2023 മേയ് മൂന്നാം വാരത്തിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) എന്ന സംഘടനയുടെ ഒരു യോഗത്തെ അഭിസംബോധന ചെയ്ത് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന ക്യാബിനറ്റ് മന്ത്രി ഹർദീപ് സിങ്പുരി നടത്തിയ പ്രസംഗത്തിൽ ശ്രദ്ധേയമായൊരു പരാമർശമുണ്ടായിരുന്നു. ഇന്ത്യയിലെ മോഡി ഭരണകൂടം പെട്രോളിയം ഉല്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നുണ്ടെന്നും ആഗോള എണ്ണ വിലവർധനവിന്റെ ആഘാതം ആഭ്യന്തര വിലയെ പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നുമായിരുന്നു അത്. ഊർജ പരിവർത്തനത്തിലൂടെ ‘അമൃത്കാല്‍ ശാക്തീകരണം’ എന്ന വിഷയവുമായി ബന്ധപ്പെട്ട ചർച്ച നയിച്ചത് കേന്ദ്രമന്ത്രിതന്നെയായിരുന്നു എന്നതാണ് സമ്മേളനത്തിന്റെ സവിശേഷതയായി കാണേണ്ട കാര്യം. സാധാരണ ഇന്ത്യക്കാരന്റെ ഉപഭോഗ ചെലവിൽ പെട്രോളിയം വിലവർധന ഒരുതരത്തിലും ബാധ്യതവരുത്തില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. കോവിഡിന്റെ കാലഘട്ടത്തിൽ ആഗോളവില കുതിച്ചുയർന്നപ്പോൾ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് നേരിയ ആശ്വാസം കിട്ടിയിരുന്നു. എന്നാൽ ഇന്നത്തെ സ്ഥിതി മാറി. ആഗോള എണ്ണ വിപണിയില്‍ വില താണുവരുന്നുണ്ടെങ്കിലും അതിന്റെ നേരിയ തോതിലുള്ള പ്രതിഫലനം പോലും ആഭ്യന്തര വിലനിലവാരത്തിൽ കാണുന്നില്ല. ആഗോള വിപണിയിൽ 40 മുതൽ 50 ശതമാനം വരെ ഇടിവു രേഖപ്പെടുത്തിയിട്ടും ഇതാണ് അവസ്ഥ. ഇന്ത്യയിലെ എണ്ണ ഉല്പന്ന വിപണികളിൽ 20,000 കോടി ഡോളർ മൂല്യം കൈകാര്യം ചെയ്തുവരുന്ന പൊതുമേഖലാ എണ്ണക്കമ്പനികളുടെ തലപ്പത്തിരിക്കുന്ന ഇന്ത്യൻ ഓയിൽ കോർപറേഷൻ പോലും ഉപഭോക്താക്കൾക്ക് താങ്ങാൻ കഴിയുന്ന വിലനിലവാരത്തിൽ ഇന്ധനം എത്തിക്കുന്നില്ല. ഉയർന്ന ഊർജവില പണപ്പെരുപ്പ ഭീഷണിയെ ഒരു തുടർപ്രതിഭാസമാക്കിയിരിക്കുകയാണ്. പലിശ നിരക്കിലെ ചാഞ്ചാട്ടങ്ങൾ, സാധാരണ-ഇടത്തരം കുടുംബങ്ങളുടെ ജീവിത ദുരിതങ്ങൾ അനുദിനം വർധിപ്പിക്കുന്നു.
