16 November 2024, Saturday
KSFE Galaxy Chits Banner 2

വെറുമൊരു പേരല്ല പേരറിവാളന്‍

Janayugom Webdesk
May 20, 2022 5:00 am

സ്വാതന്ത്ര്യത്തിന്റെ ജീവവായു ആസ്വദിച്ച് ശ്വസിക്കട്ടെയെന്നായിരുന്നു ചെന്നൈയിലെ പുഴൽ സെൻട്രൽ ജയിലിൽ നിന്ന് മോചിതനായ പേരറിവാളന്‍ ആദ്യമായി പ്രതികരിച്ചത്. പേരറിവാളനെന്നത് തടവറയുടെ പാരതന്ത്ര്യം മാത്രമല്ല സ്വാതന്ത്ര്യത്തിന്റെ ശ്വാസവായു പോലും നിഷേധിക്കപ്പെട്ട ഒരു മനുഷ്യന്റെ പേരല്ലിപ്പോള്‍. തലക്കെട്ടുകളില്‍‍ ആ പേരു നിറഞ്ഞു തുടങ്ങിയിട്ട് നീണ്ട 31 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇനിയുള്ള കുറച്ചുനാളുകളിലും അതങ്ങനെ തുടര്‍ന്നെന്നുമിരിക്കും. തമിഴ്‌നാട്ടിലെ ജോലാര്‍പേട്ടില്‍ ജനിച്ച് എന്‍ജിനീയറിങ് ഡിപ്ലോമ നേടി തൊഴിലന്വേഷകനായിരുന്ന 19 കാരന്‍ പേരറിവാളന് രാജീവ് ഗാന്ധി വധക്കേസില്‍ പ്രതിയായാണ് കാരാഗൃഹവാസം അനുഭവിക്കേണ്ടിവന്നത്. രണ്ട് ബാറ്ററികള്‍ വാങ്ങി നല്കിയെന്നതായിരുന്നു പേരറിവാളനെന്ന 19കാരനുമേല്‍ ചുമത്തപ്പെട്ട കുറ്റം. എന്താവശ്യത്തിനെന്നറിയാതെയായിരുന്നു ബാറ്ററികള്‍ വാങ്ങി നല്കിയതെന്ന പേരറിവാളന്റെ മൊഴി രേഖപ്പെടുത്താതെയാണ് അവനെ പ്രതിയാക്കിയത്. ഇക്കാര്യം സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായ ത്യാഗരാജന്‍ 2017ല്‍ തുറന്നുപറയുമ്പോഴേയ്ക്കും പേരറിവാളന്റെ ജയില്‍ ജീവിതത്തിന് 26 വര്‍ഷം പൂര്‍ത്തിയായിരുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ തടവറ ജീവിതം അവസാനിച്ചില്ല. പേരറിവാളന്റെ അമ്മ അര്‍പുതം അമ്മാള്‍ നടത്തിയ നിയമയുദ്ധം പരമോന്നത കോടതി വരെയെത്തി. അങ്ങനെയാണ് 31 വര്‍ഷത്തെ തടവറ ജീവിതത്തില്‍ നിന്ന് പേരറിവാളന് പുറത്തിറങ്ങാനായിരിക്കുന്നത്. ഇന്ത്യയുടെ നീതിന്യായ സംവിധാനത്തിലും രാഷ്ട്രീയ സാമൂഹ്യ മണ്ഡലത്തിലും ഇന്ന് പേരറിവാളന്‍ എന്നത് നിരവധി ചോദ്യങ്ങളും അതിനപ്പുറം വെല്ലുവിളിയുമാണ്. ഗവേഷണവിഷയമാക്കാവുന്ന ഒന്നാണ് പേരറിവാളന്റെ ജീവിതവും അദ്ദേഹവും അമ്മയും നടത്തിയ നിയമയുദ്ധവും. വൈകുന്ന നീതി മരണത്തിനു തുല്യമാണെന്നത് പറഞ്ഞു പഴകിയ വാക്യം മാത്രമാണ് ഇന്നുമെന്ന് ഒരിക്കല്‍കൂടി ഓര്‍മപ്പെടുത്തുകയാണത്. വധശിക്ഷ പ്രാകൃത സമൂഹത്തിന്റെ ശിക്ഷാവശിഷ്ടമാണെന്നും അത് അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞുവെന്നുമുള്ള സിപിഐ ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടികളുടെയും മനുഷ്യാവകാശ സംഘടനകളുടെയും ആവശ്യത്തിന് പേരറിവാളന്‍ കേസ് വീണ്ടും ശക്തിയേകുന്നുണ്ട്.


