
റാപ്പർ വേടന് (ഹിരണ്‍ദാസ് മുരളി) ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ച് ഹൈക്കോടതിയിൽ നിന്ന് ആശ്വാസം. ‘കേരളം വിട്ടുപോകരുത്’ എന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. ഇതോടെ വേടന് വിദേശത്തേക്ക് യാത്ര ചെയ്യാം. ലൈംഗികാതിക്രമം ആരോപിച്ച് ഗവേഷക വിദ്യാർത്ഥിയുടെ പരാതിയിൽ സെൻട്രൽ പൊലീസ് എടുത്ത കേസിൽ, സെഷൻസ് കോടതിയാണ് നേരത്തെ ഈ വ്യവസ്ഥയോടെ മുൻകൂർ ജാമ്യം അനുവദിച്ചത്.
തൻ്റെ പ്രധാന വരുമാന മാർഗ്ഗം സ്റ്റേജ് പെർഫോമൻസ് ആണെന്നും, അതിനാൽ ഫ്രാൻസ്, ജർമ്മനി ഉൾപ്പെടെയുള്ള അഞ്ച് രാജ്യങ്ങളിലേക്ക് പോകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് വേടൻ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ വേടൻ ഹാജരാകണം, രാജ്യം വിട്ട് പോകുന്നുണ്ടെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥനെ മുൻകൂട്ടി അറിയിക്കണം മുതലായ നിർദ്ദേശങ്ങളോടെയാണ് കോടതി ഇളവ് അനുവദിച്ചത്.
കൊച്ചിയിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ഗവേഷക വിദ്യാർത്ഥിയുടെ പരാതി. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഓഗസ്റ്റ് 21നാണ് സെൻട്രൽ പൊലീസ് കേസെടുത്തത്. പരാതി അടങ്ങിയ ഇ‑മെയിലിൽ മൊബൈൽ ഫോൺ നമ്പറോ മേൽവിലാസമോ ഇല്ലാതിരുന്നതിനാൽ പൊലീസിന് തുടക്കത്തിൽ പരാതിക്കാരിയെ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് മേൽവിലാസം ശേഖരിച്ച പൊലീസ് മൊഴിയെടുപ്പിന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും യുവതി പ്രതികരിച്ചില്ല. പൊലീസ് നോട്ടീസ് തൻ്റെ ഐഡന്റിറ്റി വെളിപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി യുവതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിക്കാരിയുടെ മൊഴിയില്ലാതെ അന്വേഷണം തുടരാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു സെൻട്രൽ പൊലീസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.