ആണവശേഷി ഉള്‍പ്പെടെ പ്രയോജനപ്പെടുത്തിയുള്ള യുദ്ധത്തിന് ചെെന തയ്യാറെടുക്കുകയാണെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ട്. ആണവായുധങ്ങളും യുദ്ധകാല സന്നാഹങ്ങളും ചെെന അതിവേഗം വര്‍ധിപ്പിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ പ്രവര്‍ത്തനക്ഷമമായ 600 ആണവ ബോംബുകളാണ് ചെെനയ്ക്കുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 500 ആയിരുന്നു. 2030 ഓടെ ഇത് 1000 ത്തിലെത്തിക്കാനാണ് ശ്രമമെന്നും 2035ല്‍ അമേരിക്കയുടെ പ്രവർത്തനക്ഷമമായ ആണവ ബോംബുകളുടെ എണ്ണത്തെ മറികടക്കാനുമാണ് ചെെനയുടെ ലക്ഷ്യം. നിലവിൽ യുഎസിലേക്ക് എത്താൻ കഴിയുന്ന 400 ദീര്‍ഘ ദൂര ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും (ഐസിബിഎം) ഇന്ത്യ, ഫിലിപ്പീന്‍സ്, ജപ്പാന്‍ എന്നീ രാജ്യങ്ങൾക്കെതിരെ പ്രയോഗിക്കാൻ കഴിയുന്ന 1,300 മധ്യദൂര മിസൈലുകളും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കെെവശമുണ്ടെന്നും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.
ആണവായുധങ്ങള്‍ സംഭരിക്കുന്നതിനായി മൂന്ന് പുതിയ കേന്ദ്രങ്ങളും ചെെന നിര്‍മ്മിച്ചു. കൂടാതെ 550 ഐസിബിഎം ലോഞ്ചറുകളും നിലവിലുണ്ട്. യുഎസിനേക്കാള്‍ കൂടുതല്‍ ഐസിബിഎം ലോഞ്ചറുകളാണ് ചെെനയ്ക്കുള്ളത്. കൂടാതെ ഡിഎഫ് ‑31 എ ഐസിബിഎം, ഡിഎഫ് ‑5 ദ്രവ ഇന്ധന മിസൈലുകളുടെയും എണ്ണം വര്‍ധിപ്പിച്ചു. ആണവായുധങ്ങളുടെ എണ്ണം വർധിപ്പിക്കുക മാത്രമല്ല, അവയെ വൈവിധ്യവല്‍ക്കരിക്കുകയും കൂടുതല്‍ മാരകമാക്കാനുള്ള തീവ്രശ്രമം നടത്തുകയും ചെയ്യുന്നുണ്ടെന്ന് പെന്റഗണ്‍ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ നാവികസേന ചെെനയ്ക്കാണെന്നും അതിന്റെ ശേഷി വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളാണ് നിലവില്‍ നടക്കുന്നതെന്നും പെന്റഗൺ അഭിപ്രായപ്പെടുന്നു. ആണവശക്തിയുള്ള ആറ് ബാലിസ്റ്റിക് മിസെെല്‍ അന്തര്‍വാഹിനികള്‍, ആറ് ആക്രമണ അന്തര്‍വാഹിനികള്‍, എഐപി സാങ്കേതികവിദ്യ ഘടിപ്പിച്ച 48 ഡീസൽ അന്തർവാഹിനികൾ എന്നിവയും നാവികസേനയ്ക്കുണ്ട്. അടുത്ത വർഷം അവസാനത്തോടെ ചൈനയുടെ അന്തർവാഹിനി കപ്പൽ 65ആയും 2035 ആകുമ്പോഴേക്കും 80ആയും വർധിപ്പിക്കാന്‍ കഴിയുമെന്ന് റിപ്പോർട്ട് പറയുന്നു. സമീപഭാവിയിൽ ചൈനയുടെ നാവിക മേധാവിത്വം വെല്ലുവിളിക്കപ്പെടാതെ തുടരുമെന്ന് ഉറപ്പാക്കാനാണ് ഈ നീക്കം. പ്രത്യേകിച്ച് ദക്ഷിണ ചൈനാ കടലിൽ.
ചൈന കൃത്രിമ ദ്വീപുകൾ നിർമ്മിക്കുകയും അയൽരാജ്യങ്ങളായ ഫിലിപീൻസിനെയും ജപ്പാനെയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നും സമീപഭാവിയിൽ തായ്‌വാൻ പിടിച്ചെടുക്കാൻ ഉദ്ദേശിക്കുന്നതായും റിപ്പോർട്ട് അവകാശപ്പെടുന്നു. ചൈനയുടെ കൈവശം നിലവിൽ 370 യുദ്ധക്കപ്പലുകളുണ്ടെന്നും 2025 അവസാനത്തോടെ 395 യുദ്ധക്കപ്പലുകളും 2030 ഓടെ 435 യുദ്ധക്കപ്പലുകളും എത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ചൈനയുടെ വ്യോമസേന, യുഎസ് എയർഫോഴ്‌സിന് തുല്യമല്ലെങ്കിലും, നൂതന യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉൾപ്പെടുത്തിക്കൊണ്ട് അതിവേഗം പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും പെന്റഗണ്‍ കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.