ഡേറ്റിങ് ആപ്പുകള്‍ ഇന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ യുവാക്കള്‍ക്കിടയില്‍ സജീവമാണ്. യുവാക്കള്‍ മാത്രമല്ല, ഒരു കൂട്ട് ആഗ്രഹിക്കുന്ന ആരും ആശ്രയിച്ചുപോരുന്ന ഇത്തരം ഡേറ്റിങ് ആപ്പുകളില്‍ പലതും ചതിക്കുഴികള്‍ നിറഞ്ഞതാണ്. ഇന്റര്‍നെറ്റ് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ ഡിജിറ്റല്‍യുഗത്തില്‍ ഡേറ്റിങ് ആപ്പും കെണിയില്‍പ്പെടുത്താന്‍ വലയും വിരിച്ച് കാത്തിരിപ്പ് തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. പരസ്പരം അറിയാന്‍ ഒരു ആപ്പിന്റെ സാഹായവും മറയും ഉണ്ടെന്ന വിശ്വാസം പക്ഷെ സാധാരണക്കാരെ മരണത്തിലേക്ക് വരെ കൊണ്ടെത്തിച്ചേക്കുമെന്നതിന്റെ തെളിവാണ് 2018ലെ ദുഷ്യന്ത് എന്ന ജയ്പൂര്‍ സ്വദേശിയായ 28കാരന്റെ കൊലപാതകം. ദുഷ്യന്തിന്റെ വിയോഗം ഇത്തരത്തില്‍ ഡേറ്റിങ് ആപ്പിന്റെ ചതിവലയത്തില്‍ വീണുണ്ടായതാണെന്ന് പിതാവ് ഓര്‍ത്തെടുക്കുന്നു.
2018 മെയ് 3നാണ് ഹൈവേയില്‍ ഒരു പെട്ടിക്കുള്ളില്‍ സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറായ ദുഷ്യന്തിന്റെ മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. ഭാര്യയ്ക്കും കുട്ടിയ്ക്കും മാതാപിതാക്കള്‍ക്കുമൊപ്പം സന്തോഷത്തോടെ കഴിഞ്ഞ ദുഷ്യന്ത് എന്തിനാണ് ടിന്‍ഡര്‍ ആപ്പെടുത്തതെന്ന് ഇന്നും ആ കുടുംബത്തിനറിയില്ല.
64കാരനായ രാമേശ്വര്‍ പ്രസാദ് ശര്‍മയുടെ പഴ്സ് തുറന്ന് നോക്കിയാല്‍ അതില്‍ മൂന്ന് പാസ്പോര്‍ട്ട് ഫോട്ടോകള്‍ കാണാം. രോഗം ബാധിച്ച് മരിച്ച ഒരു വയസ്സ് കഴിഞ്ഞ തന്റെ ആദ്യ മകന്റെ ചിത്രവും ബൈക്കുകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ചാര്‍ട്ടേട് അക്കൗണ്ടന്റ്സി പഠിച്ച് കമ്പനി സെക്രട്ടറിയാകാന്‍ ആഗ്രഹിച്ച ഏറ്റവും ഇളയ മകനായ പീയൂഷിന്റെ ചിത്രവും. 2012 അപകടത്തിലാണ് പീഴുഷ് മരണപ്പെടുന്നത്. അക്കൂട്ടത്തില്‍ മൂന്നാമത്തെ ചിത്രം തന്റെ രണ്ടാമത്തെ മകനായ ദുഷ്യന്തിന്റേതാണ്.
മകനെ കൊന്ന് പെട്ടിയിലാക്കിയ പ്രതികളെ ഇന്നും ആ പിതാവിന് മറക്കാന്‍ സാധിച്ചിട്ടില്ല. പ്രിയാ സേത്, ദിക്ഷന്ത് കമ്റ, ലക്ഷ്യാ വാലിയ എന്നീ മൂന്ന് പേരാണ് യാതൊരു ദയയും കൂടാതെ ദുഷ്യന്തിനെ ഇല്ലാതാക്കിയത്.
