23 December 2024, Monday
KSFE Galaxy Chits Banner 2

തദ്ദേശ വകുപ്പില്‍ സ്ഥിരം അദാലത്ത് സംവിധാനം ശക്തമാക്കുന്നു

പരാതി പരിഹാരത്തിന് ഇനി താലൂക്ക് തല അദാലത്തുകളും
ഗിരീഷ് അത്തിലാട്ട്
തിരുവനന്തപുരം
February 22, 2024 9:45 pm

തദ്ദേശ സ്വയംഭരണ വകുപ്പില്‍ പരാതികള്‍ പരിഹരിക്കുന്നതിനായി ആരംഭിച്ച സ്ഥിരം അദാലത്ത് സംവിധാനം ശാക്തീകരിക്കുന്നു. നിലവില്‍ ഉപജില്ലാ തലത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥിരം അദാലത്തുകള്‍ താലൂക്ക് തല സ്ഥിരം അദാലത്ത് സമിതികളായി ക്രമീകരിക്കുന്നതുള്‍പ്പെടെയുള്ള വിവിധ നിര്‍ദേശങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയത്. താലൂക്ക് തല സ്ഥിരം അദാലത്ത് സമിതിയിലേക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്നതിന് പുറമെ നേരിട്ട് അപേക്ഷ നല്‍കാന്‍ താല്പര്യപ്പെടുന്നവര്‍ക്കായി അതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേനയുള്ള സേവനങ്ങൾക്ക് മാനദണ്ഡങ്ങൾ പ്രകാരമുള്ള സമയപരിധി കവിയുന്ന അവസരങ്ങളിലും, സേവനം പൂർത്തിയാകുന്നതിനു തടസങ്ങൾ നേരിടുന്ന അവസരങ്ങളിലും പ്രശ്ന പരിഹാരത്തിനായാണ് 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ഉപജില്ലാ, ജില്ലാ, സംസ്ഥാനതല സ്ഥിരം അദാലത്തുകള്‍ രൂപീകരിച്ചത്. ഓരോ 10 പ്രവൃത്തി ദിവസത്തെ ഇടവേളയിലും സമിതി ചേർന്ന് പരാതികൾ ഊഴമനുസരിച്ചു വിലയിരുത്തി അപേക്ഷകരുടെയും തദ്ദേശ സ്ഥാപന സെക്രട്ടറിയുടെയും വാദങ്ങൾ കേട്ട ശേഷം പരിഹാരം നിർദേശിക്കുകയാണ് രീതി. പ്രത്യേക വിശകലനം, ഫീൽഡ് വെരിഫിക്കേഷൻ എന്നിവ ആവശ്യമുള്ള പരാതികൾ ഉപജില്ലാ സമിതിക്ക് അടുത്ത യോഗത്തിലേക്ക് കൂടി പരിഗണിക്കാനായി താല്‍ക്കാലിക തീരുമാനം എടുക്കാം. ഇപ്രകാരം പരമാവധി 10 മുതൽ 20 ദിവസത്തിനുള്ളിൽ എല്ലാ പരാതികൾക്കും പരിഹാരം ഉപജില്ലാ സമിതികൾ നിർദേശിക്കുമെന്നാണ് നിശ്ചയിച്ചിരുന്നത്.

എന്നാല്‍, അദാലത്തുകളില്‍ ആയിരക്കണക്കിന് അപേക്ഷകള്‍ ലഭിക്കുന്നതിനാല്‍ ഉത്തരവില്‍ നിര്‍ദേശിച്ച പ്രകാരം പത്ത് ദിവസത്തിനുള്ളില്‍ കക്ഷികളെ കേട്ട് തുടര്‍നടപടി സ്വീകരിക്കുന്നത് പ്രാവര്‍ത്തികമാകുന്നില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

താലൂക്ക്തല സ്ഥിരം അദാലത്തുകളിലേക്ക് നേരിട്ട് അപേക്ഷ നല്‍കാനായി അതത് താലൂക്ക് പ്രദേശത്ത് ജനങ്ങള്‍ക്ക് എത്തിച്ചേരാന്‍ സൗകര്യപ്രദമായ ഒരു ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലാണ് സംവിധാനം ഏര്‍പ്പെടുത്തേണ്ടത്. ഇപ്രകാരം നേരിട്ടോ തപാലിലോ ലഭിക്കുന്ന അപേക്ഷകള്‍ ഉടന്‍തന്നെ സ്ഥിരം അദാലത്ത് സമിതിയുടെ പോര്‍ട്ടലില്‍ ചേര്‍ത്ത് തുടര്‍നടപടി സ്വീകരിക്കണം. ഈ ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ അദാലത്ത് സമിതിയുടെ ഓഫിസ് പ്രവര്‍ത്തിക്കണം.

താലൂക്ക്/ജില്ലാതല അദാലത്ത് സമിതിയില്‍ തീര്‍പ്പാകാത്തതും ഉയര്‍ന്ന തല നടപടി ആവശ്യമുള്ളതും മാത്രം, അക്കാര്യം കൃത്യമായി രേഖപ്പെടുത്തിയും സ്വീകരിക്കാവുന്ന നടപടി വ്യക്തമാക്കിയും ഉയര്‍ന്ന തലത്തിലേക്ക് കൈമാറണം. സ്ഥിരം അദാലത്ത് സമിതികളുടെ കണ്‍വീനര്‍മാര്‍ക്കും അംഗങ്ങള്‍ക്കും വിശദമായ പരിശീലനം നല്‍കണമെന്നും സമിതികളുടെ പ്രതിമാസ റിപ്പോര്‍ട്ട് എല്ലാ മാസവും അഞ്ചാം തീയതിക്കകം ലഭ്യമാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

Eng­lish Sum­ma­ry: per­ma­nent adalat sys­tem in local department
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.