
സൗമ്യതയും ദൃഢതയും തന്റെ നിലപാടും ശീലവുമാക്കിയ കമ്മ്യൂണിസ്റ്റായിരുന്നു, സാമുഹ്യ, രാഷ്ട്രീയ മണ്ഡലത്തിൽ സൂര്യശോഭയോടെ ജ്വലിച്ചു നിന്നിരുന്ന പികെവി. അദ്ദേഹത്തിന്റെ ജന്മശതാബ്ധിയിലേക്ക് കടക്കുകയാണ് ഇന്ന്. കമ്മ്യൂണിസ്റ്റ് നേതാവ്, മുൻ മുഖ്യമന്ത്രി, മികച്ച പാർലമെന്റേറിയൻ എന്നിങ്ങനെ പല രീതിയിൽ അടയാളപ്പെട്ട പികെവി എന്ന മൂന്നക്ഷരത്തിൽ അറിയപ്പെട്ട മനുഷ്യനെ, കേരളം ഏറ്റവും പ്രാമുഖ്യത്തോടെ രേഖപ്പെടുത്തുക ജനപക്ഷ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് അധികാരം തടസ്സമാണെന്ന് വന്നാൽ അത് വലിച്ചെറിയാൻ തെല്ലും മടി കാണിക്കാത്ത ആദർശ സ്‌ഫുടതയുടെ ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചയാൾ എന്ന നിലയിലും ആയിരിക്കുമെന്നത് നിസ്തർക്കമാണ്. 1978ൽ ഭട്ടിൻഡയിൽ ചേർന്ന സിപിഐ പാർട്ടി കോൺഗ്രസ് ഇടതുപക്ഷ ഐക്യം എന്ന രാഷ്ട്രീയ ലക്ഷ്യം മുന്നോട്ടുവയ്ക്കുമ്പോൾ കേരളത്തിൽ മുഖ്യമന്ത്രി പദത്തിൽ ഇരിക്കുകയായിരുന്നു പികെവി. ഭട്ടിൻഡ പാർട്ടി കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ ലക്ഷ്യം സാക്ഷാല്‍ക്കരിക്ക പ്പെടണമെങ്കിൽ കേരളത്തിൽ ഐക്യമുന്നണിയുടെ ഭാഗമായി കയ്യാളുന്ന മുഖ്യമന്ത്രിപദം പികെവി ഉപേക്ഷിക്കേണ്ടതുണ്ടായിരുന്നു. പാർട്ടി കോൺഗ്രസ് തീരുമാനപ്രകാരം മുഖ്യമന്ത്രിപദം കയ്യൊഴിഞ്ഞ അദ്ദേഹം സൂര്യശോഭയാർന്ന നിലപാടുകളെ പ്രതിനിധീകരിച്ച് പൊതുരംഗത്ത് നിറഞ്ഞുനിന്നു.
വിദ്യാർത്ഥിയായിരിക്കെ പൊതുരംഗത്തെത്തിയ പികെവി കർക്കശമായ ആദർശനിഷ്ഠയും വിട്ടുവീഴ്ചയില്ലാത്ത ആശയ ദൃഢതയുമായി, വിടർന്ന പുഞ്ചിരിയും ഉറച്ച കാൽവയ്പുമായി മനുഷ്യഹൃദയങ്ങളിലേക്ക് നടന്നു കയറി. അങ്ങനെ ഇടപഴകിയവരെല്ലാം — കേരളത്തിനകത്തും പുറത്തുമായി അവർ ദശലക്ഷക്കണക്കിന് വരും — കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെയും മൂല്യങ്ങളുടെയും പ്രതീകമായി കണ്ട് പികെവിയെ സ്നേഹിച്ചു.