ദുഷ്യന്തിന്റെ പിതാവ് രാമേശ്വര്‍ പ്രസാദ് ഇന്നും ഓര്‍ക്കുന്നുണ്ട്… മകന്റെ ഫോണിലേക്ക് നിന്ന് മെയ് 3ന് ഒരു യുവതിയുടെ കോള്‍ വന്നിരുന്നു. 20 മിനിറ്റിനുള്ളില്‍ 10 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ദുഷ്യന്തിനെ കൊല്ലുമെന്നായിരുന്നു അങ്ങേ തലക്കല്‍ നിന്നുള്ള ഭീഷണി. ഫിക്സഡ് ഡിപ്പോസിറ്റായിട്ടുള്ള മൂന്ന് ലക്ഷം രൂപ ദുഷ്യന്തിന്റെ ബാങ്ക് അക്കൗണ്ടില്‍ ഇട്ട് നല്‍കിയിട്ടും അവര്‍ മകനെ കൊന്നുകളഞ്ഞുവെന്ന് പിതാവ് ദുഃഖത്തോടെ പറയുന്നു.…
അതേസമയം ദുഷ്യന്ത് രണ്ട് തരം ജീവിതമാണ് നയിച്ചിരുന്നതെന്ന് ജയ്പൂരിലെ ജോത്വാര പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയും കേസ് അന്വേഷിച്ച പൊലീസ് ഇൻസ്പെക്ടറുമായിരുന്ന ഗുർ ഭൂപേന്ദ്ര സിങ് പറയുന്നത്. വിവാഹിതനും ഒരു മകനുമുള്ള സമയത്താണ് ദുഷ്യന്ത് മറ്റൊരു പേരിൽ ടിൻഡർ പ്രൊഫൈൽ ഉണ്ടാക്കിയിരുന്നത്. അതിൽ ഗുഡ്ഗാവിൽ നിന്നുള്ള ഒരു സമ്പന്ന വ്യവസായി ആണെന്നാണ് സ്വയം പരിചയപ്പെടുത്തിയിരുന്നത്. അവിടംമുതലാണ് പ്രിയ എന്ന യുവതിയുമായുള്ള ദുഷ്യന്തിന്റെ ബന്ധങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.
എന്നാല്‍ പ്രിയ ആവട്ടെ കേസിലെ പ്രതികളിലൊരാളായ ദിക്ഷന്തുമായി ലിവ്-ഇൻ ബന്ധത്തിലായിരുന്നു. 21 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുള്ള ദിക്ഷന്ത്, നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്ന ഒരു മോഡലായിരുന്നു. ഒരാളെ തട്ടിക്കൊണ്ടുപോയി വലിയ മോചനദ്രവ്യം ആവശ്യപ്പെടാൻ ഇരുവരും പദ്ധതിയിട്ടിരുന്ന കാലത്താണ് . പ്രിയ ദുഷ്യന്തുമായി ടിൻഡറിൽ മാച്ച് ചെയ്തത്.
കൊലപാതകം നടന്ന സമയം പ്രിയയ്ക്ക് 20 വയസ് മാത്രമാണ് പ്രായമുണ്ടായിരുന്നത്. ആ പ്രായത്തിനിടയില്‍ മൂന്ന് എഫ്‌ഐആറുകൾ അവള്‍ക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നു. പെണ്‍വാണിഭം, എടിഎം തട്ടിപ്പ്, മുൻ പങ്കാളിയെ ബ്ലാക്ക് മെയിൽ ചെയ്തു തുടങ്ങിയ കേസുകളാണ് അവ. നേരിട്ട് കാണുന്നതിന് മുമ്പ് ദുഷ്യന്ത് മറ്റൊരാളായി ചമഞ്ഞ് പ്രിയയുമായി ഇടപഴകിയിരുന്നതായി സിംഗ് പറയുന്നു. തുടര്‍ന്ന് 2018 മെയ് 2ന് ഇരുവരും കാണുന്നത്.
കൂടുതല്‍ സമയം കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ദുഷ്യന്ത് 2015ലാണ് വിവാഹം കഴിച്ചത്. പൊതുവെ അന്തര്‍മുഖനായിരുന്ന മകനെങ്ങനെയാണ് ടിന്‍ഡര്‍ ആപ്പിലെത്തിയതെന്ന് ഇപ്പോഴും പിതാവിന് അറിയില്ല. മേയ് രണ്ടിന് പുറത്തുപോകുകയാണെന്നും ഒരു മണിക്കൂറിനുള്ളിൽ തിരികെയെത്തുമെന്നും പറഞ്ഞാണ് പോയതെന്നും പിതാവ് ഇന്നും ഓര്‍ക്കുന്നു. എന്നാല്‍ ഏതാനും മണിക്കൂറുകൾക്കുള്ളില്‍ ഒരു കോൾ വരികയും “തന്റെ കമ്പനിയുടെ ഒരു ട്രക്ക് മോചിപ്പിക്കാൻ 8–10 ലക്ഷം രൂപ ആവശ്യപ്പെട്ട് ചിലർ ബന്ദികളാക്കിയിരിക്കുകയാണെന്നും കാര്യം പറഞ്ഞ് തീർപ്പാക്കിയ ശേഷം തിരികെ വരാമെന്നും പറഞ്ഞ് ദുഷ്യന്തിന്റെ ഫോൺ സ്വിച്ച് ഓഫ് ആവുകയുമായിരുന്നു. പിറ്റേന്ന് രാവിലെ മറ്റൊരു ഫോണ്‍കോളും വന്നു. ഭയന്നുവിറച്ചാണ് ദുഷ്യന്ത് അപ്പോള്‍ സംസാരിച്ചിരുന്നത്.
