21 January 2026, Wednesday

ബിനാലെയിലേക്ക് ജനപ്രവാഹം: ഒരുമാസത്തിനിടെ എത്തിയത് 2.4 ലക്ഷം പേർ

Janayugom Webdesk
കൊച്ചി
January 22, 2023 10:31 pm

ഒരുമാസം പിന്നിടുമ്പോൾ കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പ് ആസ്വദിക്കാൻ ഇതുവരെയെത്തിയത് 2,40,000ത്തിൽപരം ആളുകൾ. വിദേശത്തും പുറം സംസ്ഥാനങ്ങളിലും നിന്നുൾപ്പെടെ സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവർ സമകാലീന കലയുടെ മഹാമേളയിലേക്ക് പ്രവഹിച്ചു. പ്രവൃത്തി ദിവസങ്ങളിലും അനുഭവപ്പെടുന്ന ആൾത്തിരക്ക് ഈ പതിപ്പിന്റെ സവിശേഷതയായി. 

കല അതിന്റെ സമസ്ത തലങ്ങളിലും ജനകീയമാക്കാൻ കൊച്ചി ബിനാലെക്ക് കഴിഞ്ഞു എന്നതാണ് വർധിതമാകുന്ന ജനപങ്കാളിത്തം തെളിയിക്കുന്ന പരമപ്രധാനവും പ്രസക്തവുമായ വസ്തുതയെന്നു ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു.
വരേണ്യത ഉൾപ്പെടെ എല്ലാവിധ അതിരുകളും ബിനാലെ മായ്ച്ചുകളയുന്നു. ആർട്ട് ഗ്യാലറികളിൽ നിന്ന് സാധാരണക്കാരെ പിന്നോട്ടുവലിക്കുന്ന വരേണ്യതയുടെ പ്രതിച്ഛായ ബിനാലെയിൽ ഇല്ല. മാത്രമല്ല അത്തരം പ്രവണതകളെ ഇത് നിരാകരിക്കുകയും ചെയ്യുന്നു. എല്ലാതരക്കാർക്കും ഒത്തുചേരാനും ഭാഗഭാക്കാകാനും ഇടം ഒരുക്കിയതായും ബോസ് കൃഷ്ണമാചാരി പറഞ്ഞു.
ബഡ്സ് സ്കൂൾ മുതൽ വിവിധ സംസ്ഥാനങ്ങളിലെ പ്രൊഫഷണൽ വിദ്യാർത്ഥികളും ഐഎഎസ് ട്രെയിനികളും ജനപ്രതിനിധികൾ, ചിന്തകർ, അക്കാദമീഷ്യന്മാർ വിവിധരംഗങ്ങളിലെ പ്രമുഖർ, ഉയർന്ന ഉദ്യോഗസ്ഥർ, ആർട്ട് കളക്ടർമാർ, കലാവിദഗ്ധർ എന്നിവരെല്ലാം ബിനാലെയുടെ ഭാഗമായി. കബ്രാൾ യാർഡിൽ കഴിഞ്ഞ ആറിന് തുറന്ന ബിനാലെ പവലിയൻ കാണാൻ നിരവധി പേരാണ് എത്തുന്നത്. 

ലോകപ്രശസ്ത വാസ്തുശില്പി സമീര രാത്തോഡ് രൂപകല്പന ചെയ്‍ത 4000 ചതുരശ്ര അടി വിസ്തൃതിയിലുള്ള വിസ്മയക്കാഴ്ച നാശാവശിഷ്ടങ്ങളുടെ സാധ്യതകളിലേക്ക് വാതിൽ തുറക്കുന്നു.
കബ്രാൾ യാർഡിൽ എബിസി പ്രോജക്ടിലെ ആർട്ട് റൂമുകളിൽ ദിവസേന നടക്കുന്ന വിവിധ ശില്പശാലകളിൽ പങ്കാളികളാകാനും തിരക്കേറെ. ഇവിടെ ആരംഭിച്ച തുറസായ വായനശാലയും ആകർഷകം. വിവിധഭാഷകളിലെ വർണ്ണചിത്ര പുസ്തകങ്ങൾ വായനയ്ക്ക് ലഭ്യമാണിവിടെ. വാമൊഴി കഥകളുടെ ആഖ്യാനങ്ങളുൾപ്പെടെ ആയിരത്തോളം പുസ്തകങ്ങൾ ‘കാക്കക്കൂട് — മരച്ചോട്ടിലെ വായന’ എന്ന വായനാ ഇടത്തിലുണ്ട്. 

രാജ്യത്തെ 22 സംസ്ഥാനങ്ങളിലെ കലാപഠന സ്ഥാപനങ്ങളിൽ നിന്നുള്ള 51 അവതരണങ്ങൾ അണിനിരത്തിയ സ്റ്റുഡന്റസ് ബിനാലെയുടെ നാലുവേദികളും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുന്നു. മട്ടാഞ്ചേരി വികെഎൽ വെയർഹൗസ്, അർമാൻ ബിൽഡിങ്, കെവിഎൻ ആർക്കേഡ്, ട്രിവാൻഡ്രം വെയർഹൗസ് എന്നിവയാണ് കോ ലാബ്സ് എന്ന് പേരിട്ട സ്റ്റുഡന്റസ് ബിനാലെ വേദികൾ. ബിനാലെയുടെ പത്താം വാർഷിക വേളയിലെ പുതുമയായ കേരളത്തിലെ മലയാളി കലാകാരന്മാർക്കു മാത്രമായി ഒരുക്കിയ ‘ഇടം’ എന്നുപേരിട്ട എറണാകുളം ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിലെ പ്രദർശനം ഉള്ളടക്കത്തിലെ മികവുകൊണ്ട് ആസ്വാദക ശ്രദ്ധ ആകർഷിക്കുന്നു. മികച്ച 34 സമകാല കലാകാരൻമാരുടെ ഇരുന്നൂറോളം സൃഷ്ടികൾ പ്രദർശനത്തിനുണ്ട്. 

Eng­lish Sum­ma­ry: Peo­ple flock to the Bien­nale: 2.4 lakh peo­ple came in a month

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.