ട് അദ്ദേഹം നിരാഹാരം ഉപേക്ഷിക്കണമെന്ന് അര്‍ത്ഥമാക്കുന്നില്ല. വൈദ്യസഹായം സ്വീകരിച്ചുകൊണ്ട് നിരാഹാരം തുടരാമെന്ന് ദല്ലേവാളിനെ സര്‍ക്കാര്‍ ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായാല്‍ ദല്ലേവാള്‍ നിരാഹാരം അവസാനിപ്പിക്കുമെന്നാണ് പഞ്ചാബിലെ എഎപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ബിജെപിയുടെ കടുംപിടിത്തം മൂലം സമരം ചെയ്യുന്നവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി കേന്ദ്ര സര്‍ക്കാരാണെന്ന് എഎപി നേതാവ് കെജ്‌രിവാള്‍ രാഷ്ട്രീയ പ്രസ്താവനയും നടത്തിയിട്ടുണ്ട്.

കർഷകസമരവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി സർക്കാർ അനുസരിക്കുമെന്നും അതനുസരിച്ച് നടപടിയെടുക്കുമെന്നുമാണ് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞത്. കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നതിനുള്ള ഒരു സാധ്യതയും കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയില്‍ ദൃശ്യമായില്ല. കര്‍ഷകപ്രക്ഷോഭത്തിന്റെ ഫലമായി മുമ്പ് പിന്‍വലിച്ച മൂന്ന് കരിനിയമങ്ങള്‍ നയരൂപീകരണമെന്ന വ്യാജേന വീണ്ടും നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതിന്റെ സൂചനകളും പുറത്തുവന്നിട്ടുണ്ട്. കാര്‍ഷിക വിപണന ചട്ടക്കൂടെന്ന പുതിയ നയരൂപീകരണത്തിലൂടെ അതേ നിയമങ്ങള്‍ നടപ്പിലാക്കാനുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. വിപണന നയത്തിന്റെ കരടില്‍ അഭിപ്രായം അറിയിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങളുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാകും അന്തിമ നയരൂപീകരണം നടത്തുകയെന്നാണ് പറയുന്നത്. എന്നാല്‍ സംസ്ഥാനങ്ങളുടെ എതിര്‍പ്പുകള്‍ മറികടന്ന് തന്നിഷ്ടപ്രകാരം കേന്ദ്രം തീരുമാനമെടുക്കാനുള്ള സാധ്യത ഏറെയാണ്. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ അനുഭവം നമ്മെ അതാണ് പഠിപ്പിച്ചത്. 2021ല്‍ സമരം അവസാനിപ്പിക്കാനുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകളൊന്നും ഇനിയും കേന്ദ്രം പാലിച്ചിട്ടില്ല. കരാർ പ്രകാരം കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പാക്കി നിയമം പാസാക്കണമായിരുന്നു. ഈ ആവശ്യം മുൻനിർത്തിയാണ് ഇപ്പോൾ കർഷകർ സമരരംഗത്തിറങ്ങിയിരിക്കുന്നത്. സമരത്തെ നേരിടാൻ വലിയ സന്നാഹങ്ങള്‍ ഹരിയാനയിലെ ബിജെപി സർക്കാർ ഒരുക്കിയിട്ടുണ്ട്. 

ഹരിയാന‑ഡൽഹി അതിർത്തിയിൽ സായുധപൊലീസ് കർഷകരെ തടഞ്ഞുവച്ചു. ഹരിയാന നിയമസഭയിലെ അപ്രതീക്ഷിത വിജയമാണ് കർഷക സമരത്തെ അവഗണിക്കുന്നതിന് ബിജെപിക്ക് ശക്തി പകര്‍ന്നത്. എന്നാല്‍ ഒരു ഭാഗത്ത് നേതാക്കളുടെ നിരാഹാര സമരം, മറുഭാഗത്ത് ട്രെയിൻ തടയൽ പോലുള്ള പ്രക്ഷോഭം, ഡൽഹി ചലോ മാർച്ച്… ഇതൊക്കെ വരാനിരിക്കുന്ന വലിയ സമരങ്ങളെക്കുറിച്ച് കേന്ദ്രസർക്കാറിനുള്ള കര്‍ഷകരുടെ ശക്തമായ മുന്നറിയിപ്പാണ്. സര്‍വസജ്ജീകരണവുമായാണ് കര്‍ഷകര്‍ പോരാട്ടം തുടരുന്നതെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ട്. ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളിലെ കനത്ത ശൈത്യം അതീജീവിക്കാന്‍ വിറകുകൊണ്ട് ആഴി, ഭക്ഷണം മുടങ്ങാതെ എത്തിക്കാന്‍ പ്രത്യേകം അടുക്കള, സമരക്കാരുടെ ആരോഗ്യം ഉറപ്പുവരുത്താന്‍ വിദഗ്ധ മെഡിക്കല്‍ സംഘം എന്നിവ ഖനൗരിയില്‍ സജ്ജമാണ്. കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ് ബന്ദിന്റെ വിജയം പ്രതിഷേധക്കാരുടെ വീര്യം വര്‍ധിപ്പിക്കുകയും ചെയ്തു. തങ്ങളുടെ ആവശ്യം നേടിയെടുക്കാന്‍ മരണം വരെ പോരാടുമെന്ന ദൃഢനിശ്ചയത്തോടെ രാജ്യത്തെ അന്നമൂട്ടുന്നവര്‍ നടത്തുന്ന ഐതിഹാസിക സമരത്തിന്റെ നേര്‍ച്ചിത്രമാണ് ശംഭുവിലും ഖനൗരിയിലും കാണുന്നത്. മണ്ണിനെ പൊന്നാക്കുന്നവരാണ് രാജ്യത്തെ കര്‍ഷകര്‍. അവരുടെ പോരാട്ടവീര്യത്തിന് 140 കോടിയുടെ അന്നത്തിന്റെ പിന്‍ബലമുണ്ട്. ഏത് വിഭാഗീയതയ്ക്കും അധികാര ഗര്‍വിനും മുകളിലാണ് അത് എന്നാണ് ഭരണാധികാരികള്‍ തിരിച്ചറിയേണ്ടത്. അതാണ് സുപ്രീം കോടതി നല്‍കിയ മുന്നറിയിപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.