
സമ്മതമില്ലാതെ പങ്കുവെക്കപ്പെടുന്ന സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് 48 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് ബ്രിട്ടീഷ് സർക്കാർ ഉത്തരവിട്ടു. അല്ലാത്തപക്ഷം കമ്പനികൾക്ക് അവരുടെ ആഗോള വരുമാനത്തിന്റെ 10 ശതമാനം വരെ പിഴ ചുമത്തുകയോ സൈറ്റുകൾ രാജ്യത്ത് നിരോധിക്കുകയോ ചെയ്യുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ മുന്നറിയിപ്പ് നൽകി. സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ ഓൺലൈൻ അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് ഈ കർശന നീക്കം.
ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് നിലവിൽ തന്നെ ബ്രിട്ടനിൽ കുറ്റകരമാണ്. എന്നാൽ, പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഇവ സ്ഥിരമായി നീക്കം ചെയ്യാൻ ഇരകൾക്ക് വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന പരാതിയെത്തുടർന്നാണ് നിയമത്തിൽ ഭേദഗതി വരുത്തുന്നത്. എ ഐ ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ നഗ്നചിത്രങ്ങൾക്കും ഈ നിയമം ബാധകമായിരിക്കും. ഒരിക്കൽ റിപ്പോർട്ട് ചെയ്യപ്പെട്ട ചിത്രം എല്ലാ പ്ലാറ്റ്‌ഫോമുകളിൽ നിന്നും നീക്കം ചെയ്യപ്പെടുന്നുവെന്നും വീണ്ടും അപ്‌ലോഡ് ചെയ്യുന്നില്ലെന്നും ഉറപ്പാക്കാൻ കമ്പനികൾ ബാധ്യസ്ഥരാണ്.
ഇത്തരം കുറ്റകൃത്യങ്ങളെ ഭീകരവാദത്തിനും കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾക്കും തുല്യമായ ഗൗരവത്തോടെ കാണാൻ മീഡിയ റെഗുലേറ്ററായ ‘ഓഫ്‌കോമിന്’ സർക്കാർ നിർദ്ദേശം നൽകി. 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് ഓസ്‌ട്രേലിയൻ മാതൃകയിൽ നിയന്ത്രണം കൊണ്ടുവരുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്. മേയ് മാസത്തോടെ ഇത് സംബന്ധിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കുമെന്നും ഈ വർഷം പകുതിയോടെ നിയമം പൂർണ്ണമായി പ്രാബല്യത്തിൽ വരുമെന്നും സർക്കാർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.