9 December 2025, Tuesday

Related news

November 22, 2025
October 4, 2025
August 9, 2025
July 13, 2025
July 9, 2025
July 9, 2025
May 5, 2025
February 22, 2025
February 21, 2025
February 13, 2025

പെരിയാറിന്റെ രക്ഷയ്ക്ക് പദ്ധതി

ജി ബാബുരാജ്
കൊച്ചി
March 17, 2023 9:55 pm

മലിനീകരണവും കയ്യേറ്റ ശോഷണവും നേരിടുന്ന പെരിയാറിന്റെ പുനരുജ്ജീവനത്തിനും സംരക്ഷണത്തിനും ബൃഹദ് പദ്ധതി ഒരുങ്ങുന്നു. രാജ്യത്തെ പ്രധാനപ്പെട്ട ആറ് നദികളുടെ സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാരിന്റെ ജല്‍ശക്തി മന്ത്രാലയം ആവിഷ്കരിച്ച പദ്ധതിയിലാണ് പെരിയാറിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാവേരി, നര്‍മ്മദ, മഹാനദി, ഗോദാവരി, ബറാക് എന്നിവയാണ് മറ്റ് നദികള്‍. രണ്ടര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ പ്രാരംഭ സര്‍വേ പെരിയാറിന്റെ വിവിധ മേഖലകളില്‍ പുരോഗമിക്കുന്നു.

പശ്ചിമഘട്ടത്തിലെ ശിവഗിരി മലനിരകളില്‍ നിന്നുത്ഭവിച്ച് ഇടുക്കി, എറണാകുളം ജില്ലകള്‍ക്ക് ജീവജലം പകരുന്ന പെരിയാറിന്റെ സംരക്ഷണത്തിന് ആദ്യമായാണ് ഇത്തരത്തില്‍ വിപുലമായൊരു പദ്ധതി തയ്യാറാക്കുന്നത്. ജല്‍ശക്തി മന്ത്രാലയത്തിനു വേണ്ടി പ്രൊജക്ട് തയ്യാറാക്കിയതും സര്‍വേ സംഘത്തെ നിയോഗിച്ചതും ഡെറാഡൂണ്‍ ആസ്ഥാനമായ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ആറു നദികള്‍ക്കുമായി 24.56 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുക. സംസ്ഥാന വനംവകുപ്പിന്റെയും നദി കടന്നുപോകുന്നയിടങ്ങളിലെ തദ്ദേശസ്ഥാപനങ്ങളുടെയും പരിസ്ഥിതി സംഘടനകളുടെയും സഹകരണം സര്‍വേയിലടക്കം ഉറപ്പാക്കും.

മറ്റ് അഞ്ച് നദികളുമായി താരതമ്യപ്പെടുത്തിയാല്‍ പെരിയാര്‍ ചെറിയ നദിയാണെങ്കിലും (244 കിലോമീറ്റര്‍) ജൈവ വൈവിധ്യത്തിന്റെ സവിശേഷതയാല്‍ പെരിയാര്‍ ഒന്നാം സ്ഥാനത്താണ്. 1465 കി.മീറ്റര്‍ നീളമുള്ള ഗോദാവരിക്കോ 1312 കി.മീറ്റര്‍ നീളമുള്ള നര്‍മ്മദയ്ക്കോ പോലും അവകാശപ്പെടാനാവാത്ത വിധമുള്ള ജൈവ വൈവിധ്യമാണ് പെരിയാര്‍ നദീതടത്തിലുള്ളത്. കടുവയും പുലിയും അടക്കമുള്ള വന്യമൃഗങ്ങളും അത്യപൂര്‍വയിനം സസ്യലതാദികളും മത്സ്യങ്ങള്‍, പക്ഷികള്‍, ഷഡ്പദങ്ങള്‍, ഉരഗങ്ങള്‍, സസ്തനികള്‍ എന്നിവയൊക്കെയുള്ള പെരിയാര്‍ വനമേഖലയില്‍ ഇവ ഓരോന്നിനെക്കുറിച്ചും വിശദമായ പഠനമാണ് നടന്നുവരുന്നത്.

