ലോക്‌സഭാ തെരഞ്ഞെടുപ്പ് രാജ്യത്തുടനീളം കള്ളപ്പണത്തിന്റെ മാമാങ്കമാക്കി മാറ്റാന്‍ ബിജെപി ശ്രമം നടക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. കള്ളപ്പണവും ബിജെപിയുമായി അഭേദ്യമായ ബന്ധമാണുള്ളതെന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇലക്ടറല്‍ ബോണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഇലക്ടറല്‍ ബോണ്ടിനെതിരെയുള്ള സുപ്രീം കോടതി തീരുമാനം വഴി കള്ളപ്പണം തിരിച്ചുവരുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സങ്കടപ്പെടുന്നത്. കള്ളപ്പണം ഇല്ലാതാക്കാനുള്ള മന്ത്രവിദ്യയാണ് ഇലക്ടറല്‍ ബോണ്ട് എന്നാണ് അന്നും ഇന്നും ബിജെപി സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. കള്ളപ്പണത്തിന്റെ മഹോത്സവത്തിലൂടെ സ്വന്തം സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപി ഇടക്കിടെ കള്ളപ്പണത്തെക്കുറിച്ച് പറയാറുണ്ട്. നരേന്ദ്രമോഡിയുടെ ആദ്യത്തെ ഗ്യാരന്റി വിദേശ രാജ്യങ്ങളിലുള്‍പ്പെടെ രഹസ്യമായി നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണമെല്ലാം തിരിച്ചുകൊണ്ടുവന്ന് 15 ലക്ഷം രൂപ വീതം എല്ലാവരുടെയും അക്കൗണ്ടുകളില്‍ എത്തിക്കും എന്നതായിരുന്നു. ആ ഗ്യാരന്റിക്ക് എന്ത് സംഭവിച്ചുവെന്ന് എല്ലാവര്‍ക്കുമറിയാം. അത് തെളിയിക്കുന്നുണ്ട്, എന്താണ് മോഡിയെന്നും എന്താണ് ബിജെപിയുടെ പാരമ്പര്യമെന്നും.
ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട ഇടപെടലുകളിലൂടെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പോലെ മഹത്തായ പ്രസ്ഥാനത്തിന്റെ എല്ലാ സാമൂഹ്യപദവിയും അന്തസും നരേന്ദ്രമോഡി തകര്‍ത്തെറിഞ്ഞിരിക്കുന്നു. എസ്ബിഐ ബിജെപിയുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള വാഷിങ് മെഷീന്‍ ആയി മാറിയിരിക്കുന്നു. സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ ഉണ്ടായിട്ടും ഇലക്ടറല്‍ ബോണ്ടിന്റെ പിന്നിലുള്ള കഥകള്‍ പുറത്തുപറയാതിരിക്കാന്‍ എസ്ബിഐ എത്രമാത്രം പാടുപെട്ടുവെന്നത് നാം അത്ഭുതത്തോടെ കണ്ടതാണ്. ബിജെപിയുടെ കയ്യിലെ കളിപ്പാവയായി എസ്ബിഐയെ മാറ്റി. ഇതുപോലെ അപഹാസ്യമായ ദയനീയമായ നിലയിലേക്ക് എടുത്തെറിയുക വഴി സമ്പദ്ഘടനയുടെ എല്ലാ ശക്തിപ്രഭാവങ്ങളെയും തകര്‍ക്കാന്‍ മടിക്കാത്ത പാര്‍ട്ടിയാണ് ബിജെപിയെന്ന് വ്യക്തമാകുന്നു.
ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട് നടന്നത് വളരെ ആസൂത്രിതമായ നീക്കമായിരുന്നുവെന്ന് ഇതിനോടകം പുറത്തുവന്ന വിവരങ്ങളിലൂടെ വ്യക്തമായി. ആദ്യം ഇഡി വരും, പരിശോധന നടത്തും. പിന്നാലെ തന്നെ കമ്പനികള്‍ ഇലക്ടറല്‍ ബോണ്ട് വാങ്ങും. ആ പണമെല്ലാം ആര്‍ക്കാണ് പോയതെന്ന് എല്ലാവര്‍ക്കും അറിയാം. ഇഡി-സ്റ്റേറ്റ് ബാങ്ക്-ഇലക്ടറല്‍ ബോണ്ട്-ബിജെപി എന്ന റൂട്ട് ഉണ്ടാക്കി. കോവിഡ് കാലത്ത് വാക്സിനിലൂടെ കോടിക്കണക്കിന് രൂപ ലാഭമുണ്ടാക്കിയ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്ന സ്വകാര്യ കമ്പനി ഒരുദാഹരണമാണ്. 2022 ഓഗസ്റ്റ് ഒന്നിനും രണ്ടിനും 12നുമായി മൂന്ന് തവണയാണ് കമ്പനി ബോണ്ട് വാങ്ങിയത്. ഇതിന് തൊട്ടുമുന്നിലുള്ള ദിവസങ്ങളില്‍ അവിടെ ഇഡിയുടെ പരിശോധന നടന്നിരുന്നു. ഇഡിയും എസ്ബിഐയുമെല്ലാം ഗവണ്‍മെന്റിന്റെ രാഷ്ട്രീയ ഇച്ഛകള്‍ക്ക് വേണ്ടിയുള്ള ഉപകരണമായി മാറിയിരിക്കുകയാണ്. സാമ്പത്തിക രംഗത്തെ ക്രിമിനല്‍ കുറ്റവാളികള്‍, അവരെ ഭയപ്പെടുത്തുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍, ഭയപ്പാടിന്റെ തൊട്ടടുത്ത ദിവസം ബോണ്ട് വാങ്ങല്‍, അതിലെ വലിയൊരു പങ്കും ബിജെപിയുടെ മടിശീലയിലേക്ക് പോകല്‍ ഇതാണ് നടന്നുകൊണ്ടിരിക്കുന്നത്. അമിത് ഷാ കരഞ്ഞത് കേട്ട് ജനങ്ങളൊക്കെ ചിരിക്കും. കള്ളപ്പണമില്ലെങ്കില്‍ ബിജെപിയില്ല. തൃശൂരില്‍ ബിജെപിയുടെ കള്ളപ്പണവുമായി പോയ വാഹനം തടഞ്ഞ് പണം തട്ടിക്കൊണ്ടുപോയി. എന്നിട്ടും ബിജെപിക്ക് കുലുക്കമില്ലായിരുന്നു.
ഇലക്ഷന്‍ കമ്മിഷനും ഇപ്പോള്‍ പല്ലുകൊഴിഞ്ഞ സിംഹമാണ്. ബിജെപിയുടെ തത്തയാക്കി മാറ്റിയ ഇലക്ഷന്‍ കമ്മിഷനും ഇതില്‍ ഇടപെടുമെന്ന് പ്രതീക്ഷയില്ല.
രാഷ്ട്രീയ നൈതികയുടെ മഹത്വമുള്ളത് ഇടതുപക്ഷത്തിന് മാത്രമാണ്. ഇലക്ടറല്‍ ബോണ്ടുമായി ബന്ധമില്ലാത്ത, പണം കണ്ടാല്‍ കണ്ണ് മഞ്ഞളിക്കാത്ത പാര്‍ട്ടികള്‍ സിപിഐയും സിപിഐഎമ്മും ഉള്‍പ്പെടുന്ന ഇടതുപക്ഷമാണ്. എന്തുവില കൊടുത്തും ഇരുണ്ട ശക്തികളെ പരാജയപ്പെടുത്താനുള്ള പോരാട്ടമാണിത്. ജനങ്ങളുടെ ജീവിതപ്രശ്നങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്യാമ്പയിനും നീതിപൂര്‍വമായ തെരഞ്ഞെടുപ്പും നടന്നാല്‍ മോഡി വീണ്ടും അധികാരത്തില്‍ വരില്ല. ചീത്തപ്പണത്തിന്റെ കുത്തൊഴുക്കില്‍ നിന്ന് തെരഞ്ഞെടുപ്പിനെയും അതുവഴി രാജ്യത്തെയും രക്ഷിക്കാനുള്ള ഇടപെടലുകള്‍ നടത്തണമെന്നും ജാഗ്രത കാണിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
English Summary:People should be vigilant against influx of black money: Binoy Vishwam
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.