27 December 2025, Saturday

പ്രകൃതിയിലേയ്ക്ക് ഫോക്കസ് ചെയ്ത പി കരുണാകരന്റെ ലെൻസ്

Janayugom Webdesk
December 24, 2025 4:18 pm

മ്യൂസിയം ഓഡിറ്റോറിയത്തിലേക്ക് കടന്നാൽ, ദൈനംദിന ജീവിതത്തിന്റെ ബഹളങ്ങളിൽ നിന്ന് മാറി, വന്യതയുടെ നിശബ്ദവും മഹത്തായതുമായ താളത്തിലേക്ക് എത്തിച്ചേരുന്ന ഒരു ചിത്രപ്രദർശനം. 22ന് ആരംഭിച്ച് 26 ന് സമാപിക്കുന്ന പ്രദർശനത്തിൽ ഛായാഗ്രഹകൻ കരുണാകരൻ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിൽ എടുത്ത അറുപത്തിരണ്ടോളം ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ ശേഖരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ചിത്രങ്ങൾ ഓരോന്നും പ്രകൃതിയുടെ വിവിധ സ്പന്ദനങ്ങൾ വെളിവാക്കുന്നവയാണ്. പൂഴിയിൽ തിമിർത്ത് കുളിച്ച് ആഹ്ലാദിക്കുന്ന കരിവീരന്മാരാണെങ്കിലും, കായലിന്റെ ആഴങ്ങളിൽ മുങ്ങി ഇരയെ കോരിയെടുത്തുകൊണ്ട് പറന്നുയരുന്ന പെലിക്കൻ ആണെങ്കിലും, ഉപ്പു പാറയിൽ ഉപ്പ് നുണയാൻ എത്തുന്ന ലങ്കൂർകൂട്ടങ്ങളെയും ചിത്രങ്ങളിൽ ജീവസ്സുറ്റതാക്കിയിരിക്കുന്നു.

കരുണാകരൻ പകർത്തിയ ഭൂപ്രകൃതികൾ മനോഹരമാണ് — അവ നമ്മെ നമ്മുടെ ലോകത്തിന്റെ വലുപ്പത്തെയും അതിലെ സൂക്ഷ്മമായ വിന്യാസങ്ങളെയും വ്യക്തമായി വേർതിരിച്ച് കാണിക്കുന്നു. വന്യജീവികളുടെ ഛായാചിത്രങ്ങളിൽ ജീവിതത്തിന്റെ താളവും ലയവും പ്രകടമാണ്. നഗരത്തിന്റെ ഹൃദയത്തിൽ “വന്യത” കൊണ്ടുവന്ന്, മനുഷ്യത്വവും പരിസ്ഥിതിയും തമ്മിലുള്ള അകലം നികത്തി, നമ്മെ കൂടുതൽ ആഴത്തിൽ കാണാനും ചിന്തിക്കാനും ഛായാഗ്രഹകൻ പ്രേരിപ്പിക്കുന്നു. സൗന്ദര്യത്തിനപ്പുറം, കരുണാകരന്റെ സൃഷ്ടികൾ മൃദുവും എന്നാൽ ശക്തവുമായ ജൈവ സന്തുലിതയുടെ അനിവാര്യതയെ ഓർമ്മപ്പെടുത്തുന്നവയാണ്. ഭൂമി എല്ലാപേർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്, അതിൽ ആധിപത്യം അവകാശപ്പെടാവുന്നതല്ല എന്ന ഉറച്ച സന്ദേശം പ്രദർശനം പകർന്നു നൽകുന്നു. സാമാന്യതയിലെ സൗന്ദര്യം കണ്ടെത്തൽ എന്ന ശീർഷകത്തോടെ ഛായഗ്രഹകൻ അവതരിപ്പിക്കുന്ന സവിശേഷമായ ഒരു ദൃശ്യാനുഭവമാണ് ഈ പ്രദർശനം. പ്രകൃതി, മനുഷ്യൻ, അവയിലൂടെ ഒഴുകിപ്പോകുന്ന ജീവിത നിമിഷങ്ങൾ—ഇവയെ കേട്ടറിയുന്നതിനേക്കാൾ കാണുന്നതും, കാണുന്നതിനേക്കാൾ അനുഭവിക്കുന്നതുമാണ് ഈ വിസ്മയ ചിത്രങ്ങൾ.