ബിപിസിഎൽ എന്ന പൊതുമേഖലാ കമ്പനിയാണെങ്കിൽ, റഷ്യയിൽ നിന്നുള്ള വിലകുറഞ്ഞ അസംസ്കൃത എണ്ണ വിറ്റ് കോടികളുടെ ലാഭം കുന്നുകൂട്ടി വരികയാണ്. ഇന്ത്യയിലെ എണ്ണ സംസ്കരണ ശാലകൾ ഓരോ ദിവസവും ആഗോളവിപണി നിലവാരമനുസരിച്ച് ആഭ്യന്തര എണ്ണ വിലകളിലും മാറ്റങ്ങൾ വരുത്തണം. എന്നാൽ ഇത്തരമൊരു ബാധ്യത രണ്ടാഴ്ചയില്‍ ഒരിക്കല്‍പ്പോലും നിറവേറ്റിക്കാണുന്നില്ല. 2014ൽ അധികാരത്തിലെത്തിയ മോഡി ഭരണകൂടം എണ്ണ ഉല്പന്നങ്ങളുടെ വിലനിയന്ത്രണം പൂര്‍ണമായും നീക്കം ചെയ്തു. അതോടെ ആഭ്യന്തര മേഖലാ ഉപഭോക്താക്കൾ പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും ചൂഷണത്തിന് വിധേയരാക്കപ്പെടുകയാണുണ്ടായത്. ആഗോള എണ്ണവിലയിൽ എത്രമാത്രം കുറവുണ്ടായാലും ആഭ്യന്തര വിലനിലവാരത്തിൽ അതിന്റെ പ്രതിഫലനം ഉണ്ടാവുക പതിവല്ല. അതേ അവസരത്തിൽ ആഗോളവില ഉയരുമ്പോൾ അതിന്റെ ആഘാതം അപ്പോൾ തന്നെ ഇന്ത്യൻ വിപണിയിലും അനുഭവപ്പെടാതിരിക്കില്ല. ഇത്തരമൊരു വൈരുധ്യം നിലവിലുണ്ടെങ്കിലും ഭരണകൂടം അജ്ഞത നടിക്കുകയാണ്. എണ്ണയുടെയോ എണ്ണ ഉല്പന്നങ്ങളുടെയോ ലാഭം കൊണ്ട് യഥാർത്ഥത്തിൽ സംരക്ഷിക്കപ്പെടുന്നത് അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ രാഷ്ട്രീയ താല്പര്യങ്ങളാണ്. 2022 ഏപ്രിൽ മുതൽ ഗതാഗതാവശ്യങ്ങൾക്കായുള്ള ഇന്ധനങ്ങളുടെ വില ഏറെക്കുറെ മാറ്റമില്ലാതെ തുടരുകയാണ്. 2022 ജൂൺ മുതൽ ഇക്കഴിഞ്ഞ മേയ് വരെ ഒരു ബാരൽ എണ്ണയുടെ ആഗോള വില 75 മുതൽ 116 വരെ ഡോളറായിരുന്നു. അതേ അവസരത്തിൽ റഷ്യൻ അസംസ്കൃത എണ്ണ ബാരലിന് 10–15 ഡോളർ വരെ കുറഞ്ഞ നിരക്കിലാണ് ഇന്ത്യയിലെത്തിയത്.
രാജ്യത്ത് ആവശ്യമുള്ള അസംസ്കൃത എണ്ണയുടെ 44 ശതമാനവും ഇറക്കുമതി ചെയ്തത് റഷ്യയില്‍ നിന്നാണ്. ഇന്ത്യയിലെ എണ്ണക്കമ്പനികളെല്ലാം ഇതിന്റെ നേട്ടം വേണ്ടുവോളം ആസ്വദിക്കുകയും കണക്കറ്റ ലാഭമുണ്ടാക്കുകയും ചെയ്തു. 2022ൽ സർക്കാർ കമ്പനികൾ 154 ദശലക്ഷം ബാരലും 2023ൽ ഇതുവരെ 167 ദശലക്ഷം ബാരലും റഷ്യൻ എണ്ണ ഇറക്കുമതി ചെയ്തുകഴിഞ്ഞിരിക്കുകയാണ്. ഇതിലൂടെ ഈ സ്ഥാപനങ്ങൾ കുന്നുകൂട്ടിയ ലാഭം 32 ലക്ഷം ഡോളർ വരുമെന്നാണ് ഏകദേശ കണക്ക്. 2022 ലെ ആദ്യത്തെ അഞ്ചുമാസം ശരാശരി 100 ഡോളർ നിരക്കിലായിരുന്നു എണ്ണവില. അക്കാലത്ത് കമ്പനികൾക്ക് നഷ്ടം സഹിക്കേണ്ടിവന്നതായിട്ടാണ് റിപ്പോർട്ട്. ഇത് ശരിയാണെന്ന് സമ്മതിച്ചാൽത്തന്നെ തുടർന്നിങ്ങോട്ട് വില ഇടിയുകയായിരുന്നു. ‘ഇക്ര’ എന്ന ക്രെഡിറ്റ് റേറ്റിങ് ഏജൻസി പറയുന്നത്, ഇന്ത്യൻ എണ്ണ കമ്പനികളുടെ ലാഭം വളരെ ഉയർന്നതോതിലായിരുന്നുവെന്നാണ്. കാരണം സംസ്ക്കരണത്തിന്റെ ചെലവു മാത്രം കണക്കിലെടുത്തല്ല ലാഭം കണക്കാക്കുക, വിപണനത്തിൽ നിന്നുള്ള വരുമാനവും കൂടി കണക്കിലെടുത്താണ്. പൊതുമേഖലാ കമ്പനികൾക്ക് കേന്ദ്ര സർക്കാർ വക സബ്സിഡി ആനുകൂല്യങ്ങൾക്ക് സാധ്യതയുള്ളതാണ്. അങ്ങനെ നഷ്ടം നികത്താന്‍ കഴിയും. പാചകവാതകത്തിനായി ഈ വിധത്തിൽ ലഭ്യമായത് 20,000 കോടി രൂപയായിരുന്നു. ഇതിനു പുറമേ കമ്പനികളുടെ മൂലധന ചെലവിനത്തിൽ 30,000 കോടിയും സര്‍ക്കാര്‍ വക കൊള്ളിച്ചിട്ടുണ്ട്. ഇന്ധനവിപണി ഗവേഷണ സ്ഥാപനങ്ങള്‍ കണക്കാക്കിയിരിക്കുന്നത് കമ്പനികളുടെ ലാഭം ലിറ്ററിന് മൂന്ന് രൂപ എന്നത് 12.5 രൂപവരെ 2023 ൽ ലഭ്യമാകുമെന്നാണ്.