”പാപ്പാ, ഈ ആളുകൾ എന്നെ കൊല്ലും. 10 ലക്ഷം രൂപയാണ് അവർ ചോദിക്കുന്നതെന്ന് പറഞ്ഞാണ് മകന്‍ അവസാനമായി വിളിച്ചത്. വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം ദുഷ്യന്തിനെ കൂട്ടി പ്രിയ രാത്രിയില്‍ പോയത് അവളുടെ വാടക വീട്ടിലേക്കായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ ജില്ലയിൽ നിന്നുള്ള ദീക്ഷാന്തും ലക്ഷ്യയും അവളുടെ ഫ്‌ളാറ്റിൽ തന്നെ കാത്തിരുന്നു. വീട്ടിലെത്തിയ ദുഷ്യന്തിനെ ഇരുവരും ചേര്‍ന്ന് കീഴ്പ്പെടുത്തുകയായിരുന്നു. ദുഷ്യന്തിന്റെ തിരിച്ചറിയല്‍ കാർഡ് തട്ടിയെടുത്ത അവര്‍ അപ്പോഴാണ് ബിസിനസുകാരനാണ് താനെന്ന ദുഷ്യന്തിന്റെ ഐഡന്റിറ്റി കളവാണെന്ന് മനസിലാക്കുന്നത്. ദുഷ്യന്തിനെ അടിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തു. പണം അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ട പ്രിയ, ദുഷ്യന്തിന്റെ പാന്‍ കാര്‍ഡ് നമ്പര്‍ പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചു നല്‍കിയിരുന്നു. പണം നല്‍കിയ ശേഷം കോള്‍ കട്ടാക്കുകയും ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയും ചെയ്തതോടെയാണ് കുടംബം പൊലീസില്‍ പരാതി നല്‍കിയത്. കോള്‍ റെക്കോര്‍ഡ് ദുഷ്യന്തിന്റെ ഫോണ്‍ കണ്ടെത്താന്‍ സാധിച്ചതായി പൊലീസും പറഞ്ഞു. ദുഷ്യന്തിനെ കൊലപ്പെടുത്തിയതായി ചോദ്യം ചെയ്യലിൽ മൂന്ന് പ്രതികളും സമ്മതിച്ചിരുന്നു. ദുഷ്യന്തിനെ കുത്തിയതിന് മുമ്പ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയിരുന്നു. കൊലപാതകത്തിന് ശേഷം ദുഷ്യന്തിന്റെ കാറിൽ ജയ്പൂരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസിനെ വഴിതെറ്റിക്കാന്‍ വ്യാജ നമ്പർ പ്ലേറ്റ് വാങ്ങിയാണ് പ്രതികള്‍ കടക്കാന്‍ ജില്ലാതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.
കോടതി വിധിയിൽ ദുഷ്യന്തിന്റെ കൊലപാതകത്തിന്റെ ക്രൂരമായ സ്വഭാവം വെളിപ്പെടുത്തിയിരുന്നു. ബെഡ് ഷീറ്റിലും വാൾപേപ്പറിലും പ്രിയയുടെ സ്കാർഫിലും ദീക്ഷന്തിന്റെ ജീൻസിലും അവരുടെ ഷൂസിലും ഡെബിറ്റ് കാർഡ് കവറിൽ പോലും രക്തക്കറകളുണ്ടായിരുന്നു. പ്രിയയുടെ ഫ്‌ളാറ്റിൽ പൊലീസ് പ്രവേശിച്ചപ്പോള്‍ അവിടെയെല്ലാം രക്തക്കറകളായിരുന്നുവെന്ന് എസ്എച്ച്ഒ ഓര്‍മിച്ചു. മോചനദ്രവ്യമായി അക്കൗണ്ടിൽ മൂന്ന് ലക്ഷം രൂപ നിക്ഷേപിച്ചതിന് ശേഷം പ്രതി എടിഎമ്മിൽ നിന്ന് പ്രതിദിനം പിൻവലിക്കാവുന്ന പരമാവധി പരിധിയായ 25,000 രൂപ പിൻവലിച്ചതായി ദുഷ്യന്തിന്റെ പിതാവ് പറയുന്നു. അതും പ്രതികൾക്കെതിരായ വലിയ തെളിവായി.
