23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 9, 2024
December 7, 2024
December 2, 2024
November 29, 2024
November 25, 2024
November 25, 2024
November 21, 2024
November 18, 2024
November 18, 2024

ബിബിസി ഡോക്യുമെന്ററി വിലക്ക് ; സുപ്രീം കോടതിയില്‍ ഹര്‍ജി, രാജസ്ഥാനില്‍ 11 വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 29, 2023 11:17 pm

ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പങ്കിനെയുംകുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. കേന്ദ്രത്തിന്റെ നടപടി ദുരുദ്ദേശ്യപരവും ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പൊതുതാല്പര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ബിബിസി ഡോക്യുമെന്ററിയുടെ രണ്ടു ഭാഗങ്ങളും പരിശോധിക്കണമെന്നും 2002ലെ ഗുജറാത്ത് കലാപത്തിൽ നേരിട്ടും അല്ലാതെയും പങ്കാളികളായവർക്കെതിരെ നടപടിയെടുക്കണമെന്നും അഭിഭാഷകനായ എം എല്‍ ശര്‍മയുടെ ഹര്‍ജി ആവശ്യപ്പെടുന്നു. ഭരണഘടനാ അനുച്ഛേദം 19 (1), (2) എന്നിവ പ്രകാരം കലാപത്തെക്കുറിച്ചുള്ള വാര്‍ത്തകളും വസ്തുതകളും റിപ്പോര്‍ട്ടുകളും അറിയാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ട്.

ബിബിസി ഡോക്യുമെന്ററി നിരോധിച്ചുകൊണ്ടുള്ള 21-ാം തീയതിയിലെ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഉത്തരവ് റദ്ദാക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. ഭരണഘടനാ അനുച്ഛേദം 352 പ്രകാരം രാഷ്ട്രപതി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയില്ലാതെ, കേന്ദ്ര സർക്കാരിന് അടിയന്തര വ്യവസ്ഥകൾ നടപ്പാക്കാനാകുമോ എന്നും ഹര്‍ജി ചോദിക്കുന്നു. ‘ഇന്ത്യ: ദ മോഡി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററിയുടെ വീഡിയോകള്‍ നീക്കം ചെയ്യാന്‍ 21ന് ട്വിറ്റര്‍, യുട്യൂബ് ഉള്‍പ്പെടെയുള്ളവയ്ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു.

ഡോക്യുമെന്ററിയിലേക്കുള്ള എല്ലാ ആക്സസുകളും സര്‍ക്കാര്‍ തടയുകയും ചെയ്തു. അതേസമയം രാജസ്ഥാന്‍ കേന്ദ്ര സര്‍വകലാശാലയില്‍ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതില്‍ 11 വിദ്യാര്‍ത്ഥികളെ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു. പ്രദര്‍ശന ദിവസം കാമ്പസില്‍ ഇല്ലാത്തവരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളതായും എബിവിപിയുടെ ലിസ്റ്റ് പ്രകാരമാണ് അധികൃതര്‍ നടപടിയെടുത്തതെന്നും മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിച്ചു. രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ ബിബിസി ഡോക്യുമെന്ററി വ്യാപകമായി പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു.

Eng­lish Sum­ma­ry: PIL filed in Supreme Court chal­leng­ing Cen­tre’s deci­sion to ban BBC documentary
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.