15 January 2026, Thursday

ഏഴു പതിറ്റാണ്ടു മുമ്പത്തെ ഗൾഫ് ചരിത്രം പറഞ്ഞ് ‘മൈഗ്രന്റ് ഡ്രീംസ്’

Janayugom Webdesk
കോഴിക്കോട്
January 19, 2023 6:08 pm

70 വർഷം മുമ്പ് ഗൾഫ് രാജ്യങ്ങൾ എങ്ങിനെയായിരുന്നു?… അവിടേക്ക് കുടിയേറിയ മലയാളിയുടെ ജീവിതം എങ്ങിനെയായിരുന്നു?.… ആ കഥകൾ പറയുകയാണ് കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ഡിസൈൻ ആശ്രമത്തിൽ ഒരുക്കിയിരിക്കുന്ന ‘മൈഗ്രന്റ് ഡ്രീംസ്’ എന്ന പ്രദർശനം. ദുബായ്, ദോഹ, കുവൈറ്റ്, റിയാദ് തുടങ്ങിയ നഗരങ്ങളിൽ ഏഴു പതിറ്റാണ്ടുകൾക്കു മുമ്പ് കുടിയേറിയ മലയാളികളായ കെ കെ മജീദ്, മുഹമ്മദാലി പടിയത്ത്, പുന്നിലത്ത് അബ്ദു, ഷെരീഫ് ഇബ്രാഹിം, വലിയകത്ത് അബൂബക്കർ, വിലിയകത്ത് ഹംസ, അഹമ്മദ് വൈക്കിപ്പാടത്ത്, പണിക്ക വീട്ടിൽ മുഹമ്മദ് എന്നിവരുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഏഴുപതിറ്റാണ്ടിന്റെ അറേബ്യൻ കഥകൾ പറയുന്ന ചിത്രങ്ങൾ.


ദുബൈയിലും കുവൈറ്റിലുമൊന്നും അന്ന് അംബര ചുംബികളായ കെട്ടിടങ്ങളോ കണ്ണഞ്ചിപ്പിക്കുന്ന ദീപ പ്രഭയോ, വിശാലമായ റോഡുകളോ ഇല്ല. കേരളത്തിലെ ഇന്നത്തെ ഉൾനാടൻ ഗ്രാമപ്രദേശങ്ങളിൽ ഒന്നിനു സമാനമായിരുന്നു ഈ നഗരങ്ങളെന്ന് ചിത്രങ്ങൾ പറയുന്നു.

അറേബ്യൻ നാടുകളിലേക്ക് ചരക്കുമായി പോയിരുന്ന പത്തേമാരികളിൽ അനധികൃതമായാണ് അന്ന് ഗൾഫ് നാടുകളിലേക്ക് ഏറിയപങ്കും മലയാളികൾ പോയിരുന്നത്. മരുഭൂമിയിലെ അവരുടെ അതിജീവനം, കഷ്ടപ്പാടുകൾ, അവർ കണ്ട സ്വപ്നങ്ങൾ എല്ലാം പറയുന്നുണ്ട് ഈ ചിത്രങ്ങൾ. വിരസതയകറ്റാൻ ഏക ഉപാധിയായി റേഡിയോ മാത്രം. അതും ട്യൂൺ ചെയ്തിരിക്കുന്ന അന്നത്തെ ഗൾഫ് മലയാളി.

ഇന്നത്തെപ്പോലെ ഫോണും, വീഡിയോ ചാറ്റിംഗും, വാട്സ് ആപ്പും, ഫെയ്സ് ബുക്കുമൊന്നുമില്ല. കാതങ്ങൾ താണ്ടി വരുന്ന എഴുത്തുകളാണ് പരസ്പരം സ്നേഹം കൈമാറിയിരുന്നതും ക്ഷേമാന്വേഷണങ്ങൾ നടത്തിയിരുന്നതും. അതിന്റെ പ്രതീകങ്ങളായ എയറോഗ്രാമും, എയർമെയിലും പ്രദർശനത്തിലുണ്ട്.

പഴയകാല പാസ്പോർട്ടുകളും, വർക് പെർമിറ്റുകളും, ലൈസൻസുമൊക്കെ പ്രദർശനത്തിലുണ്ട്. സുഖലോലുപതയുടെ നെറുകയിൽ എത്തിനിൽക്കുന്ന ദുബായും, റിയാദുമൊക്കെ എങ്ങിനെയായിരുന്നുവെന്നും മാറ്റത്തിന്റെ രജതരേഖയിൽ ഒട്ടേറെ മലയാളികളുടെ വിയർപ്പും അദ്ധ്വാനവും ഉണ്ടായിരുന്നുവെന്നും പ്രദർശനം കണ്ടിറങ്ങുമ്പോൾ ബോധ്യമാവും. ആഴി ആർക്കൈവ്സ് ഡിസൈൻ ട്രസ്റ്റ് ഓഫ് ഇന്ത്യ, ഉരു ആർട്ട് ഹാർബർ എന്നിവയുടെ സഹകരണത്തോടെയാണ് ഡിസൈൻ ആശ്രമത്തിൽ പ്രദർശനം ഒരുക്കിയിരിക്കുന്നത്. പ്രദർശനം ഫെബ്രുവരി 12വരെ തുടരും.

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.