
കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാള്‍ നിരാഹാര സമരം അവസാനിപ്പിച്ചതായി പഞ്ചാബ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ജലപാനം നടത്തി അദ്ദേഹം സമരം അവസാനിപ്പിക്കുകയായിരുന്നെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ സര്‍ക്കാര്‍ അറിയിച്ചു.
ഖനൗരി, ശംഭു അതിര്‍ത്തികളില്‍ പ്രതിഷേധിച്ച കര്‍ഷകരെ പിരിച്ചുവിട്ടതായും തടസപ്പെട്ട എല്ലാ റോഡുകളും ഹൈവേകളും തുറന്നുകൊടുത്തതായും പഞ്ചാബിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ ഗുര്‍മീന്ദര്‍ സിങ് പറഞ്ഞു. അതേസമയം സര്‍ക്കാരിന്റെ വാദം തള്ളിക്കൊണ്ട് കര്‍ഷകനേതാക്കള്‍ രംഗത്തെത്തി. അദ്ദേഹം വെള്ളം കുടിച്ചുവെന്നത് സത്യമാണെന്നും എന്നാല്‍ നിരാഹാര സമരം അവസാനിപ്പിച്ചിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു.
കര്‍ഷകര്‍ക്കായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന ദല്ലേവാളിന്റെ ശ്രമങ്ങളെ സുപ്രീം കോടതി പ്രശംസിച്ചിരുന്നു. കർഷകരുടെ പരാതികൾ പരിഹരിക്കാൻ ചിലർ ആഗ്രഹിച്ചിട്ടില്ലെന്ന് അറിയാമെന്നും ഞങ്ങൾ ദന്തഗോപുരത്തിലല്ല ഇരിക്കുന്നതെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. തുടര്‍ന്ന് കര്‍ഷകരുടെ പരാതികള്‍ പരിശോധിക്കാനും അനുബന്ധ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുന്‍ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയോട് ബെഞ്ച് നിര്‍ദേശിച്ചു.
ദല്ലേവാളിന് വൈദ്യസഹായം നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവ് പാലിക്കാത്തതിന് പഞ്ചാബ് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമെതിരായ കോടതിയലക്ഷ്യ നടപടികളും സുപ്രീ കോടതി പിന്‍വലിച്ചു.
വിളകൾക്ക് താങ്ങുവില ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് 2024 ഫെബ്രുവരി 13 മുതലാണ് കർഷകർ സമരം ആരംഭിച്ചത്. സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതര) കർഷക സംഘടനയുടെ നേതാവായ ദല്ലേവാൾ കഴിഞ്ഞ വര്‍ഷം നവംബര്‍ 26മുതല്‍ നിരാഹാര സമരവും ആരംഭിച്ചു. ആരോഗ്യനില വഷളായതോടെ മാർച്ച് 23 മുതൽ അദ്ദേഹം പട്യാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.