കോട്ടയം കിടങ്ങൂരിൽ കേശവപിള്ളയുടെയും നാണിക്കുട്ടി അമ്മയുടെയും നാലുമക്കളിൽ മൂത്ത ആളായി 1926 മാർച്ച് രണ്ടിനാണ് പികെവി ജനിച്ചത്. സ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്ത് തന്നെ അദ്ദേഹം അധ്യാപകർക്കും സഹപാഠികൾക്കും പ്രിയപ്പെട്ടവനായി മാറിയത് നിശ്ചയദാർഢ്യവും പ്രസരിപ്പുമാർന്ന പെരുമാറ്റമാധുര്യം കൊണ്ടാണ്. ചങ്ങനാശ്ശേരി എസ്‌ബി കോളജിൽ നിന്നും പിയുസി കഴിഞ്ഞാണ് ആലുവ യുസി കോളജിൽ പഠിക്കാൻ എത്തുന്നത്. ആ കാലത്ത് രാജ്യമാകെ സ്വാതന്ത്ര്യദാഹം തിളച്ചുമറിയുകയായിരുന്നു. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭവും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംവാദങ്ങളും കോളിളക്കം ഉണ്ടാക്കി. അതിന്റെ അലയൊലികൾ വിദ്യാലയങ്ങളിലേക്കും കലാലയങ്ങളിലേക്കും പടർന്നു. തിരുവിതാംകൂറിലെ പ്രബുദ്ധമായ കലാലയങ്ങളിൽ ഒന്നായ യുസി കോളജും സംവാദങ്ങളുടെ കേന്ദ്രമായി മാറി. കെ സി മാത്യു, പി ഗോവിന്ദപ്പിള്ള, മലയാറ്റൂർ രാമകൃഷ്ണൻ തുടങ്ങിയവരെല്ലാം പികെവിയുടെ സഹപാഠികളായിരുന്നു.
കെ സി മാത്യുവുമായുള്ള ആശയസംവാദങ്ങളെ തുടർന്ന് അതിനകം തന്നെ പികെവി കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ വഴിയിലൂടെ നടന്നു തുടങ്ങുകയും ചെയ്തിരുന്നു. അഖിലേന്ത്യാ വിദ്യാർത്ഥി ഫെഡറേഷന്റെ നേതാവ് എന്ന നിലയിൽ വിദ്യാർത്ഥികൾക്കിടയിൽ പികെവി സർവസമ്മതനായി. എന്നാൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ കൈക്കൊണ്ട നയങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ച് വിദ്യാർത്ഥികൾക്കിടയിലും ആശയക്കുഴപ്പങ്ങളുണ്ടാക്കിയ പ്രയാസകരമായ അന്നത്തെ സാഹചര്യങ്ങളിൽ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ശരികളുടെ പ്രചാരകനായി, പികെവി പതറാതെ ഉറച്ചുനിന്നു. സംഘർഷഭരിതമായ കാലങ്ങളിൽ വിദ്യാർത്ഥി സഖാക്കളുമായി കൂടിക്കാഴ്ചക്കെത്തിയ സഖാവ് പി കൃഷ്ണപിള്ളക്ക് ചുറ്റും ഉല്പതിഷ്ണുക്കളായ വിദ്യാർത്ഥികൾ കൂടിയിരുന്നു. കോളജ് ഹോസ്റ്റലിന്റെ പിൻഭാഗത്തുള്ള റബ്ബർ തോട്ടത്തിൽ കത്തിച്ചുവെച്ച മെഴുകുതിരിയുടെ വെളിച്ചത്തിൽ അന്നു രാത്രി നടത്തിയ വർത്തമാനങ്ങളിലൂടെയാണ് താൻ കമ്മ്യൂണിസത്തിലേക്ക് ജ്ഞാനസ്നാനം ചെയ്യപ്പെട്ടതെന്നു മലയാറ്റൂർ രാമകൃഷ്ണൻ എഴുതിയിട്ടുണ്ട്. പികെവിയും കെ സി മാത്യുവും സജീവപങ്കുവഹിച്ചിരുന്ന അത്തരം ചർച്ചകളിലൂടെയാണ്, കമ്മ്യൂണിസ്റ്റ് നിലപാടിനെ അതുവരെ സംശയത്തോടെ കണ്ടുപോന്ന പി ഗോവിന്ദപ്പിള്ള പാർട്ടിയിലേക്ക് എത്തുന്നത്. അവർ തമ്മിലുള്ള അഗാധമായ ആ സ്നേഹബന്ധം വളർന്നപ്പോഴാണ് തന്റെ ഏകസഹോദരി ലക്ഷ്മിക്കുട്ടിയെ പികെവിക്ക് വിവാഹം ചെയ്തുകൊടുക്കാൻ പിജി ഉത്സാഹിച്ചത്.
