7 January 2025, Tuesday
KSFE Galaxy Chits Banner 2

വ്യക്തിഗത വിവര സംരക്ഷണ ബിൽ: സംയുക്ത സമിതിയിൽ ഭിന്നത

Janayugom Webdesk
ന്യൂഡൽഹി
November 22, 2021 10:50 pm

വ്യക്തിഗത വിവര സംരക്ഷണ ബിൽ സംബന്ധിച്ച പാർലമെന്ററി സംയുക്ത സമിതിയിൽ ഭിന്നത. തിങ്കളാഴ്ച ചേർന്ന പാനൽ കരട് റിപ്പോർട്ട് അംഗീകരിക്കാനുള്ള യോഗത്തില്‍ നിരവധി എംപിമാർ വിയോജിപ്പ് പ്രകടിപ്പിച്ചു. ജയറാം രമേഷ്, മനീഷ് തിവാരി, വിവേക് ​​തൻഖ, ഗൗരവ് ഗൊഗോയ്, ഡെറക് ഒബ്രിയാൻ, മഹുവ മൊയ്ത്ര, അമർ പട്നായിക് എന്നിവരാണ് വിയോജിച്ചത്. ബിൽ സ്വകാര്യതയ്ക്ക് ഭീഷണിയാകുമെന്ന് നേരത്തെ പരാതി ഉയർന്നതാണ്. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് പരിധിയില്ലാത്ത അവകാശം ഉറപ്പാകുന്ന ബിൽ അനുസരിച്ച് സമൂഹമാധ്യമങ്ങൾ അടക്കമുള്ള കമ്പനികളോട് വ്യക്തിവിവരങ്ങൾ സർക്കാരിന് തേടാം. സ്വകാര്യത ഹനിക്കുന്ന കടന്നുകയറ്റത്തിന് ഇത് വഴിവയ്ക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പ്രതിപക്ഷ വിയോജിപ്പോടെ സമിതി അംഗീകരിച്ച ബില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ പരിഗണനയ്ക്ക് എത്തിയേക്കും.

ബില്ലില്‍ ഏതൊരു വ്യക്തിയുടെയും സ്വകാര്യമോ അല്ലാത്തതോ ആയ വിവരങ്ങള്‍ പരിശോധിക്കാനും വിലയിരുത്താനും കേന്ദ്ര‑സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പ്രത്യേക സാഹചര്യത്തില്‍ അധികാരം നല്‍കുന്നു. ബില്ലിലെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് എതിരെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ജെപിസി റിപ്പോര്‍ട്ടില്‍ വിയോജനം രേഖപ്പെടുത്തിയത്.ബില്‍ പ്രകാരം സര്‍ക്കാരിന്റെ വിശേഷ അധികാരങ്ങള്‍ ഉപയോഗിച്ച് ആരുടെയും സ്വകാര്യ വിവരങ്ങള്‍ ചികയാന്‍ അനുമതിയുണ്ട്. ഇത് ഭരണഘടന വിഭാവനം ചെയ്യുന്ന പൗരൻമാരുടെ സ്വകാര്യതയുടെ ലംഘനമാണെന്നാണ് വിയോജന കുറിപ്പില്‍ പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ ഉന്നയിക്കുന്നത്. സമിതി അധ്യക്ഷ സ്ഥാനം വഹിച്ചിരുന്ന മീനാക്ഷി ലേഖിയെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതോടെ സമിതി പുനഃസംഘടിപ്പിച്ചു. ഇതോടെ സമിതി റിപ്പോര്‍ട്ട് സമര്‍പ്പണം വൈകുകയായിരുന്നു. ബിജെപി എംപി പി ചൗധരിയാണ് നിലവില്‍ ബന്ധപ്പെട്ട സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷൻ. 

രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും, സുരക്ഷ, വിദേശ ബന്ധങ്ങൾ എന്നിവയുടെ പേരില്‍ ഏതെങ്കിലും സർക്കാർ ഏജൻസിയെ ബില്ലിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാനുള്ള അധികാരം 35ാം വകുപ്പ് കേന്ദ്രത്തിന് നൽകുന്നു. അതേസമയം വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ അവരുടെ സമ്മതമില്ലാതെ സർക്കാരിന് ശേഖരിക്കാവുന്ന വ്യവസ്ഥയ്ക്ക് സെക്ഷൻ 12 അനുമതി നൽകുന്നു.
eng­lish summary;Personal Data Pro­tec­tion Bill: Dis­agree­ment in Joint Committee
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.