22 January 2026, Thursday

Related news

January 21, 2026
January 14, 2026
January 10, 2026
January 10, 2026
November 26, 2025
November 7, 2025
October 30, 2025
October 30, 2025
October 29, 2025
October 27, 2025

ആദിവാസി പ്രശ്നങ്ങളില്‍ ഹര്‍ജി; ആര്യാടന്‍ ഷൗക്കത്ത് സ്വയം മുന്‍കൈയെടുക്കാന്‍ കോടതി

Janayugom Webdesk
കൊച്ചി
July 28, 2025 10:04 pm

നിലമ്പൂർ മണ്ഡലത്തിലെ ആദിവാസികളുടെ മനുഷ്യാവകാശ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വയം നടപടികൾ സ്വീകരിക്കൂവെന്ന് പൊതുതാല്പര്യ ഹർജിക്കാരനും സ്ഥലം എംഎൽഎയുമായ ആര്യാടൻ ഷൗക്കത്തിനോട് ഹൈക്കോടതി. ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കാനുള്ള കർത്തവ്യം എംഎൽഎ എന്ന നിലയിൽ സ്വയം ഏറ്റെടുക്കണം. അക്കാര്യം നിര്‍വഹിക്കാൻ ആര്യാടൻ ഷൗക്കത്തിനെത്തന്നെ ചുമതലപ്പെടുത്തുന്നുവെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ആദിവാസി പ്രശ്നങ്ങളിൽ സർക്കാർ ഇടപെടലാവശ്യപ്പെട്ട് ആര്യാടൻ ഷൗക്കത്ത് രണ്ട് വർഷം മുൻപ് നൽകിയ ഹർജി തീർപ്പാക്കിയാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. എംഎൽഎ ആയ സാഹചര്യത്തിൽ പൊതുതാല്പര്യ ഹർജി പിൻവലിക്കാൻ അനുമതി തേടിയപ്പോഴാണ് ഹൈക്കോടതിയുടെ അസാധാരണ നിര്‍ദേശം.

പ്രശ്നങ്ങൾ പരിഹരിക്കാനായി ആര്യാടൻ ഷൗക്കത്ത് ഇടപെടണം. പരാജയപ്പെട്ടാൽ വീണ്ടും കോടതിയെ സമീപിക്കാം. ജനപ്രതിനിധി എന്ന നിലയിൽ ഉന്നത സ്ഥാനത്താണ് ഹർജിക്കാരൻ. പൊതുതാല്പര്യ ഹർജിയിലെ ആവശ്യങ്ങൾ എംഎൽഎയുടെ പ്രകടന പത്രികയാകണം. ഹൈക്കോടതിയോടല്ല ഇക്കാര്യം ആവശ്യപ്പെടേണ്ടത്. കൂടുതൽ നിരീക്ഷണങ്ങൾക്കായി നിർബന്ധിതരാക്കരുതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വിമർശിച്ചു. ഹർജി പിൻവലിക്കാനുള്ള ആവശ്യം ആശ്ചര്യപ്പെടുത്തി. ആര്യാടൻ ഷൗക്കത്ത് പ്രദേശത്തെ എംഎൽഎയായ സാഹചര്യത്തിൽ പൊതുതാല്പര്യ ഹർജിയിലൂടെ ഉയർത്തിയ വിഷയങ്ങൾ പരിഹരിക്കാൻ ഹർജിക്കാരൻ പ്രാപ്തനാണെന്നും നിരീക്ഷിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. 2018ലും 2019ലും ഉണ്ടായ പ്രളയത്തിൽ ഒലിച്ചുപോയ പാലം പുനർ നിർമ്മിക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് 2023 ജൂലൈയിൽ നൽകിയ പൊതുതാല്പര്യ ഹർജിയിലൂടെ ആര്യാടൻ ഷൗക്കത്ത് ഉന്നയിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.