
പേരൂര്‍ക്കട വ്യാജ മാലമോഷണ ആരോപണത്തില്‍ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരയായ ബിന്ദു. ഒരുകോടി രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷയില്‍ ബിന്ദു ആവശ്യപ്പെടുന്നത്. തിങ്കളാഴ്ച കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കേസ് പരിഗണിച്ചപ്പോഴാണ് ബിന്ദു സർക്കാരിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ബിന്ദുവിന്റെ ആവശ്യം പരിശോധിച്ച് രേഖാമൂലം മറുപടി സമർപ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം. പേരൂര്‍ക്കട പൊലീസ് കെട്ടിച്ചമച്ച മാല മോഷണക്കേസില്‍ താനും കുടുംബവും കടുത്ത മാനസിക പീഡനം അനുഭവിച്ചുവെന്നും തനിക്കും ഭര്‍ത്താവിനും ഉപജീവന മാര്‍ഗം നഷ്ടപ്പെടുകയും മക്കളുടെ വിദ്യാഭ്യാസം തടസപ്പെടുകയും ചെയ്‌തെന്നും ബിന്ദു പറഞ്ഞു.
വ്യാജ കേസുമൂലം ഉണ്ടായ നഷ്ടങ്ങള്‍ മൂലം തകര്‍ന്നിരിക്കുന്നതിനാല്‍ സമൂഹത്തില്‍ വീണ്ടും ജീവിക്കുന്നതിനായി മാനനഷ്ടത്തിന് ഒരുകോടി രൂപയും കുടുംബത്തിന്റെ ആശ്രയത്തിനായി സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നും ബിന്ദു ആവശ്യപ്പെടുന്നു.അതേസമയം, എംജിഎം പബ്ലിക് സ്കൂളിൽ ബിന്ദു ജോലിയിൽ പ്രവേശിച്ചു.
പനയമുട്ടം സ്വദേശിയായ ബിന്ദു പേരൂർക്കടയിൽ വീട്ടിൽ ജോലിക്ക് നിന്ന് സമയത്ത് ഉടമയായ ഓമന ഡാനിയലിന്റെ സ്വർണമാല മേഷണം പോയിരുന്നു.ഓമനയുടെ പരാതിയെ തുടർന്ന് ബിന്ദുവിനെ സ്റ്റേഷനിൽ എത്തിച്ച് പേരൂർക്കട പൊലീസ് ക്രൂരമായി പെരുമാറി. ബിന്ദുവിന്റെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ജില്ലയ്ക്ക് പുറത്തുള്ള ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ അന്വേഷിക്കണമെന്ന് ഉത്തരവിട്ടു.ഓമനയുടെ വീട്ടിലെ സോഫയിൽ നിന്നാണ് മാല ലഭിച്ചെങ്കിലും വീടിന് പുറത്തുനിന്ന് മാല കിട്ടിയതെന്ന് മൊഴി കൊടുത്താല്‍ മതിയെന്ന് പൊലീസ് ഉദ്യോഗസ്ഥർ ഓമനയോട്ആവശ്യപ്പെട്ടുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അന്യായമായി തടവിൽവെച്ചതിന് ശിവകുമാറിനെതിരെയും വ്യാജ പരാതിയിൽ ഓമനക്കെതിരെയും നടപടി വേണമെന്നും റിപ്പോർട്ടില്‍ പറയുന്നു.നിലവിൽ എസ്ഐ പ്രസാദ് അടക്കം മൂന്ന് പോലീസ് ഉദ്യോഗസ്ഥർ സസ്പെൻഷനിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.