17 November 2024, Sunday
KSFE Galaxy Chits Banner 2

സൗമ്യവും ദയവുള്ളതുമായ പുരുഷ രൂപകങ്ങൾക്ക് തറയൊരുക്കുന്ന ഫോഗട്ട്

ജയ്‌സൺ ജോസഫ്
September 3, 2024 9:04 pm

അർഹതപ്പെട്ട ഒളിമ്പിക്സ് വെള്ളി മെഡലിനായുള്ള ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ അപ്പീൽ നിരസിച്ചത് ഓഗസ്റ്റ് 15 നായിരുന്നു. സ്വർണ മെഡലിനായുള്ള മത്സര ദിനത്തിന്റെ അന്ന് രാവിലെ 100 ഗ്രാം അധികഭാരമുള്ളതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഫോഗട്ടിനെ അയോഗ്യയാക്കിയത്. അയോഗ്യയാക്കിയതിനെ തുടർന്ന് ഒരു ദിവസത്തിന് ശേഷം, ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. “തന്നോട് ക്ഷമിക്കണമെന്നും, ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും സ്വപ്നങ്ങൾ തകർന്നെന്നും”- വിനേഷ് ഫോഗട്ട് എക്സിൽ കുറിച്ചു.
പോയവർഷങ്ങൾ രാജ്യത്ത് ഗുസ്തിതാരങ്ങൾക്ക് ഗോദയ്ക്ക് പുറത്തുള്ള പോരാട്ടവേളകളായിരുന്നു. ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്ഐ) മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഫോഗട്ട് ഉൾപ്പെടെ എണ്ണം പറഞ്ഞ ഗുസ്തിക്കാർ നടത്തിയ പ്രതിഷേധം ലോകമെമ്പാടും വാർത്തകളിൽ ഇടം നേടി. ന്യൂഡൽഹിയിലെ ജന്തർ മന്ദറിൽ കുത്തിയിരിപ്പ് സമരം നടത്തിയ ഗുസ്തി താരങ്ങളെ പൊലീസ് മർദിച്ചു. പാരീസ് ഒളിമ്പിക്സിലെ അയോഗ്യതയെത്തുടർന്ന്, ബ്രിജ് ഭൂഷൺ സിങ്ങിന്റെ വലംകൈ നിലവിലെ ഡബ്ല്യുഎഫ്ഐ മേധാവി സഞ്ജയ് സിങ് പറഞ്ഞതിങ്ങനെ “പാരീസ് ഒളിമ്പിക്സിൽ ഇന്ത്യ ആറ് മെഡലുകൾ നേടി. കഴിഞ്ഞ 15–16 മാസങ്ങളിലെ പ്രതിഷേധങ്ങൾ ഇല്ലായിരുന്നുവെങ്കിലോ ആ ആറുമെഡലുകളും ഗുസ്തിയിൽ സാധ്യമാകുമായിരുന്നു” ‘നമ്മുടെ പെൺമക്കൾ’ എന്ന “വാത്സല്യപ്രയോഗം” തുടങ്ങി സ്ത്രീകളുടെ നേട്ടങ്ങളും, അവർക്കെതിരായ ക്രൂരമായ കുറ്റകൃത്യങ്ങളും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു. സ്ത്രീകൾ “നമ്മുടെ പെൺമക്കൾ” ആയിത്തീരുന്നു, അവർ “അഭിമാനം” അല്ലെങ്കിൽ “നാണക്കേട്” കൊണ്ടുവരുന്നവരാകുന്നു. അവർ ഭരണകൂടത്തിന്റെ പ്രതിച്ഛായ ഉയർത്തുകയോ കളങ്കപ്പെടുത്തുകയോ ചെയ്യുന്നു. സഞ്ജയ് സിംഗിന്റെ അടക്കമുള്ള ഇത്തരം വാചാടോപങ്ങൾക്ക് മെച്ചപ്പെട്ട അനുരണനം നേടാനാവുന്ന ഇടമാണ് ഹരിയാന. സ്ത്രീകളുടെ മേൽ ഉടമസ്ഥത, നിയന്ത്രണം, ബന്ധുത്വം, സമൂഹത്തിന്റെ നോട്ടങ്ങൾ എന്നിങ്ങനെ പല പാശങ്ങളാൽ ബന്ധനം ഉറപ്പിക്കുന്നു. ഇത് മറ്റുള്ളവരുമായുള്ള സ്ത്രീകളുടെ ബന്ധത്തെ വ്യത്യസ്തമാക്കുകയും അവർക്ക് സ്വത്വം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. മറുവശമായി പ്രതിഷേധ വേളകളിൽ ഗുസ്തിക്കാർ സമാന ഭാഷയെ വിന്യസിച്ചതും കാണാം.

