24 November 2024, Sunday
KSFE Galaxy Chits Banner 2

പെൻഷൻകാരുടെ അവകാശങ്ങളും സർക്കാർ സമീപനവും

എൻ ശ്രീകുമാർ
സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി
October 2, 2024 4:13 am

ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) എന്ന പുതിയ പെൻഷൻ പരിഷ്കരണ നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ മുന്നോട്ടു വന്നിരിക്കുകയാണ്. പെൻഷൻകാരോടുള്ള തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റുകളുടെ സമീപനങ്ങളെപ്പറ്റി ഈ അവസരത്തിൽ വ്യാപക ചർച്ച ഉയർന്നുവരുന്നുണ്ട്. പുതിയ പെൻഷൻ പദ്ധതി (എൻപിഎസ്) എന്ന പേരിൽ കേന്ദ്രം 2004ൽ അടിച്ചേല്പിച്ച പങ്കാളിത്ത പെൻഷൻ പദ്ധതിയോട് വ്യാപകമായും ശക്തമായുമുള്ള എതിർപ്പ് വളർന്നുവന്ന സാഹചര്യത്തിലാണ് അതിലെ തൊഴിലാളി വിരുദ്ധ നിർദേശങ്ങളിൽ വെള്ളം ചേർത്ത് പുതിയൊരു പദ്ധതി മുന്നോട്ടു വയ്ക്കാൻ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ നിർബന്ധിതമായത്. പങ്കാളിത്ത പെൻഷൻ പദ്ധതിയെ അപേക്ഷിച്ച് ഏകീകൃത പെൻഷൻ പദ്ധതി അല്പം മെച്ചപ്പെട്ടതാണെന്ന കാര്യത്തിൽ തർക്കമില്ല. പെൻഷണർക്ക് മിനിമം പെൻഷൻ ഈ പദ്ധതി ഉറപ്പു നൽകുന്നുണ്ട്. ജീവനക്കാരുടെ പ്രതിമാസ അടവിന് ആനുപാതികമായ സർക്കാർ വിഹിതം വർധിപ്പിക്കുമെന്നും പദ്ധതി പറയുന്നു. എന്നാൽ, പങ്കാളിത്ത പെൻഷൻ പദ്ധതി എതിർക്കപ്പെടുന്നതിന്റെ പ്രധാന കാരണം പെൻഷൻ എന്ന പണിയെടുക്കുന്നവരുടെ അവകാശത്തെ അത് ചോദ്യം ചെയ്യുന്നു എന്നതുകൊണ്ടാണ്. പെൻഷൻ മാറ്റിവയ്ക്കപ്പെട്ട ശമ്പളമാണെന്നും അത് സർക്കാരുകളുടെ ഔദാര്യമല്ലെന്നും ഭാരതത്തിന്റെ പരമോന്നത നീതിപീഠം തന്നെ നിരീക്ഷിച്ചിട്ടുണ്ട്. പെൻഷൻ എന്നത് വിരമിക്കുന്ന ജീവനക്കാരുടെ അവകാശമാണെന്ന കാഴ്ചപ്പാടാണ് പങ്കാളിത്ത പെൻഷൻ പദ്ധതി തകർത്തെറിഞ്ഞത്. നിങ്ങൾ മുൻകൂട്ടി നിശ്ചിത വിഹിതം സർക്കാരിലേക്ക് നൽകിയാൽ സർക്കാർ വിഹിതം കൂടി ചേർത്ത് കുത്തക കോർപറേറ്റ് കമ്പനികളുടെ ഓഹരിയായി അത് നിക്ഷേപിക്കുമെന്നും ഓഹരി വിപണിയിലെ ലാഭനഷ്ട കണക്ക് അനുസരിച്ച് പെൻഷൻ അനുവദിക്കുന്നത് തീരുമാനിക്കാമെന്നുമുള്ള നിർദേശമാണ് അത് മുന്നോട്ടു വച്ചത്. ഏകീകൃത പെൻഷൻ പദ്ധതിയും ഈ നിലപാടു തന്നെയാണ് പിന്തുടരുന്നത് എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. 