ഇതുകൂടി വായിക്കാം; കിരാത നിയമം മരവിപ്പിച്ചത് സ്വാഗതാര്‍ഹം


വധശിക്ഷാവിധി പ്രഖ്യാപനവും അത് നടപ്പിലാക്കുന്നതിന് മുമ്പുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയാകുമ്പോഴേയ്ക്കും പേരറിവാളന് ജയിലില്‍ നഷ്ടമായത് 23 വര്‍ഷങ്ങള്‍. 1998ല്‍ വിചാരണക്കോടതിയുടെ വധശിക്ഷാവിധി, 99ല്‍ പരമോന്നത കോടതി ശരിവയ്ക്കുന്നു. പിന്നെ വധശിക്ഷ നടപ്പിലാക്കുന്നതിനിടയിലെ നടപടിക്രമം ദയാഹര്‍ജിയാണ്. അതിന്റെ തീര്‍പ്പിന് 2011 വരെയുള്ള കാത്തിരിപ്പ്. കാലതാമസത്തിനെതിരായ ഹര്‍ജി സുപ്രീം കോടതിയില്‍. 2014ല്‍ ദയാഹര്‍ജി തീര്‍പ്പാകുന്നതിലുണ്ടായ കാലതാമസം പരിഗണിച്ച് പരമോന്നത കോടതി വധശിക്ഷ ജീവപര്യന്തം തടവായി ഇളവ് ചെയ്യുന്നു. നീതി നല്കേണ്ട പലരില്‍ നിന്നും അതു ലഭിക്കാതെ പോയി. കോടതികള്‍ യഥാസമയം അതുനല്കിയില്ല. ഭരണഘടനാസംവിധാനമായ ഗവര്‍ണറില്‍ നിന്ന് യഥാസമയം നീതി ലഭിച്ചില്ലെന്നുമാത്രമല്ല അനാവശ്യമായി വൈകിപ്പിക്കുന്നതിനുള്ള നടപടിയാണുണ്ടായത്. പരമോന്നത കോടതി ആ കാലവിളംബത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. പേരറിവാളനോട് വിവേചനം കാണിക്കുന്നുവെന്നായിരുന്നു പരമോന്നത കോടതിയുടെ വിമര്‍ശനം. യഥാര്‍ത്ഥത്തില്‍ താന്‍ ഗവര്‍ണറായ സംസ്ഥാനത്തെ പൗരനോട് വിവേചനം കാട്ടിയെന്ന സുപ്രീം കോടതിയുടെ വിമര്‍ശനം ആ സ്ഥാനത്തിരിക്കുവാനുള്ള ധാര്‍മികമായ അവകാശത്തെ വെല്ലുവിളിക്കുന്നതാണ്. അങ്ങനെയങ്ങനെ വൈകി ലഭിച്ചൊരു നീതിയാണ് പേരറിവാളന്റെ 31 വര്‍ഷത്തിനുശേഷമുള്ള ജയില്‍മോചനം. അന്വേഷണ സംവിധാനങ്ങളുടെ ഭരണ — രാഷ്ട്രീയ യജമാനന്മാരോടുള്ള വിധേയത്വവും പക്ഷപാതിത്വവും അതിനായുള്ള ക്രമവിരുദ്ധതയും ചൂണ്ടിക്കാട്ടുന്നുണ്ട് പേരറിവാളന്റെ കുറ്റവാളിപ്പട്ടവും ജയില്‍ജീവിതവും. അതാണ് ത്യാഗരാജന്‍ എന്ന സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ 2017ല്‍ നടത്തിയ കുറ്റസമ്മതത്തിലൂടെ വ്യക്തമാകുന്നത്. കീഴ്‌ക്കോടതികള്‍ മുതല്‍ പരമോന്നത കോടതിവരെ, ഗവര്‍ണര്‍ മുതല്‍ രാഷ്ട്രപതിവരെ പേരറിവാളന്റെ അമ്മ അര്‍പുതം അമ്മാള്‍ പുറത്തും പേരറിവാളന്‍ ജയിലിനകത്തുമായി നടത്തിയ നിയമപോരാട്ടം നീണ്ടുനീണ്ടുപോയി. തമിഴ്‌നാട്ടിലെ മൂന്നു മുഖ്യമന്ത്രിമാര്‍ അവരില്‍ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് പേരറിവാളന്റെ വിമോചനത്തിനായി ശ്രമം നടത്തി. പല തട്ടുകളില്‍ അത് കുരുങ്ങി നടക്കാതെ പോയി. ഒടുവില്‍ ഭരണഘടന നല്കുന്ന പ്രത്യേകാധികാരം ഉപയോഗിച്ച് സുപ്രീം കോടതി 31 വര്‍ഷത്തെ പേരറിവാളന്റെ തടവറജീവിതത്തിന് വിരാമമിടുകയായിരുന്നു. ചില അധികാരങ്ങള്‍ ഉപയോഗിക്കാനുള്ളതാണെന്ന് പരമോന്നത കോടതി കാട്ടിത്തരികയായിരുന്നു ഇതിലൂടെ. അതുകൊണ്ടുതന്നെ പേരറിവാളനെന്നത് മനുഷ്യാവകാശ ലംഘനത്തിന്റെ, നിയമവ്യവസ്ഥയുടെ കാലവിളംബത്തിന്റെ, ഗവര്‍ണര്‍, രാഷ്ട്രപതി ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ നിരുത്തരവാദിത്തത്തിന്റെ, എല്ലാത്തിനുമപ്പുറം നിസഹായ മനുഷ്യരുടെ പ്രതീകമായ ഒരമ്മ നടത്തിയ നിയമപോരാട്ടത്തിന്റെ, അതിനൊപ്പം ചേര്‍ന്നവരുടെ എല്ലാം ഒറ്റപ്പേരാണിപ്പോള്‍.

You may also like this video;

TOP NEWS

November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 15, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.