2023 ഏപ്രിലിൽ, ഫോഗട്ട് എക്സിൽ പോസ്റ്റ് ചെയ്തത് ശ്രദ്ധിക്കുക. “രാജ്യത്തിന്റെ പെൺമക്കളുടെ ബഹുമാനാർത്ഥം, മുഴുവൻ രാജ്യവും പ്രതിഷേധത്തിൽ പങ്കുചേർന്ന് ഉയർന്നുവരും. 2023 മെയ് മാസം മറ്റൊരു വീഡിയോയിൽ, രാജ്യത്തെ പെൺമക്കൾ തങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കായി തെരുവിൽ ഇരിക്കുകയാണെന്നും പ്രതിഷേധത്തിന് പിന്തുണ നൽകാൻ സംസ്ഥാനത്തെ മുതിർന്നവരോടും ഖാപ് പഞ്ചായത്ത് അംഗങ്ങളോടും അവർ അഭ്യർത്ഥിച്ചു. അടുത്തിടെ, റോഹ്തക്കിലെ സർവ്ഖാപ്പ് പഞ്ചായത്ത് ഫോഗട്ടിനെ ആദരിച്ചു, “നമ്മുടെ പെൺമക്കളുടെ ബഹുമാനത്തിനായുള്ള പോരാട്ടം ആരംഭിച്ചിരിക്കുന്നു. “ഫോഗട്ടിന്റെ ജ്വലിക്കുന്ന പൈതൃകം അവളുടെ ശ്രദ്ധേയമായ പ്രതിരോധശേഷിക്കും അദമ്യമായ ചൈതന്യത്തിന്റെയും തെളിവാണ്. അത് അവൾ എതിർത്ത പ്രതിലോമശക്തികളുടെ രൂപകങ്ങളുമായി തട്ടിക്കുമ്പോൾ ഏറെ വ്യത്യസ്തവുമാണ്. ഫൊഗട്ടിന്റെ നിലപാട് കൂടുതൽ തിളക്കമാർന്നതും ഉന്നതവുമാണ്. സ്ത്രീകൾക്ക് അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ നിഷേധിക്കപ്പെടുന്ന അക്രമാസക്തമായ പുരുഷാധിപത്യ സംസ്ഥാനമായി ഇന്ത്യൻ നഗര ഭാവനയിൽ നിലനിൽക്കുന്ന ഹരിയാനയിൽ നിന്നാണ് അവർ വരുന്നതെന്നും കാണണം.

എന്നാൽ ഒളിമ്പിക്സ് പോലുള്ള മഹാ കായിക മത്സരങ്ങളിൽ ഇവിടെയുള്ള സ്ത്രീകൾ ആർജിക്കുന്ന പൊൻതിളക്കം സംസ്ഥാനത്തിന്റെ ആഴമേറിയ വൈരുധ്യങ്ങളെ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. അവിടെ കൃഷിക്കാലം കഴിയുംതോറും ലാഭമല്ലാതാകുകയും സാമ്പത്തിക അനിശ്ചിതത്വം വർധിച്ചുകൊണ്ടിരിക്കുകയുമാണ്. ഗോദയിലെ വിജയങ്ങളോ ഉദാരീകരണം തീർത്ത ചലനാത്മകതക്ക് അനുകൂലമാണ്. രാജ്യാന്തര അംഗീകാരവും അഭിമാനകരമായ സർക്കാർ ജോലിയും ഉറപ്പാക്കിയാണ് ഒളിമ്പിക് മെഡൽ വരുന്നത്. സമൂഹം നിർവചിച്ചിരിക്കുന്ന ലിംഗഭേദം, ജാതി, പ്രായം, വർഗം എന്നീ വേഷങ്ങൾ സ്ത്രീകളുടെ ചലനാത്മകതയെ നിർണയിക്കുന്നുവെന്നും പുരുഷ മേധാവിത്വത്തിന്റെ പൊതു ഇടങ്ങളിലേക്കുള്ള അവരുടെ പ്രവേശനം ചില നിർബന്ധിത കാരണങ്ങളാൽ വ്യവസ്ഥാപിതമാണെന്നും പെരുമാറ്റച്ചട്ടം പാലിക്കേണ്ടത് ആവശ്യമാണെന്നും ഗ്രാമീണ മേഖലയിലെ വാതിൽപ്പുറ തൊഴിൽ സന്ദർഭങ്ങൾ തെളിയിക്കുന്നു. ഇത്തരം വ്യവസ്ഥിതിയിൽ കായിക വിജയം ബഹുമാനത്തിന്റെയും അച്ചടക്കത്തിന്റെയും ധാർമ്മികതയുടെയും വിജയത്തിന്റെയും അടയാളമാകുന്നു. വ്യവസ്ഥാപിതവും ദുർബലവും താല്‍ക്കാലികവുമായ സ്വാതന്ത്ര്യങ്ങൾക്കായുള്ള ഒരു വഴിയായി ഇത് മാറുന്നു. എഴുത്തുകാരൻ രൂപാൽ ഓസ ഇക്കാര്യം ആവർത്തിച്ച് ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. കായിക വിജയങ്ങൾ അന്തർദേശീയ അംഗീകാരവും, ശാരീരിക ശക്തിയും ആത്മവിശ്വാസവും ഉറപ്പിക്കുന്ന മാതൃകാസ്ഥാനങ്ങളിലേക്ക് സ്ത്രീകൾക്ക് പ്രവേശനം നൽകുന്നു. ഹരിയാനയിൽ കായിക പശ്ചാത്തലം അന്യമാകുന്ന ഇടങ്ങളിലും ഇവരുടെ സ്വാധീനം സ്ത്രീകളെ കാലം തീർത്ത മറവിൽ നിന്നും പുറത്തുകൊണ്ടുവരുന്നു.