ജീവിതത്തിന്റെ നല്ല കാലം മുഴുവൻ സർക്കാരിനു വേണ്ടി സേവനം ചെയ്തവർക്ക് ശിഷ്ടകാല ജീവിതത്തിന് ഭരണഘടനാനുസൃതമായി ലഭിക്കുന്ന അവകാശമാണ് പെൻഷനെങ്കിൽ അതിനെ തകർക്കുക എന്നത് മുതലാളിത്ത സമീപനമാണ്. എല്ലാം ലാഭത്തിന്റെ കണ്ണിലൂടെ കാണുന്നവരെ സംബന്ധിച്ചിടത്തോളം വിരമിക്കുന്നവർക്ക് വെറുതെ പണം കൊടുക്കുന്നത് ആലോചിക്കാനാവാത്ത കാര്യമാണ്. ഒന്നാം യുപിഎ സർക്കാർ പങ്കാളിത്ത പെൻഷൻ വ്യാപകമായി നടപ്പിലാക്കാൻ ശ്രമിച്ചപ്പോൾ അന്ന് ശക്തമായി എതിർത്തത് ഇടതുപക്ഷം ഉൾപ്പെടെ സർക്കാരിനെ പിന്തുണച്ച പുരോഗമന പ്രസ്ഥാനങ്ങളായിരുന്നു. അതിനാൽ ആഗ്രഹിച്ചതുപോലെ ർക്കാരിന് നടപ്പാക്കാൻ കഴിഞ്ഞില്ല. എന്നാൽ രണ്ടാം യുപിഎ സർക്കാർ 2009 ൽ പങ്കാളിത്ത പെൻഷൻ വ്യാപിപ്പിച്ചു. കേരളത്തിൽ അതിന്റെ ചുവടുപിടിച്ച് ഉമ്മൻ ചാണ്ടി സർക്കാർ സ്വീകരിച്ച നടപടികളും അതിനെതിരായി 2013ൽ ജീവനക്കാരും അധ്യാപകരും നടത്തിയ ഉജ്വല പണിമുടക്കും ചരിത്രമാണ്. എല്ലാ പ്രതിഷേധങ്ങളെയും അവഗണിച്ച് അവർ അത് നടപ്പിലാക്കി. ഇടതുപക്ഷമുന്നണി സർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന പ്രതീക്ഷ വളരെ ശക്തമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിനിടയിലാണ് ഏകീകൃത പെൻഷൻ പദ്ധതിയെന്ന പേരിൽ പങ്കാളിത്ത പെൻഷൻ പദ്ധതിയെ കുറച്ചുകൂടി മിനുക്കി അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. കേന്ദ്ര സർക്കാർ പുതിയതായി പ്രഖ്യാപിച്ച ഈ പദ്ധതിക്കെതിരെയും പ്രതിഷേധം ശക്തമാണ്. ദേശീയ തലത്തിലും സംസ്ഥാനത്തും ഏകീകൃത പെൻഷൻ സ്കീമിനെതിരെ പുരോഗമന പ്രസ്ഥാനങ്ങൾ എതിർപ്പ് അറിയിച്ചിട്ടുണ്ട്.