1940കളിൽ പാർട്ടി നിരോധിക്കപ്പെട്ട കാലത്ത് പികെവിയും ഒളിവുജീവിതത്തിലേക്ക് ഊളിയിട്ടു. പന്തളം രാജകൊട്ടാരത്തിലെ ഇളം മുറക്കാർ പലരും കമ്മ്യൂണിസത്തിന്റെ ആദർശ ഗരിമയാൽ പാർട്ടിയിലേക്ക് ആകൃഷ്ടരായ കാലമാണത്. നിരോധിക്കപ്പെട്ട പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസ് കൊട്ടാരത്തിൽ പ്രവർത്തിക്കുന്നിടത്തോളം ആ ബന്ധം വളർന്നുവന്നു. അന്നു പികെവി സംസ്ഥാന കമ്മിറ്റി ഓഫിസിന്റെ ഓഫിസ് സെക്രട്ടറി യായിരുന്നു. ഒളിവിലും തെളിവിലും ഒരുപോലെ അർപ്പണബോധം കാണിച്ച പികെവി പാർട്ടിയുടെ നേതൃഘടകങ്ങളിലേക്ക് വളരെവേഗം തെരഞ്ഞെടുക്കപ്പെട്ടു. ഒളിവു ജീവിതകാലത്താണ് തന്റെ കടിഞ്ഞൂൽ കുഞ്ഞിന്റെ മരണം പികെവി അറിയുന്നത്.
1953ൽ ജനയുഗം ദിനപ്പത്രമായപ്പോൾ പത്രാധിപ സമിതിയിൽ പ്രവർത്തിക്കാൻ പാർട്ടി അദ്ദേഹത്തെ കൊല്ലത്തേക്ക് അയച്ചു. 1957ൽ രണ്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവല്ലയിൽ നിന്ന് ജയിച്ച് പികെവി പാർലമെന്റിലെത്തി. തുടർന്ന് 1962ലും (അമ്പലപ്പുഴ) 67ലും (പീരുമേട്) വിജയമാവർത്തിച്ചു. കമ്മ്യൂണിസ്റ്റ് നിരയിലെ ഈ യുവ പാർലമെന്റേറിയനെ ജവഹർലാൽ നെഹ്രു അടക്കമുള്ള പ്രഗത്ഭമതികൾ വാത്സല്യപൂർവം ശ്രദ്ധിച്ചു. സഭാധ്യക്ഷന്മാരുടെ പാനലിൽ ആ ചെറുപ്പത്തിൽത്തന്നെ പികെവിയുടെ പേര് സ്ഥാനം പിടിച്ചത് അതുകൊണ്ടായിരിക്കണം.
1950കളുടെ ഒടുവിൽ അഖിലേന്ത്യാ യുവജന ഫെഡറേഷൻ രൂപീകൃതമായപ്പോൾ പികെവി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പ്രശസ്ത ചലച്ചിത്ര നടൻ ബൽരാജ് സാഹ്‌നി യായിരുന്നു ജനറൽ സെക്രട്ടറി. ആ നാളുകളിൽത്തന്നെ ലോക ജനാധിപത്യ യുവജന ഫെഡറേഷന്റെ ഉപാധ്യക്ഷൻ എന്ന നിലയിൽ ലോകരാജ്യങ്ങളിലെ യുവനേതാക്കളുമായി പികെവി ഉറ്റ ബന്ധം പുലർത്തി.
