1 January 2026, Thursday

Related news

December 29, 2025
December 29, 2025
December 28, 2025
December 27, 2025
December 26, 2025
December 24, 2025
December 22, 2025
December 20, 2025
December 19, 2025
December 19, 2025

ദക്ഷിണ കൊറിയയിൽ വിമാനം തകർന്നു; 179 മരണം

Janayugom Webdesk
സോൾ
December 29, 2024 9:27 am

ദക്ഷിണ കൊറിയയിലെ മുവാൻ വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ച് 179 യാത്രക്കാര്‍ മരിച്ചു. തായ്‌ലൻഡിലെ ബാങ്കോക്കില്‍ നിന്ന് 175 യാത്രക്കാരും ആറ് ജീവനക്കാരുമായി മടങ്ങുകയായിരുന്ന ജെജു എയര്‍ വിമാനമായ 7സി 2216 ആണ് ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. പ്രാദേശിക സമയം രാവിലെ ഒമ്പതു മണിയോടെയായിരുന്നു അപകടം. ലാൻഡിങ് ഗിയറിലെ തകരാർ കാരണം വിമാനം ഇടിച്ചിറക്കുകയിരുന്നുവെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു. ആദ്യ ലാൻഡിങ് ശ്രമം പരാജയപ്പെട്ടിരുന്നു. വേഗത കുറയ്ക്കാന്‍ പെെലറ്റിന് കഴിയാതിരുന്നത് അപകടത്തിന്റെ ആക്കം കൂട്ടി. വിമാനത്തില്‍ പക്ഷിയിടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആദ്യം 27 മരണമാണ് സ്ഥിരീകരിച്ചതെങ്കിലും വെെകാതെ, രണ്ട് യാത്രക്കാരൊഴികെ ബാക്കി എല്ലാവരും മരിച്ചതായി എയര്‍ലെെന്‍സ് അറിയിക്കുകയായിരുന്നു. യാത്രക്കാരിൽ 173 ദക്ഷിണ കൊറിയക്കാരും രണ്ട് തായ് പൗരന്മാരുമാണ് ഉണ്ടായിരുന്നത്. രണ്ട് പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു ജീവനക്കാരനും യാത്രക്കാരനുമാണ് രക്ഷപ്പെട്ടത്. തീപിടിത്തത്തിന്റെ കാരണം പരിശോധിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. സംയുക്ത അന്വേഷണത്തിന് ശേഷം കൃത്യമായ കാരണം വെളിപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ രാജ്യത്തെ ചീഫ് ഓഫ് സ്റ്റാഫ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് കണ്ടെത്തിയതായി കമ്പനി അറിയിച്ചു. 

സംഭവത്തെ തുടർന്ന് മുവാൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവച്ചു. ദക്ഷിണ കൊറിയന്‍ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ആഭ്യന്തര വ്യോമയാന ദുരന്തമാണിത്. ദക്ഷിണ കൊറിയയിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാനക്കമ്പനികളിലൊന്നായ ജെജു എയറിന്റെ ആദ്യത്തെ മാരകമായ അപകടവും. അപകടത്തിൽപ്പെട്ട വിമാനം യൂറോപ്പിലെ വിമാനക്കമ്പനിയായ റയാൻ എയറിൽ നിന്ന് 2017 ൽ ഏറ്റെടുത്തതാണ്. അപകടത്തിൽ ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നുവെന്ന് ജെജു എയർ പറഞ്ഞു. ‘ദുരന്തത്തില്‍ ഉള്‍പ്പെട്ടവരോടും ബന്ധുക്കളാേടും അഗാധമായി ക്ഷമ ചോദിക്കുന്നു. അപാകത പരിഹരിക്കാൻ എല്ലാ ശ്രമങ്ങളും നടത്തും’ ജെജു എയർ അവരുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.