പെൻഷൻകാരോടുള്ള കേന്ദ്ര സർക്കാരിന്റെ സമീപനം വളരെ വ്യക്തമാണ്. യുപിഎ സർക്കാരാണെങ്കിലും എൻഡിഎ സർക്കാരാണെങ്കിലും തുടരുന്നത് മുതലാളിത്ത താൽപര്യമനുസരിക്കുന്ന സാമ്പത്തിക നയങ്ങളാണ്. അതുകൊണ്ടു തന്നെ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തി നിലപാട് തിരുത്തിക്കാൻ വലിയ പ്രക്ഷോഭം വേണ്ടിവരും. എന്നാൽ കേരളത്തിലെ ഇടതുപക്ഷ മുന്നണി സർക്കാർപോലും ഇക്കാര്യത്തിൽ പ്രതീക്ഷിക്കുന്ന തീരുമാനം കൈ ക്കൊള്ളുന്നില്ലെന്ന് മാത്രമല്ല, പങ്കാളിത്ത പെൻഷന്റെ പരിഷ്കൃത പദ്ധതികൾ ആവിഷ്കരിക്കുന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നാണ് മനസിലാക്കുന്നത്. ഏകീകൃത പെൻഷൻ പദ്ധതി കേരള സർക്കാരിന് നിലവിലുള്ള സമീപനം പരിശോധിച്ചാൽ ഒരാശ്വാസമായേക്കാം. പക്ഷേ, സർക്കാരിന് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കാനുള്ള ഉത്തരവാദിത്തവും ബാധ്യതയുമുണ്ട്. ഇടതുപക്ഷ മുന്നണിയുടെ പ്രകടനപത്രിക ആ ബാധ്യതയാണ് ഓർമ്മിപ്പിക്കുന്നത്. കേരളത്തിന്റെ പൊതു ധനസ്ഥിതിക്ക് താങ്ങാനാവാത്ത ബാധ്യതയാണ് ജീവനക്കാരുടെ ശമ്പളവും പെൻഷനും എന്നാണ് പൊതു സംസാരം. 2024 ഓഗസ്റ്റിൽ 3197 കോടി രൂപ ശമ്പളം ഇനത്തിൽ ചെലവായപ്പോൾ 2712 കോടി രൂപ പെൻഷൻ നൽകാൻ വേണ്ടി വന്നു. തുക വലുതായിരിക്കാമെങ്കിലും ഇതു രണ്ടും ഒഴിവാക്കാൻ കഴിയുന്ന ചെലവല്ലല്ലോ. സർക്കാരിന്റെ വികസന പദ്ധതികൾ ജനങ്ങളിലെത്താൻ ഉദ്യോഗസ്ഥർ വേണം. പെൻഷൻ പുരോഗമന സർക്കാരിന്റെ സാമൂഹിക ഉത്തരവാദിത്തമാണ്.
പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ കാര്യത്തിൽ മാത്രമല്ല, പെൻഷൻകാരോട് ഇടതുപക്ഷമുന്നണി സർക്കാർ പുലർത്തുന്ന പൊതു സമീപനം മെച്ചപ്പെടേണ്ടതുണ്ട് എന്ന വിമർശനം നിലനിൽക്കുന്നു. 2019 ജൂലൈ ഒന്നിന്റെ പ്രാബല്യത്തിൽ നടപ്പിലാക്കിയ പെൻഷൻ പരിഷ്കരണത്തിന്റെ കുടിശിക അർഹതപ്പെട്ടവർക്ക് ഇതുവരെ നൽകിയിട്ടില്ല. കൂടാതെ നിലവിൽ 19 ശതമാനം ക്ഷാമാശ്വാസവും കുടിശികയാണ്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച രണ്ട് ശതമാനം ക്ഷാമാശ്വാസമാണ് കഴിഞ്ഞ നാല് വർഷത്തിനിടയിൽ പെൻഷൻകാർക്ക് ലഭിച്ചിട്ടുള്ള ഏക നാമമാത്രമായ ആശ്വാസം. പക്ഷേ, അതിന്റെ കുടിശിക തുകയുടെ കാര്യം തഥൈവയാണ്. യുഡിഎഫ് സർക്കാരുകൾ മാത്രമാണ് ഇതിനു മുമ്പ് കുടിശികകൾ അനുവദിക്കാതെ നിഷേധിച്ചിട്ടുള്ളത്. 2024 ജൂലൈ ഒന്നാം തീയതിയായപ്പോൾ പെൻഷൻ പരിഷ്കരിച്ച് അഞ്ചു വർഷ കാലാവധിയായി. പുതിയ പെൻഷൻ പരിഷ്കരിക്കാനുള്ള കമ്മിഷനെ ചുമതലപ്പെടുത്തേണ്ട സമയമായിരിക്കുന്നു. എടുത്താൽ താങ്ങാത്തത്ര കുടിശികയുടെ ബാധ്യതകൾക്കിടയിൽ പുതിയ പെൻഷൻ പരിഷ്കരണമെന്ന ആവശ്യംപോലും ഉന്നയിക്കാനാവാതെ പെൻഷൻകാരാകട്ടെ മരവിച്ചു നിൽക്കുകയാണ്.