മരിച്ച ദുഷ്യന്ത് ശർമ്മയുമായി പ്രിയ സേതിന്റെ മുൻ പരിചയവും അവർ തമ്മിലുള്ള പരസ്പര സംഭാഷണവും ദുഷ്യന്ത് ശർമ്മ ബജാജ് നഗറിലെ പ്രിയയുടെ വീട്ടിലെത്തിയതിന്റെ തെളിവും ഒപ്പം താമസിച്ചിരുന്ന ദീക്ഷത്തും ഇരുവരുടെയും സുഹൃത്തായ ലക്ഷ്യയും ചേര്‍ന്ന് ദുഷ്യന്തിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജില്ല സെഷൻസ് ജഡ്ജി അജീത് കുമാർ ഹിംഗർ വാദം കേള്‍ക്കുന്നതിനിടെ നവംബര്‍ 23ന് പരാമര്‍ശിച്ചു. 2024 നവംബര്‍ 24ന് കേസില്‍ പ്രതികളെ ജീവപര്യന്തം കോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു. അതേസമയം വിധി വന്നതിന് ശേഷവും പ്രതികള്‍ക്ക് ഒരും ഖേദമുണ്ടായിരുന്നതായി തോന്നിയിട്ടില്ലെന്ന് എസ്എച്ച്ഒ സിംഗ് പറയുന്നു.
മകന്‍ നഷ്ടപ്പെട്ട വേദനയിലാണ് ഇന്നും ദുഷ്യന്തിന്റെ കുടുംബം. കുടുബത്തിലെ ഏക മകനായിരുന്നു. ദുഷ്യന്തിന്റെ ഭാര്യയും കൊച്ചുമകനും മാത്രമാണ് തങ്ങളുടെ ജീവിതത്തിൽ വെളിച്ചമെന്ന് പിതാവ് പറയുന്നു. ദുഷ്യന്തിന് നീതി ലഭിച്ചിരിക്കുകയാണ് ഈ വിധിയിലൂടെയെന്നും കേസില്‍ അഭിഭാഷകൻ സന്ദീപ് ലുഹാദിയ ഞങ്ങളോട് ഒരു പൈസ പോലും ഈടാക്കിയില്ലെന്നും ദുഷ്യന്തിന് നീതി ഉറപ്പാക്കാൻ കഠിനമായി പരിശ്രമിച്ചുവെന്ന് രാമേശ്വര്‍ പ്രസാദ് ശര്‍മ്മ പറയുന്നു.… കൊച്ചുമകന്‍ സ്വന്തം പിതാവിനെ അന്വേഷിക്കുമ്പോള്‍ അവന്റെ അച്ഛൻ ഡൽഹിയിലാണെന്നാണ് പറയുന്നതെന്നും പേരക്കുട്ടി കുറച്ചുകൂടി മുതിർന്ന് കഴിയുമ്പോള്‍ അച്ഛൻ ദൈവത്തോടൊപ്പമാണെന്നും തിരിച്ചുവരില്ലെന്നും പറയുമെന്നും ശര്‍മ്മ പറയുന്നു… കുറച്ച് പണമാണെങ്കിലും എത്രയും വേഗം തന്നെ അവര്‍ക്ക് നല്‍കി. എന്നിട്ടും എന്തിനാണ് അവനെ അവര്‍കൊന്ന് കളഞ്ഞത്? അവന്റെ ജീവനോട് അല്പംപോലും ദയ കാണിച്ചില്ലല്ലോയെന്ന് വേദനയോടെ പിതാവ് ചോദിക്കുന്നു.….….….….….
എന്താണ് ടിന്‍ഡര്‍ കൊലപാതകം?
ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട് കൊലപാതകം വരെ എത്തിനില്‍ക്കുന്ന കേസുകളെ ഇന്ന് പരാമര്‍ശിക്കുന്നത് ടിന്‍ഡര്‍ കൊലപാതകം അഥവാ ടിന്‍ഡര്‍ മര്‍ഡര്‍ എന്നതാണ്. ഇത്തരം കേസുകളില്‍ റഫറന്‍സിനായി പോലീസ് ഉപയോഗിക്കുന്ന കേസും ഇത് തന്നെ. ആദ്യത്തെ ടിന്‍ഡര്‍ കൊലപാതകത്തിനിരയായത് ദുഷ്യന്തും…
ടിന്‍ഡര്‍ ആപ്പിലെ പ്രിയ…
ജയ്പൂരിലെ കോളജിൽ പഠിക്കാനെത്തിയ പ്രിയ മിടുക്കിയായിരുന്നു. പാലി ജില്ലക്കാരിയായിരുന്ന അവള്‍ ഇംഗ്ലീഷ് നന്നായി സംസാരിക്കുകമായിരുന്നു. അവളുടെ അച്ഛൻ ഒരു അധ്യാപകനായിരുന്നു. ഉയർന്ന ജീവിത നിലവാരം ആഗ്രഹിച്ചിരുന്ന അവള്‍ , വിലകൂടിയ വസ്തുക്കൾക്കായി പണം ചെലവഴിക്കാൻ തുടങ്ങി. കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ തുടങ്ങിയെന്നും പ്രിയയെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
English Summary:Pitfalls of love; First Tinder murder unravels
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.