ഇടുക്കിയിലെ ഉത്ഭവസ്ഥാനം മുതല്‍ നേര്യമംഗലം വരെയുള്ള പ്രദേശങ്ങളില്‍ മലിനീകരണത്തോത് പൊതുവെ കുറവാണെന്നാണ് പ്രാരംഭ സര്‍വേയില്‍ വെളിപ്പെട്ടത്. എന്നാല്‍ കോതമംഗലം മുതല്‍ ആലുവ വരെയുള്ള മേഖലയിലാണ് രാസമാലിന്യങ്ങളടക്കം പുഴയിലേയ്ക്ക് ഒഴുക്കുന്ന പ്രവണത കൂടുതലുള്ളത്. കക്കൂസ് മാലിന്യങ്ങളും അഴുക്ക് ചാലുകളിലെ മലിനജലവും പെരിയാറിലേയ്ക്ക് ഒഴുക്കുന്ന പ്രദേശങ്ങളും സര്‍വേ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ പെരിയാറിന്റെ സ്ഥിതി ഏറെക്കുറെ ഭദ്രമാണെന്നും നദി ആശങ്കാജനകമാംവിധം മെലിഞ്ഞിട്ടില്ലെന്നുമാണ് പൊതുവെയുള്ള വിലയിരുത്തല്‍.

പെരിയാര്‍ നദി കൊടുങ്ങല്ലൂര്‍ കായലില്‍ ചേരുന്നതിനു തൊട്ടുമുമ്പുള്ള എളന്തിക്കര, ആലുവ, ഭൂതത്താന്‍കെട്ട്, അടിമാലി, ഇടുക്കിചപ്പാത്ത്, വണ്ടിപ്പെരിയാര്‍, തേക്കടി കടുവാ സങ്കേതം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കഴിഞ്ഞ ഡിസംബര്‍ അവസാന വാരം മുതല്‍ പെരിയാര്‍ സര്‍വേ നടന്നുവരുന്നത്.
പൂര്‍ണമായി ഒരു സംസ്ഥാനത്തിലൂടെ മാത്രം ഒഴുകുന്ന നദിയെന്ന നിലയില്‍ പെരിയാര്‍ സംരക്ഷണ പദ്ധതി കേരളത്തിന് ഏറെ ഗുണം ചെയ്യുമെന്ന് കരുതപ്പെടുന്നു. കേന്ദ്ര പദ്ധതിയിലുള്‍പ്പെട്ട മറ്റ് നദികളായ ബറാക് മണിപ്പൂര്‍, നാഗാലാന്‍ഡ്, മിസോറാം, അസം എന്നീ സംസ്ഥാനങ്ങളിലൂടെയും മഹാനദി ഛത്തീസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളിലൂടെയും നര്‍മദ മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലൂടെയും ഗോദാവരി മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളിലൂടെയും കാവേരി, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലൂടെയുമാണ് ഒഴുകുന്നത്.

മലിനീകരണവും കയ്യേറ്റവും കുറയ്ക്കും
വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് നിയോഗിച്ച ഏഴ് യുവശാസ്ത്രജ്ഞരാണ് തേക്കടി കടുവാസങ്കേതം മുതല്‍ എറണാകുളം ജില്ലയിലെ എളന്തിക്കര വരെയുള്ള പ്രദേശങ്ങള്‍ വിവിധ ഭാഗങ്ങളായി തിരിച്ച് സര്‍വ്വേ നടത്തുന്നത്. പെരിയാറിലെ ജലത്തിന്റെ മലിനീകരണ തോത് നിര്‍ണയിക്കാന്‍ മറ്റൊരു സംഘവും പഠനം നടത്തുന്നുണ്ട്. ഈ മാസാവസാനത്തോടെ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതോടെ പദ്ധതി നടത്തിപ്പിനുള്ള അന്തിമ രൂപരേഖ തയ്യാറാക്കും. മലിനീകരണവും കയ്യേറ്റങ്ങളും പൂര്‍ണമായി ഇല്ലാതാക്കുന്നതിനായിരിക്കും മുന്‍ഗണന നല്‍കുക.

Eng­lish Summary;Plan for Peri­yar’s rescue

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.