കേരള സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചമാകുമ്പോൾ കുടിശികകൾ തീർത്തു നൽകുമെന്നാണ് ഇതു സംബന്ധിച്ച് സിപിഐ നിയമസഭാ കക്ഷി നേതാവ് ഇ ചന്ദ്രശേഖരന് സബ്മിഷന് മറുപടിയായി ധനകാര്യമന്ത്രി 2023 ഫെബ്രുവരിയിൽ നിയമസഭയിൽ പറഞ്ഞത്. മുഖ്യമന്ത്രിയും ഇതുതന്നെ ആവർത്തിച്ചു പറയുന്നുണ്ട്. പക്ഷേ, പെൻഷൻകാർ കാത്തിരിക്കുന്നതല്ലാതെ ഫലമുണ്ടാകുന്നില്ല. പതിനായിരക്കണക്കായ പെൻഷൻകാർ ഇതിനിടയിൽ വാർധക്യ സഹജമായ കാരണങ്ങളാൽ മരിച്ചുകഴിഞ്ഞു. പെൻഷൻകാർ പൊതുവെ ചെറിയ വരുമാനക്കാരാണ്. അവരിൽ വളരെ കുറഞ്ഞ പെൻഷൻ മാത്രം വരുമാനമായിട്ടുള്ള ധാരളം പേരുണ്ട്. മരുന്നിനും ചികിത്സയ്ക്കും കിട്ടുന്ന തുക തികയുന്നില്ല. കേന്ദ്ര സർക്കാർ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിരന്തരം വർധിപ്പിച്ചതിനാൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന്റെ ആഘാതം ചെറുതല്ല. പെൻഷൻകാരുടെ കാര്യത്തിൽ അവരുടെ ഉയർന്ന പ്രായംകൂടി പരിഗണിച്ച് അവകാശങ്ങൾ അനുവദിച്ചു നൽകണമെന്ന് ഒരു പുരോഗമന സർക്കാരിനെ നിരന്തരം ഓർമ്മിപ്പിക്കേണ്ടിവരുന്നു എന്നത് ഒട്ടും ഭൂഷണവുമല്ല. 