ഇത്തരം ഗൗരവമേറിയ പശ്ചാത്തലത്തിൽ, ഫോഗട്ടിന്റെ പരീക്ഷണങ്ങളും കഷ്ടപ്പാടുകളും വിജയങ്ങളും ഹരിയാനയിൽ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ സവിശേഷമായ പ്രാദേശികവൽക്കരണത്തിനുള്ള സാധ്യതകളെ വഹിക്കുന്നു. സാർവത്രിക മനുഷ്യാവകാശങ്ങൾ സാമൂഹിക നീതിയെക്കുറിച്ചുള്ള പ്രാദേശിക ധാരണകളാക്കി മാറുന്ന പ്രക്രിയയ്ക്ക് തുടക്കമാകുകയാണ്. തങ്ങളുടെ പ്രതിഷേധം തകർക്കാൻ ഭരണകൂടം ബലപ്രയോഗം നടത്തിയിട്ടും ഗോദയിലെന്ന പോലെ ഫോഗട്ട്, ബജ്റംഗ് പുനിയ, സാക്ഷി മാലിക്, ഭർത്താവ് സത്യവ്രത് കാഡിയൻ, ഫോഗട്ടിന്റെ ഭർത്താവ് സോംവീർ രാതീ, സംഗീത ഫോഗട്ട്, പ്രിയങ്ക ഫോഗട്ട്, രാഹുൽ യാദവ് എന്നിവർ ഉറച്ചുനിന്നു. അണുവിട അയഞ്ഞില്ല. ലൈംഗിക പീഡനത്തിനെതിരെയുള്ള പങ്കാളികളുടെ പോരാട്ടത്തെ പിന്തുണയ്ക്കാൻ പുരുഷന്മാർ അവരുടെ കായിക ഭാവി പണയപ്പെടുത്തി. ജനപ്രീതിയാർജിച്ച സംസ്കാരത്തിൽ പുരുഷന്മാർ സ്ത്രീവിരുദ്ധരെന്ന് പരിഹസിക്കപ്പെട്ട ഹരിയാന പോലുള്ള ഒരു സംസ്ഥാനത്തിലാണ് ഇത് എന്നുള്ളത് നിർണായകമാണ്.

സംസ്കാരങ്ങളും സമൂഹങ്ങളും നിശ്ചലമോ ഏകതാനമോ അല്ലെന്ന് ഇത് വെളിപ്പെടുത്തുന്നു. സമൂഹത്തെ മുൻവിധികളോടെ പൈശാചികവൽക്കരിക്കുകയോ വിമർശനാത്മകമായി സമീപിക്കുകയോ ചെയ്യരുത്. ഹരിയാനയിലെ സ്ത്രീകളെയും പുരുഷന്മാരെയും പഴയൊരു അച്ചിൽ കാണാനുള്ള പ്രലോഭനത്തെ ഫോഗട്ടിന്റെ കഥ ചെറുക്കുന്നു. ഓഗസ്റ്റ് 16 ന് എക്സിൽ അവൾ തന്റെ ഭർത്താവിന്റെ ത്യാഗങ്ങളും അമ്മയുടെ ധൈര്യവും പിതാവിന്റെ അഭിലാഷങ്ങളും തീവ്രതയോടെ അടയാളപ്പെടുത്തി. “ഒരു സാധാരണ ബസ് ഡ്രൈവറായ എന്റെ അച്ഛൻ എന്നോട് പറയും, ഒരു ദിവസം ഞാൻ മകളെ വിമാനത്തിൽ ഉയരത്തിൽ കാണുമെന്ന്. അച്ഛൻ കൂടുതൽ ആത്മാഭിമാനിയായി താഴെ റോഡിലൂടെ അന്നും വളയം പിടിക്കുന്നുണ്ടാകുമെന്ന്” ഫോഗട്ടിന്റെ കുറിപ്പും പോരാട്ടവും ഹരിയാനയിലെ സ്ത്രീകൾക്ക് വ്യത്യസ്തമായി ഒരു ഭാവി സങ്കൽപ്പിക്കാൻ വഴി ഒരുക്കുകയാണ്. പൗരുഷം സൗമ്യവും ദയയുള്ളതുമായ രൂപകങ്ങൾ ഉൾക്കൊള്ളാനും ഇടം ഒരുക്കുന്നു.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.