
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ. ഒരു മാസക്കാലം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശം വാനോളമുയര്‍ത്തി രണ്ടാംഘട്ട പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശമായി. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ രാവിലെ ഏഴ് മണി മുതല്‍ വോട്ടെടുപ്പ് നടക്കുന്നത്.
ഇന്നലെ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ നടന്ന വോട്ടെടുപ്പിലെ മികച്ച പോളിങ് ശതമാനത്തിന്റെ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. കഴിഞ്ഞ ഒമ്പതര വര്‍ഷമായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന സമഗ്രവികസനവും ക്ഷേമപ്രവര്‍ത്തനങ്ങളുമെല്ലാം നേരില്‍ അനുഭവിച്ചറിയുന്ന ജനങ്ങള്‍ എല്‍ഡിഎഫിനെ വിജയിപ്പിക്കാന്‍ ആവേശത്തോടെ മുന്നോട്ടുവന്നുവെന്നാണ് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആവേശം കൊട്ടിക്കയറിയാണ് ഇന്നലെ പരസ്യപ്രചാരണത്തിന് സമാപനമായത്. മുദ്രാവാക്യം വിളികളും വാദ്യഘോഷങ്ങളുമായി ഇരുചക്രവാഹനങ്ങളിലും കാല്‍നടയായും സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും തെരുവുകളില്‍ അണിനിരന്നു. സ്ത്രീകളും കുട്ടികളും യുവാക്കളുമുള്‍പ്പെടെ ആബാലവൃദ്ധം ജനങ്ങളും തെരഞ്ഞെടുപ്പ് ആവേശമുള്‍ക്കൊണ്ട് കൊട്ടിക്കലാശത്തിനെത്തി. ഇന്ന് ഒരു ദിവസം നിശബ്ദ പ്രചാരണത്തിനുള്ള സമയമാണ്.
ഏഴ് ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് — 470, ബ്ലോക്ക് പഞ്ചായത്ത് — 77, ജില്ലാ പഞ്ചായത്ത് — 7, മുനിസിപ്പാലിറ്റി — 47, കോർപറേഷൻ — 3) 12,391 വാർഡുകളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ആകെ 1,53,37,176 വോട്ടർമാരാണ് പട്ടികയിലുള്ളത് (പുരുഷൻമാർ — 72,46,269, സ്ത്രീകൾ — 80,90,746, ട്രാൻസ്ജെൻഡർ — 161). 3,293 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്.
38,994 സ്ഥാനാർത്ഥികളാണ് (18,974 പുരുഷന്മാരും, 20,020 സ്ത്രീകളും) മത്സരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്ക് 28,274, ബ്ലോക്ക് പഞ്ചായത്തിലേക്ക് 3,742, ജില്ലാ പഞ്ചായത്തിലേക്ക് 681, മുനിസിപ്പാലിറ്റികളിലേക്ക് 5,546, കോർപറേഷനുകളിലേക്ക് 751 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.
18,274 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഇതിൽ 2,055 എണ്ണം പ്രശ്നബാധിത ബൂത്തുകളായി (തൃശൂർ- 81, പാലക്കാട്- 180, മലപ്പുറം- 295, കോഴിക്കോട്- 166, വയനാട്— 189, കണ്ണൂർ- 1,025, കാസർകോട് — 119) റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. കാൻഡിഡേറ്റ് സെറ്റിങ് കഴിഞ്ഞ 18,274 കൺട്രോൾ യൂണിറ്റും 49,019 ബാലറ്റ് യൂണിറ്റും തയ്യാറായി കഴിഞ്ഞു. 2,631 കൺട്രോൾ യൂണിറ്റും 6,943 ബാലറ്റ് യൂണിറ്റും റിസർവായി കരുതിയിട്ടുണ്ട്.
രണ്ട് ഘട്ടത്തിലെയും വോട്ടെണ്ണല്‍ 13നാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.