സ്ഥിരം കാട്ടാനശല്യമുണ്ടാവുകയോ നാശനഷ്ടങ്ങള്‍ വരുത്തുകയോ ചെയ്യാത്ത പ്രദേശത്ത് ഹാങ്ങിംഗ് ഫെന്‍സിംഗ് നിര്‍മാണത്തിനായി യാതൊരു അനുമതിയും കൂടാതെ ചെറുതും വലുതുമായ 73 കുറ്റി വിവിധമരങ്ങള്‍ മുറിച്ചു മാറ്റിയ സംഭവത്തില്‍ വനം വകുപ്പ് സ്വീകരിച്ച ‘ശിക്ഷാനടപടി’ പിന്‍വലിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഈ മാസം ഏഴിന് സസ്പെന്റ് ചെയ്യപ്പെട്ട തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി വി ശ്രീധരന്‍, സി ജെ റോബര്‍ട്ട് എന്നിവരെ ബുധനാഴ്ച തിരികെ സര്‍വ്വീസില്‍ തിരിച്ചെടുത്ത് കൊണ്ടാണ് ‘ശിക്ഷാ നാടകം’ അവസാനിപ്പിച്ചത്. ഇവര്‍ക്കെതിരെ നടപടിയെടുക്കാനും പിന്‍വലിക്കാനും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് സംഭവത്തില്‍ കൂട്ടുപ്രതികളാവേണ്ട ബേഗൂര്‍ റെയിഞ്ച് ഓഫീസറും നോര്‍ത് വയനാട് ഡിഎഫ്ഒ യുമാണെന്നതാണ് ഏറെ വിചിത്രം.
എട്ടര ലക്ഷം രൂപ ചെലവില്‍ ബേഗൂര്‍ റെയിഞ്ചിലെ തവിഞ്ഞാല്‍ 43ല്‍ നിന്നു തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ ഭാഗത്തുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് തൂക്കുവേലി പ്രതിരോധം തീര്‍ത്തത്. സ്റ്റേറ്റ് ഹൈവേയോട് ചേര്‍ന്ന ഈ ഭാഗത്ത് കാട്ടാനശല്യം രൂക്ഷമായ പ്രദേശത്ത് നടക്കുന്നത് പോലെ കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ചതായോ മനുഷ്യജീവന് ഭീഷണി ഉയര്‍ത്തിയതായോ സമീപകാലത്ത് യാതൊരു പരാതിയും വനം വകുപ്പിന് ലഭിച്ചിരുന്നില്ല. എന്നിട്ടും നിയമ പ്രകാരമുള്ള അനുമതി വാങ്ങാതെ മരം മുറിച്ചത് വിവാദമാവുകയായിരുന്നു. ഈ മാസം ആറിന് മാധ്യമങ്ങള്‍ വാര്‍ത്തനല്‍കിയതോടെയാണ് ഇത്തരത്തിലൊരു മരം മുറി നടന്നതായി റെയിഞ്ച് ഓഫീസര്‍ ഡിഎഫ്ഒ യെ വിവരമറിയിക്കുന്നത്.
അന്ന് തന്നെ ഡി എഫ് ഒ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ഡിഎഫ്ഒ തയ്യാറാക്കിയ റിപ്പോര്‍ട്ടും പരിശോധിച്ചാണ് ഏഴിന് രണ്ട് പേര്‍ക്കെതിരെ നടപടിയെടുത്തത്. ഇതിനെതിരെ പ്രതിഷേധവുമായി ജീവനക്കാര്‍ സമരരംഗത്തെത്തിയപ്പോള്‍ രണ്ട് ദിവസത്തിനുള്ളില്‍ നടപടി പിന്‍വലിക്കാമെന്ന് ഉറപ്പ് നല്‍കിയതും നോര്‍ത്ത് വയനാട് ഡി എഫ് ഒ യാണ്.
ജീവനക്കാരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാവുന്നതാണെന്ന് റിപ്പാര്‍ട്ട് നല്‍കുന്നതും മരംമുറിക്കുത്തരവാദികളൊരാളായ റെയിഞ്ച് ഓഫീസറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ്. ഈ റിപ്പോര്‍ട്ട് പ്രകാരമാണ് നോര്‍ത്തേണ്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ എസ് ദീപ സസ്പെന്‍ഷന്‍ പിന്‍വലിച്ച്, ഇതേ ഡിവിഷനായ തിരുനെല്ലിയിലും തോല്‍പ്പെട്ടിയിലും ജോലിയില്‍ പ്രവേശിക്കാനുത്തരവിട്ടത്.
വനം വകുപ്പ് ജീവനക്കാരുടെ സംഘടനകള്‍ തമ്മിലുള്ള കിടമത്സരങ്ങളാണ് ഈയിടെയായി വനം വകുപ്പില്‍ നടന്നു വരുന്ന കൃത്യവിലോപങ്ങള്‍ പുറത്ത് വരാനിടയാക്കുന്നതെന്നാണ് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.