കേരള സർക്കാരിന്റെ ഖജനാവിന്റെ സ്ഥിതി വളരെ മോശമാണ്. കേന്ദ്ര സർക്കാർ അർഹതപ്പെട്ട പണമൊന്നും അനുവദിക്കുന്നില്ല. കേരളത്തോട് ശത്രുതാമനോഭാവമാണ് സർക്കാർ വച്ചുപുലർത്തുന്നത്. എന്തിനേറെ പറയുന്നു, വയനാട് സംഭവിച്ച പ്രകൃതി ദുരന്തം പ്രധാനമന്ത്രി നേരിട്ട് വന്ന് സന്ദർശിച്ചുപോയ ശേഷം മാസങ്ങൾ കഴിഞ്ഞിട്ടും ഒരു ചില്ലിക്കാശിന്റെ ആനുകൂല്യം അനുവദിച്ചില്ല. അവിടെ ജീവൻ പൊലിഞ്ഞവരുടെ കുടുംബത്തിന് ആശ്വാസം നൽകാനും, എല്ലാം നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനും പക്ഷേ, ഒരു കുറവും വരാതെയാണ് കേരള സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങൾ മനസറിഞ്ഞ് സംഭാവന നൽകുന്നുണ്ട്. സ്റ്റേറ്റ് പെൻഷനേഴ്സ് കൗൺസിലും അഞ്ചു ലക്ഷം രൂപ ആദ്യഗഡുവായി നൽകി. ജീവനക്കാരും അധ്യാപകരും സാലറി ചലഞ്ച് ഏറ്റെടുത്തു. ഇതിനെയെല്ലാം തുരങ്കം വയ്ക്കാൻ യുഡിഎഫ്, ബിജെപി മേൽവിലാസമുള്ള സംഘടനകൾ നടത്തുന്ന ഹീനശ്രമവും കേരളം കാണുന്നുണ്ട്. കേന്ദ്ര സർക്കാർ മനുഷ്യത്വപരമായ സമീപനം കേരളത്തോട്, വിശേഷിച്ച് ഈ അവസരത്തിൽ വയനാടിനോട് കാണിച്ചേ പറ്റൂ.
കേന്ദ്ര സർക്കാർ പണം അനുവദിക്കാത്തതിന്റെ പേരിൽ പെൻഷൻകാരുടെ അവകാശങ്ങൾ കേരള സർക്കാർ തടഞ്ഞുനിർത്തുന്നത് ശരിയായ കാര്യമേ അല്ല. പെൻഷൻകാരിൽ പ്രായാധിക്യം വന്നവർ മറ്റൊരു വരുമാനവുമില്ലാതെ മരുന്നിനും ജീവിതച്ചെലവുകൾ നേരിടാനും വിഷമിക്കുകയാണ്. അവരുടെ കാര്യത്തിൽ സർക്കാർ മുൻഗണന നൽകണം. അസംഘടിത മേഖലയിലെ അറുപത് വയസ് കഴിഞ്ഞ 64 ലക്ഷം പേർക്ക് 1600 രൂപ വീതം ക്ഷേമ പെൻഷൻ നൽകുന്ന സർക്കാരാണിത്. ക്ഷേമ പെൻഷൻകാർക്ക് കുടിശിക നൽകിക്കൊണ്ടിരിക്കുകയുമാണ്. അവശ ജനങ്ങളുടെ ജീവിതത്തെ ചേർത്തുപിടിച്ച് സംരക്ഷിക്കുന്ന കേരള സർക്കാരിന് സർവീസ് പെൻഷൻകാരുടെ അവസ്ഥ നന്നായി അറിയാനാവും. അവർക്കു ലഭിക്കേണ്ട സാമ്പത്തിക അവകാശം പ്രധാനമാണെന്ന് സർക്കാരിന് അറിയാം. അത് പ്രാവർത്തികമാക്കാൻ സർക്കാർ സാമ്പത്തിക സഹായങ്ങളുടെ മുൻഗണനാ ക്രമത്തിൽ ഉൾപ്പെടണം.
ട്രഷറികളെ നേരിട്ട് ആശ്രയിച്ചാണ് ഭൂരിഭാഗം പെൻഷൻകാരും പെൻഷൻ കൈപ്പറ്റുന്നത്. എന്നാൽ ട്രഷറികളുടെ ഭൗതികാന്തരീക്ഷമോ ജീവനക്കാരുടെ സമീപനമോ പ്രായമേറിയ ഈ വിഭാഗങ്ങളോട് സൗഹാർദം പുലർത്തും വിധമല്ല. പെൻഷൻകാർക്ക് പഴയ സഹപ്രവർത്തകരെ കണ്ടുമുട്ടുമ്പോൾ സൗഹൃദം പകരാനാവും വിധം ആനന്ദപ്രദമായ അന്തരീക്ഷം പ്രദാനം ചെയ്യാനും സർക്കാരിന്റെ ശ്രദ്ധ പതിയണം .

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.