
ദേശീയ പാതകളിലെ എല്ലാ പെട്രോൾ പമ്പുകളിലെയും ശുചിമുറികൾ 24 മണിക്കൂറും യാത്രികർക്കായി തുറന്നിടണമെന്ന സിംഗിൾ ബെഞ്ചിൻ്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി പരിഷ്‌കരിച്ചു. പെട്രോൾ പമ്പുകൾ പ്രവർത്തിക്കുന്ന സമയങ്ങളിൽ മാത്രം ശുചിമുറികൾ പൊതുജനത്തിനായി തുറന്നു നൽകിയാൽ മതി എന്നും അല്ലാത്ത സമയങ്ങളിൽ ഇത് നിർബന്ധമല്ലെന്നുമാണ് പരിഷ്‌കരിച്ച ഉത്തരവ്. ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് പി വി ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സിംഗിൾ ബെഞ്ച് ഉത്തരവ് പരിഷ്‌കരിച്ചത്.
പെട്രോളിയം ട്രേഡേഴ്‌സ് വെൽഫെയർ ആന്‍ഡ് ലീഗൽ സർവീസ് സൊസൈറ്റി നൽകിയ അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ നടപടി. പെട്രോൾ പമ്പുകളിലെ ശുചിമുറികൾ മുഴുവൻ സമയവും പ്രവർത്തിക്കണമെന്നും, ‘ശുചിമുറി ഉപയോഗിക്കാം’ എന്ന തരത്തിൽ ബോർഡുകൾ പ്രദർശിപ്പിക്കണമെന്നും സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ, പമ്പുകൾ മുഴുവൻ സമയം പ്രവർത്തിക്കാത്ത സാഹചര്യത്തിൽ ശുചിമുറികൾ മുഴുവൻ സമയവും തുറന്നു കൊടുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടനകൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
ഉത്തരവ് പരിഷ്‌കരിക്കുന്നതിനൊപ്പം ഹൈക്കോടതി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (ദേശീയപാത അതോറിറ്റി) ഉത്തരവാദിത്തത്തെക്കുറിച്ച് വാക്കാൽ നിരീക്ഷണങ്ങൾ നടത്തി. പൊതുജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾ പരിഗണിക്കാൻ ദേശീയപാത അതോറിറ്റി ബാധ്യസ്ഥരാണെന്ന് കോടതി ചൂണ്ടിക്കാട്ടി. “അടിസ്ഥാനപരമായി ഇത് ദേശീയപാത അതോറിറ്റിയുടെ ജോലിയാണ്. വിദേശ രാജ്യങ്ങളിലൊക്കെ നിങ്ങൾ ഒരു പ്രത്യേക ദൂരം പിന്നിടുമ്പോൾ അവിടെ ആളുകളുടെ പ്രാഥമിക ആവശ്യങ്ങൾക്കായി പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടാകും. എന്നാൽ ഇവിടെ അങ്ങനെ ഒരു സംവിധാനം ഒരുക്കിയിട്ടില്ല,” ഹൈക്കോടതി വിമർശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.