പെട്രോളിയം ഇന്ധനങ്ങളുടെ വില നിർണയത്തിൽ വ്യക്തമായൊരു കാഴ്ചപ്പാടോ സ്ഥിരതയാർന്ന നയപരമായൊരു ദിശാബോധമോ ഇല്ലാത്തിടത്തോളം പൊതുമേഖലാ കമ്പനികൾക്ക് ഒരു പരിധിവരെ സർക്കാരിന്റെ സംരക്ഷണമുണ്ടെന്ന സാഹചര്യത്തിൽ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിൽ പ്രതിബന്ധമുണ്ടാകില്ല. അതേ അവസരത്തിൽ ഇന്ത്യൻ വിപണിയിൽ സാന്നിധ്യം ഉറപ്പിച്ചുകഴിഞ്ഞിട്ടുണ്ടെങ്കിലും പരിമിതികൾ ഒട്ടേറെ ഉണ്ടെന്നതിനാൽ മൂലധന നിക്ഷേപ വർധനവിന് സന്നദ്ധമല്ലാത്ത റിലയൻസും നയാരാ എൻജിയും അനിശ്ചിതത്വത്തിൽ തന്നെ തുടരുകയാണ്. ഇത്തരമൊരു പശ്ചാത്തലത്തിൽ ആഗോള കുത്തകകളായ എക്സോൺ ടോട്ടൽ, അരാംകോ, അഡ്നോ തുടങ്ങിയവ ‘നിക്ഷേപ’ വർധനവിന് മുന്നോട്ടുവരുമോ എന്നത് സംശയമാണ്. ആഗോള എണ്ണ വിപണിയിലുണ്ടാകുന്ന എത്ര നിസാരമായ ചലനവും നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്കുമേൽ ഗുരുതരമായ ആഘാതമായിരിക്കും അടിച്ചേല്പിക്കുക. 2021ലെ വേൾഡ് എനർജി ഔട്ട്‌ലുക്ക് പ്രസിദ്ധീകരിച്ചിരിക്കുന്ന കണക്കുകളനുസരിച്ച് എണ്ണ ഇറക്കുമതി രാജ്യങ്ങളിൽ ചൈനയും അമേരിക്കയും കഴിഞ്ഞാൽ മൂന്നാം സ്ഥാനത്തുള്ളത് ഇന്ത്യയാണ്. ഇതിലൂടെ വെളിവാക്കപ്പെടുന്നത് ഇന്ത്യയിലെ ഒരു സാധാരണ എണ്ണ ഉപഭോക്താവിന്റെ ഗതികേടാണ്. നമുക്ക് ഇന്നുള്ള ആശ്വാസം റഷ്യയുമായുള്ള സൗഹൃദമാണ്. ഉക്രെയ്ൻ യുദ്ധത്തെ തുടർന്ന് റഷ്യയിൽ നിന്നുള്ള ഇറക്കുമതികൾക്കുമേൽ നാറ്റോ സഖ്യകക്ഷികളും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ഏർപ്പെടുത്തിയനിരോധമാണ് അതിനു കാരണം. എന്നാല്‍ ഈ അനുകൂല കാലാവസ്ഥ എത്രനാൾ തുടരുമെന്നതിന് ഉറപ്പൊന്നുമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.