1989 ൽ ഇന്ത്യ ഇന്റർനാഷണൽ ഫോട്ടോഗ്രാഫി  കൗൺസിലിന്റെ ‘ഹു ഈസ്‌ ഹു’ എന്ന വിഭാഗത്തിൽ ആദ്യ അവാർഡും 1993 ൽ ഇന്ത്യൻ ഫോട്ടോഗ്രഫി ഫെഡറേഷന്റെ ‘ജിം കോർബറ്റ് സ്മാരക അവാർഡും’ 1996 ൽ ഇന്ത്യ ഇന്റർനാഷണൽ ഫോട്ടോഗ്രാഫി കൗൺസിലിന്റെ പ്ലാറ്റിനം ഗ്രേഡ് എക്സിബിറ്റർ പദവിയും സ്വന്തമാക്കിയ കരുണാകരൻ 2002 ൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫോട്ടോഗ്രാഫി യുടെ എഫ് എഫ് ഐ പി ഫെലോഷിപ്പും നേടി. 2004 ൽ ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഫോട്ടോഗ്രാഫിക് ആർട്ടിന്റെ എക്സലൻസ് ബഹുമതിയായ ഈ എഫ് ഐ എ പി യും അദ്ദേഹത്തിന് ലഭിച്ചു. 2006 ൽ യുനെസ്കോയും ചൈനീസ് ഫോക്കുലോർ അസോസിയേഷനും സംയുക്തമായി നടത്തുന്ന ഹ്യുമാനിറ്റി ഫോട്ടോ അവാർഡിൽ ഡോക്യൂമെന്ററി വിഭാഗത്തിലെ അവാർഡ് കരുണാകരൻ നേടി. 2013 ൽ ഡി ജെ മെമ്മോറിയൽ ഫോട്ടോഗ്രാഫി അവാർഡിൽ ഒന്നര ലക്ഷം രൂപയുടെ ക്യാഷ് അവാർടോടുകൂടിയ രണ്ടാം സമ്മാനവും കരുണാകരനാണ് ലഭിച്ചത്. കൂടാതെ 2019 ൽ യു എസ് കൗൺസിലും സൗത്ത് ഏഷ്യൻ ഫോറം ഫോർ എൻവയറോണ്മെന്റും സംയുക്തമായി നടത്തിയ എക്കോ-ആർട്ട്‌ മത്സരത്തിൽ രണ്ടാം സമ്മാനവും നേടിയപ്പോൾ, 2020 ൽ യു കെ ആസ്ഥാനായ റോയൽ എന്റമോളജിക്കൽ സൊസൈറ്റി നടത്തിയ അന്തർ ദേശീയമൽസരത്തിൽ പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചു. 2020ൽ കരുണാകാരന് ലഭ്യമായ അവാർഡുകൾ ഉൾപ്പെടുത്തി ബി ബി സി യുടെ ശാസ്ത്ര മാസികയിലും പ്രത്യേക ഫീച്ചർ ചെയ്യുകയുണ്ടായി.

2020 ൽ ഐക്യ രാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ എഫ് എ ഒ സസ്യ ആരോഗ്യ വിഭാഗത്തിൽ നടത്തിയ അന്തർ ദേശീയ ഫോട്ടോഗ്രാഫി മത്സരത്തിൽ പ്രത്യേക ജൂറി പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. 2023 ൽ ലളിതകല അക്കാഡമി, കേന്ദ്ര സാംസ്കാരിക മന്ത്രാലയം, നാഷണൽ അക്കാദമി ഓഫ് ആർട്ട്‌സ് എന്നിവ ചേർന്ന് രാജ്യത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനത്തോടാനുബന്ധിച്ച് നടത്തിയ ആസാദി കാ അമൃത് മഹോത്സവത്തിൽ “കേരളത്തിലെ മരമടി” എന്ന ചിത്രത്തിന് രണ്ടാമത്തെ പുരസ്കാരം കരുണാകരൻ കരസ്ഥമാക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ മാനേജർ ആയിരുന്ന കരുണാകരൻ 1976 ൽ ആരംഭിച്ചതാണ് ഫോട്ടോഗ്രാഫി. സ്റ്റേറ്റ് ബാങ്കിന്റെ പബ്ലിക് റിലേഷൻസ് വകുപ്പിൽ ദീർഘകാലം സേവനം അനുഷ്ടിച്ച കരുണാകരന്റെ പലതരം ചിത്രങ്ങൾ കാലാകാലങ്ങളിൽ ബാങ്കിന്റെയും മറ്റ് സാംസ്കാരിക പ്രസിദ്ധീകരണങ്ങളുടെയും ഭാഗമായിട്ടുണ്ട്. കഴിഞ്ഞ അൻപതു വർഷക്കാലത്തെ കരുണാകാരന്റെ നീണ്ട ഫോട്ടോഗ്രാഫി
ദൃശ്യവിരുന്ന്, ഫോട്ടോഗ്രാഫി ഇഷ്ട്ടപ്പെടുന്ന പുതു തലമുറയോടുള്ള ഉത്തരവാദിത്തത്തെയും പ്രത്യാശയെയും ഉണർത്തുന്നു.

“Every pho­to­graph — a promise to the future”( ഓരോ ഫോട്ടോയും — ഭാവിയിലേക്കുള്ള ഒരു വാഗ്ദാനമാണ്”) എന്ന ആശയത്തെ അന്വർത്ഥമാക്കിക്കൊണ്ട്, ഭൂമിയോടും മനുഷ്യരോടും സകല ജീവജാലങ്ങളോടുമുള്ള കരുതലിന്റെ സത്യസന്ധമായ സന്ദേശമാണ് ഈ പ്രദർശനത്തിലൂടെ ഛായാഗ്രാഹകൻ മുന്നോട്ട് വെക്കുന്നത്. ബാങ്ക് ജീവനക്കാരുടെ ട്രേഡ് യൂണിയൻ സംഘടനയായ എ ഐ ബി ഈ എ യുടെ സ്ഥാപക നേതാവായിരുന്ന ടി കെ വേലായുധൻ നായരുടെ പുത്രി ശ്രീദേവിയാണ് കരുണാകാരന്റെ ഭാര്യ.   മകൾ ഡോ. അഞ്ജന കരുണാകരൻ ദുബായ് മീഡിയോർ ആശുപത്രിയിലെ നേത്ര രോഗ വിദഗ്ധ യാണ്.

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.