പാർലമെന്റിലെ പ്രഗത്ഭമായ അനുഭവങ്ങളുടെ കരുത്തുമായാണ് 1970കളുടെ തുടക്കത്തിൽ കേരളത്തിലെ പാർട്ടിയുടെ പ്രവർത്തനങ്ങളിലേക്ക് പികെവി തിരിച്ചുവരുന്നത്. എൻ ഇ ബാലറാം സെക്രട്ടറിയായിരിക്കെ അദ്ദേഹം അസിസ്റ്റന്റ് സെക്രട്ടറിയായി. പാർട്ടിയുടെ തീരുമാനപ്രകാരം പികെവി, കെപിഎസി ഫിലിംസിന്റെ ചുമതലയേറ്റെടുത്തപ്പോഴാണ് ഏ ണിപ്പടികൾ, നീലക്കണ്ണുകൾ എന്നീ ചിത്രങ്ങൾ നിർമ്മിക്കുന്നത്.
1977ൽ ആലപ്പുഴയിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പികെവി, ആന്റണി മന്ത്രിസഭയിൽ വ്യവസായ, വിദ്യുച്ഛക്തി വകുപ്പുകളുടെ മന്ത്രിയായിരുന്നു. കേരളത്തിന്റെ വ്യവസായ വളർച്ചയെ പ്രോജ്വലിപ്പിച്ച വ്യവസായ മന്ത്രി ടി വി തോമസിന്റെയും കേരളത്തെ ഊർജ മിച്ച സംസ്ഥാനമാക്കി മാറ്റിയ വൈദ്യുതി മന്ത്രി എം എൻ ഗോവിന്ദൻ നായരുടെയും പിൻഗാമി ആയിട്ടാണ് ഇരു വകുപ്പുകളുടെയും മന്ത്രിയായി പികെവി എത്തിയത്. രണ്ടു വകുപ്പുകളെയും മികച്ച നിലയിൽ കൈകാര്യം ചെയ്ത മന്ത്രി എന്ന നിലയിലും പികെവി അടയാളപ്പെട്ടു.
1978ൽ എ കെ ആന്റണി രാജിവെച്ചപ്പോൾ അന്നത്തെ ഐക്യകക്ഷി സംവിധാനം മുഖ്യമന്ത്രിയാകാൻ കണ്ടെത്തിയത് പികെവിയെ ആയിരുന്നു. കേരളത്തിൽ ഗോവധം നിരോധിക്കണമെന്ന ആവശ്യമുയർത്തിക്കൊണ്ട് വിനോബാഭാവെ നിരാഹാരമനുഷ്ഠിച്ചപ്പോൾ തത്ത്വാധിതിഷ്ഠിതമായ ആശയവ്യക്തതയോടെ ആ സങ്കീർണ പ്രശ്നം കൈകാര്യം ചെയ്ത പി കെ വാസുദേവൻ നായരുടെ രാഷ്ട്രീയ പ്രാഗൽഭ്യത്തെ രാജ്യം പ്രശംസിച്ചു.
ഇന്ത്യൻ ഇടതുപക്ഷ രാഷ്ട്രീയം പുതിയ വഴിത്തിരിവിലെത്തിയ കാലഘട്ടമാണ് പിന്നീട് വന്നത്. വർഗീയതയ്ക്കും സ്വേച്ഛാധിപത്യത്തിനുമെതിരെ ഇടതുപക്ഷ ജനാധിപത്യ ബദൽ കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് സിപിഐയിലും സിപിഎമ്മിലും ഗൗരവമേറിയ ചർച്ചകളുയർന്നു വന്നു. 1978 മാർച്ച്-ഏപ്രിൽ മാസങ്ങളിലായി ഭട്ടിണ്ടയിൽ കൂടിയ സിപിഐയുടെ പതിനൊന്നാം കോൺഗ്രസും ജലന്തറിൽ ചേർന്ന സിപിഎമ്മിന്റെ പത്താം കോൺഗ്രസും ഇടതുപക്ഷ ജനാധിപത്യ ബദൽ എന്ന രാഷ്ട്രീയം ഒരുപോലെ ഉയർത്തിപ്പിടിച്ചു. ആ രാഷ്ട്രീയം പ്രാവർത്തികമാക്കുന്നതിന് കേരളത്തിലെ ഗവൺമെന്റ് പ്രതിബന്ധമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിധിയെഴുതി. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അതിൽ സംശയമില്ലായിരുന്നു. രാജ്യത്തിന്റെ ഭാവിക്കുവേണ്ടി ആ രാഷ്ട്രീയ ലൈൻ നടപ്പിലാക്കുന്നതിന് യാതൊന്നും തടസമായിക്കൂടാ. ആ പാർട്ടി നിർദേശം ഒരു നിമിഷം പോലും വൈകാതെ നടപ്പിലാക്കിയ മുഖ്യമന്ത്രിയാണ് പികെവി. തന്റെ ചെറിയ ബാഗും തൂക്കി ട്രാൻസ്പോർട്ട് ബസിൽ കയറി അദ്ദേഹം പുല്ലുവഴിയിലേക്ക് പോയി.
