23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 9, 2024
November 13, 2024
July 16, 2024
July 12, 2024
December 22, 2023
September 14, 2023
July 23, 2023
June 1, 2023
May 17, 2023
November 7, 2022

പിഎം കെയർ പദ്ധതി വീണ്ടും വിവാദത്തില്‍; 51 ശതമാനം അപേക്ഷകളും തള്ളി

അശ്വതി ലാല്‍
കൊല്ലം
July 16, 2024 10:11 pm

കോവിഡില്‍ അനാഥരായ കുട്ടികൾക്കായുള്ള പിഎം കെയർ പദ്ധതിയിലേക്ക് ലഭിച്ച 51 ശതമാനം അപേക്ഷകളും കേന്ദ്രം തള്ളിയെന്ന് റിപ്പോർട്ട്. കോവിഡ് മൂർധന്യത്തിൽ നിൽക്കെയാണ് രാജ്യത്ത് 2020 മാര്‍ച്ചിലാണ് കേന്ദ്രസർക്കാർ പദ്ധതിക്ക് രൂപം നൽകിയത്.
കോവിഡ് മഹാമാരിയെയോ ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളെയോ നേരിടുക, കോവിഡ് കാലത്ത് മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥരായ കുട്ടികൾക്ക് ആശ്രയം നൽകുക എന്നീ ലക്ഷ്യത്തോടെ രൂപീകരിച്ചതാണ് പിഎം കെയർ ഫണ്ട് (പ്രൈം മിനിസ്റ്റേഴ്സ് സിറ്റിസൺ അസിസ്റ്റൻസ് ആന്റ് റിലീഫ് ഇൻ എമർജൻസി സിറ്റ്വേഷൻസ് ഫണ്ട്). കോവിഡ് അനാഥരായ കുട്ടികൾക്ക് തുടർസംരക്ഷണവും പരിചരണവും ഉറപ്പാക്കുന്നതാണ് ‘പിഎം കെയേഴ്സ് ഫോർ ചി​ൽഡ്രൻ സ്കീം’. 2021 മേയ് 29നാണ് ഈ സ്കീം പ്രഖ്യാപിച്ചത്. വിദ്യാഭ്യാസം, ആരോഗ്യ ഇന്‍ഷുറൻസ്, സാമ്പത്തിക സഹായം തുടങ്ങിയവ 23 വയസ് വരെ ഈ പദ്ധതി പ്രകാരം കുട്ടികൾക്ക് സര്‍ക്കാര്‍ നൽകണം. 

2020 മാർച്ച് 11നും 2023 മേയ് അഞ്ചിനും ഇടയിൽ നിയമാനുസൃതമുള്ള രക്ഷിതാവിനെയോ വളർത്തുന്ന രക്ഷിതാക്കളെയോ നഷ്ടമായ കുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. രാജ്യത്തെ 33 സംസ്ഥാനങ്ങളിലെ 613 ജില്ലകളിൽ നിന്നായി 9,331 അപേക്ഷകളാണ് കേന്ദ്രത്തിന് ലഭിച്ചത്. ഇതില്‍ 32 സംസ്ഥാന‑കേന്ദ്രഭരണ പ്രദേശങ്ങളിലെ 558 ജില്ലകളിൽ നിന്നുള്ള 4532 അപേക്ഷകൾ മാത്രമാണ് അംഗീകരിച്ചത്. 4781 അപേക്ഷകൾ തള്ളി. 18 അപേക്ഷകൾ ഇപ്പോഴും കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണ്.
രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ അപേക്ഷകൾ എത്തിയത്. എന്നാൽ മഹാരാഷ്ട്രയിലെ 855 അപേക്ഷകളും രാജസ്ഥാനിലെ 210 അപേക്ഷകളും ഉത്തർപ്രദേശിലെ 467 അപേക്ഷകളുമാണ് കേന്ദ്രം അംഗീകരിച്ചത്. കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. അപേക്ഷകൾ നിരാകരിക്കാൻ വ്യക്തമായ കാരണങ്ങളൊന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടില്ല. 

പ്രധാനമന്ത്രി എക്സ് ഒഫിഷ്യോ ചെയർമാനും, കേന്ദ്ര പ്രതിരോധമന്ത്രിയും, ആഭ്യന്തരമന്ത്രിയും എക്സ്-ഒഫിഷ്യോ ട്രസ്റ്റികളും ആയ പിഎം കെയർ പദ്ധതിയിൽ പാവങ്ങളെ സഹായിക്കാനുള്ള ആശ്വാസനിധിയെന്ന പേരിൽ വ്യവസായികളടക്കം കോടിക്കണക്കിന് രൂപയാണ് സംഭാവന നൽകിയിട്ടുള്ളത്. ഭരണഘടനയുടെയോ പാര്‍ലമെന്റോ നിയമസഭകളോ പാസാക്കിയ നിയമങ്ങളുടെയോ അടിസ്ഥാനത്തിലല്ല ഫണ്ടിന്റെ പ്രവര്‍ത്തനമെന്നത് നേരത്തേ വിമര്‍ശനമുയര്‍ത്തിയിരുന്നു. സര്‍ക്കാരിന് നേരിട്ടോ പരോക്ഷമായോ ഒരു നിയന്ത്രണവും ഇല്ലാത്ത പിഎം കെയേഴ്സ് ഫണ്ട് വിവരാവകാശ നിയമത്തിന്റെ പരിധിയിലും വരില്ല. 12,000 കോടിയിലേറെ രൂപ ഫണ്ടില്‍ ലഭിച്ചതായാണ് ഏകദേശ കണക്കുകള്‍. പിരിച്ചെടുത്ത തുകയും ചെലവഴിച്ച തുകയും സംബന്ധിച്ച കണക്കുകള്‍ കൃത്യമായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 

Eng­lish Sum­ma­ry: PM Care scheme in con­tro­ver­sy again; 51 per­cent of the appli­ca­tions were rejected
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.