24 December 2024, Tuesday
KSFE Galaxy Chits Banner 2

കാര്‍ഷിക വിപണി കീഴടക്കാന്‍ പേരാമ്പ്ര ബ്രാന്‍ഡ് ഉല്പന്നങ്ങള്‍

കെ കെ ജയേഷ് 
കോഴിക്കോട്
September 6, 2024 9:04 pm

കാർഷിക വിപണി കീഴടക്കാൻ കൂടുതൽ ഉത്പന്നങ്ങളുമായി പേരാമ്പ്ര ഗ്രാമപഞ്ചായത്തും കൃഷിഭവനും. സ്വന്തമായി ഉത്പാദിപ്പിച്ച ഔഷധഗുണമുള്ള രക്തശാലി ഇനം നെല്ല് അരിയാക്കി പേരാമ്പ്ര റൈസ് എന്ന ബ്രാന്റിൽ വിപണിയിലെത്തിച്ചതിന് പിന്നാലെ പേരാമ്പ്ര ഫ്ലവേഴ്സും വിപണിയിലെത്തി. 

മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ചെണ്ടുമല്ലികളാണ് ബ്രാന്റ് നെയിമിൽ പുറത്തിറങ്ങിയത്. ഈ വർഷം അവസാനത്തോടെ പേരാമ്പ്രയുടെ സ്വന്തം ഇരുപതോളം ബ്രാന്റുകൾ വിപണിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗ്രാമപഞ്ചായത്തും കൃഷിഭവനും. ചുക്കുകാപ്പി, മഞ്ഞൾപ്പൊടി, കൂവപ്പൊടി, കൂൺ തുടങ്ങിയ ഇരുപതോളം ഉത്പന്നങ്ങളാണ് അടുത്ത ഘട്ടമായി പേരാമ്പ്ര ബ്രാന്റ് നെയിമിൽ വിപണിയിലെത്തിക്കുക. രക്തശാലി അരിയ്ക്ക് പിന്നാലെ ജാസ്മിൻ ബ്ലാക്ക് റൈസ് കൂടി ബ്രാന്റ് ചെയ്ത് വിപണിയിലെത്തിക്കാനും തീരുമാനമുണ്ടെന്ന് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ് പറഞ്ഞു. 

ശരീരത്തിന് ആവശ്യമായ കൂടുതൽ പോഷകങ്ങൾ കൂടുതലുണ്ട് എന്നതാണ് ഈ ഇനം അരിയുടെ പ്രത്യേകത. ആന്റി ഓക്സിഡന്റുകൾ വളരെ കൂടുതലായ അരി ഉദര രോഗങ്ങൾ, അണുബാധ എന്നിവയെ ചെറുക്കാൻ സഹായിക്കും. ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാനും ഈ അരി സഹായകരമാണ്. ഉത്പന്നങ്ങളുടെ വിപണനം സാധ്യമാക്കാനുള്ള അഗ്രിഗേറ്റർ കിയോസ്ക് സ്ഥാപിക്കാനുള്ള പ്രവർത്തനം നടന്നുവരികയാണെന്നും വി കെ പ്രമോദ് വ്യക്തമാക്കി. 

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ആത്മ സീഡ് മണി ഫണ്ട് ഉപയോഗിച്ചാണ് അഞ്ച് ഏക്കറിൽ ചെണ്ടുമല്ലി വിളയിച്ചത്. സംസ്ഥാനത്ത് പലയിടങ്ങളിലും ഓണക്കാലത്ത് പൂക്കൃഷികൾ നടക്കുന്നുണ്ടെങ്കിലും ഒരു ബ്രാന്റ് നെയിമിൽ അത് വിപണിയിലെത്തിക്കുന്ന രീതി ഉണ്ടായിട്ടില്ല. പേരാമ്പ്ര റൈസ് ബ്രാന്റിന്റെ വിജയമാണ് ഇത്തരമൊരു നടപടിയിലേക്ക് ഉത്പാദകരെ എത്തിച്ചത്. ലാഭം മുഴുവൻ കർഷകർക്ക് ലഭിക്കുന്ന വിധത്തിലാണ് വിപണന രീതികൾ. ബ്രാന്റ് നെയിമിൽ ഉത്പന്നങ്ങൾ പുറത്തിറക്കി കർഷകരുടെ ജീവിത നിലവാരം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കാർഷിക മേഖലയെ വൈവിധ്യവത്ക്കരണത്തിലേക്ക് കൊണ്ടുപോകാതെ മുന്നോട്ട് പോകാനാവില്ലെന്നും ബ്രാന്റിംഗ് പുതിയ വിപണി സാധ്യതകളാണ് തുറന്നു നൽകിയിട്ടുള്ളതെന്നും കർഷകർ വ്യക്തമാക്കുന്നു. 

കേരളത്തിൽ നിന്ന് അന്യം നിന്നുപോകുന്നതും വളരെയധികം ഔഷധ ഗുണമുള്ളതുമായ പരമ്പരാഗത നെല്ലിനങ്ങളെ സംരക്ഷിക്കാനായി കൃഷി ഭവനും പഞ്ചായത്തും നടപ്പിലാക്കിയ പരമ്പരാഗത നെല്ല് പ്രോത്സാഹന പദ്ധതി വലിയ ശ്രദ്ധ നേടിയെടുത്തിരുന്നു. തുടർന്നാണ് കിലോയ്ക്ക് 300 രൂപ വരെ വിലയുള്ള രക്തശാലി അരി 200 രൂപയ്ക്ക് വിൽപന നടത്തിയത്. ജില്ലയിലെ കൃഷി ഭവനുകളിലും സൂപ്പർ മാർക്കറ്റുകളിലും വിൽപ്പനയ്ക്കെത്തിച്ച അരിയ്ക്ക് മറ്റു ജില്ലകളിൽ നിന്നും ആവശ്യക്കാരുണ്ടായി. രണ്ടാം ഘട്ടമായി ജനകീയ കൂട്ടായ്മയിൽ കൃഷി കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിച്ചു. കൂടുതൽ ഉത്പന്നങ്ങൾ വിപണിയിലെത്തിച്ച് കാർഷിക പ്രതിസന്ധി മറികടക്കാൻ പുതിയ മാതൃകകൾ തേടുകയാണ് ഗ്രാമപഞ്ചായത്തും കൃഷി ഭവനും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.