ദേശീയ സെക്രട്ടേറിയറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ബാലറാം ഡൽഹി പ്രവർത്തനകേന്ദ്രമാക്കിയപ്പോൾ സംസ്ഥാന സെക്രട്ടറിയായി പികെവി ചുമതലയേറ്റു. വയലാർ സ്മാരക ട്രസ്റ്റിന്റെയും കെപിഎസിയുടെയും അധ്യക്ഷനെന്ന നിലയിൽ സാഹിത്യ സാംസ്കാരിക മേഖലകളിലും അദ്ദേഹം തന്റെ പ്രവർത്തനമികവ് തെളിയിച്ചു. പാർട്ടി സഖാക്കളെ സ്നേഹിക്കുന്നതിലും ശാസിക്കുന്നതിലും ഒരു ‘പികെവി ടച്ച്’ അദ്ദേഹത്തിനുണ്ടായിരുന്നു.
ദീർഘകാലം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം എല്ലാ ചുമതലകളുമൊഴിഞ്ഞ്, ഒരു പാർട്ടി പ്രവർത്തകനായി തുടരവെയാണ് തിരുവനന്തപുരം ലോക്‌സഭാ സീറ്റിൽ മത്സരിക്കാൻ പാർട്ടി പികെവിയോട് ആവശ്യപ്പെടുന്നത്. ക്ഷോഭിച്ചും ക്ഷോഭിക്കാതെയും അദ്ദേഹം പാർട്ടിക്കമ്മിറ്റിയിൽ പറഞ്ഞത് ഈ പ്രായത്തിൽ തന്നെ നിർബന്ധിക്കരുതെന്നും സ്ഥാനാർത്ഥിയാകുന്നതിൽ നിന്നുതന്നെ ഒഴിവാക്കണമെന്നുമാണ്. ഒടുവിൽ അച്ചടക്കമുള്ള ആ കമ്മ്യൂണിസ്റ്റുകാരൻ പാർട്ടി തീരുമാനം അനുസരിച്ചു. വാശിയേറിയ ആ മത്സരത്തിൽ വിജയിച്ചെങ്കിലും ഏറെ കഴിയും മുമ്പ് പികെവി ജീവിതത്തോട് വിടപറഞ്ഞു.
അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച കാലങ്ങളെക്കുറിച്ച് എല്ലാ തലമുറകളിലും പെട്ട സഖാക്കൾക്ക് ഓർക്കുവാനും പറയുവാനും ഏറെയുണ്ടാകും. ഇതുപോലെ ഒരു കുറിപ്പിൽ അതൊതുക്കാൻ പ്രയാസമായിരിക്കും. പദവികൾക്കും സ്ഥാനമാനങ്ങൾക്കും അപ്പുറത്തുള്ള ജീവിതമൂല്യങ്ങളെപ്പറ്റി പഠിക്കാൻ മുതിരുന്നവർക്ക് മുന്നിൽ പികെവിയുടെ ജീവിതം ഒരു പാഠപുസ്തകമായിരിക്കും. അതിലെ ഏടുകൾ നിറയെ വിശുദ്ധിയുടെ വെളിച്ചമാണ് പരന്നുകിടക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.