പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇന്നലെ സമാപിച്ച ദ്വിദിന കേരള സന്ദർശനം പ്രഖ്യാപിത ലക്ഷ്യത്തെക്കാളുപരി വരാൻപോകുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിച്ച് തന്റെ പാർട്ടിക്ക് നേട്ടമുണ്ടാക്കാനാണെന്ന് പരിപാടി നിരീക്ഷിച്ച ആർക്കും ബോധ്യപ്പെടും. നരേന്ദ്ര മോഡി രാജ്യത്താകെ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ നടത്തിവരുന്ന രാഷ്ട്രീയ കൗടില്യത്തിന്റെ ഭാഗം മാത്രമാണ് കേരളത്തിലും പരീക്ഷിക്കുന്നത്. മോഡിയുടെ സന്ദർശനവും റോഡ്ഷോയും സൃഷ്ടിക്കുന്ന അനുയായികൾക്കിടയിലെ ഭ്രാന്തമായ ആവേശം വോട്ടാക്കി മാറ്റാനാകുമെന്ന വ്യാമോഹം തെറ്റായിരുന്നുവെന്ന് പൊതുതെരഞ്ഞെടുപ്പുഫലം യഥാവിധി തെളിയിക്കും. കർണാടകവും തെലങ്കാനയും നമുക്കുമുന്നിലുണ്ട്. ബിജെപിക്ക് വിജയംവരിക്കാനായ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് വിവേകപൂർവം പെരുമാറിയിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നു എന്നാണ് തെരഞ്ഞെടുപ്പുഫലങ്ങളുടെ സൂക്ഷ്മവിശകലനം വ്യക്തമാക്കുന്നത്. ഈ തിരിച്ചറിവിന്റെ കൂടി പശ്ചാത്തലത്തിലായിരിക്കണം നരേന്ദ്ര മോഡിയും തീവ്ര ഹിന്ദുത്വ ശക്തികളും അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് ഹിന്ദുമതത്തിലെ പരമോന്നത ധർമ്മാചാര്യന്മാരെയും ധർമ്മശാസ്ത്രവിധികളെയും അവഗണിച്ച് തികഞ്ഞ രാഷ്ട്രീയമാമാങ്കമാക്കി മാറ്റുന്നത്. ശ്രീരാമനും രാമക്ഷേത്രവും ഇന്ത്യയിലെ ജനങ്ങളെയാകെ ഏകോപിപ്പിക്കുന്ന വിശ്വാസവും പ്രതീകവുമാണെന്ന് അവർ പ്രചരിപ്പിക്കുന്നു.
എന്നാൽ അയോധ്യയിൽ നടക്കുന്ന പ്രാണപ്രതിഷ്ഠ യഥാർത്ഥത്തിൽ ഇന്ത്യൻ ജനതയെ ഐക്യപ്പെടുത്തുന്നതിനുപകരം അവരെ തീവ്രമായി ഭിന്നിപ്പിക്കുകയാവും ചെയ്യുകയെന്ന് ശങ്കരാചാര്യ മഠാധിപതികളടക്കം ഹിന്ദു മതാചാര്യന്മാർ മുന്നറിയിപ്പ് നൽകുന്നു. അത് ഭൂരിപക്ഷമതത്തെ മതഹിന്ദുവെന്നും രാഷ്ട്രീയഹിന്ദുവെന്നും വേർതിരിക്കുകയാണെന്നും അവർ വിലയിരുത്തുന്നു. സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ആഘോഷിക്കപ്പെടുന്ന മതപരമായ ചടങ്ങാക്കി അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ മാറിയിരിക്കുന്നു. അടിസ്ഥാനപരമായി മതപരമായ ഒരു ചടങ്ങിനെ എങ്ങനെ മതനിരപേക്ഷ രാഷ്ട്രത്തിൽ മതവികാരം ആളിക്കത്തിച്ച് അധികാര രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാക്കി മാറ്റാമെന്ന വിപത്കരമായ പരീക്ഷണത്തിലാണ് പ്രധാനമന്ത്രിയും ബിജെപിയും സംഘ്പരിവാറും ഏർപ്പെട്ടിരിക്കുന്നത്. പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ ഹൈന്ദവ ധർമ്മശാസ്ത്ര വിധികൾക്ക് വിരുദ്ധമാണെന്ന് രാജ്യത്തെ നാല് ശങ്കരാചാര്യ പീഠങ്ങളുടെയും അധിപന്മാർ വിധിക്കുകയും അതിൽനിന്ന് വിട്ടുനിൽക്കുമെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. പ്രാണപ്രതിഷ്ഠയ്ക്കായി തിരഞ്ഞെടുത്ത മുഹൂർത്തം ഹിന്ദു കലണ്ടർ പ്രകാരം ഉചിതവും ശുഭകരവുമല്ലെന്ന് ജ്യോതിഷ്‌പീഠത്തിലെ ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി ചൂണ്ടിക്കാണിക്കുന്നു. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം പൂർത്തിയാവാൻ ഇനിയും വർഷങ്ങൾതന്നെ വേണ്ടിവരുമെന്നിരിക്കെ നടത്തുന്ന പ്രാണപ്രതിഷ്ഠ ഹൈന്ദവ ധർമ്മ വിധിപ്രകാരമല്ലെന്നും അദ്ദേഹം വിലയിരുത്തുന്നു. ഹൈന്ദവ ധർമ്മ വിധിപ്രകാരം നിർവഹിക്കേണ്ട കർമ്മങ്ങൾ അപ്രകാരം നിർവഹിക്കാതെ നടത്തുന്ന പ്രാണപ്രതിഷ്ഠ മതപരമല്ലെന്നും അത് രാഷ്ട്രീയമാണെന്നും ശങ്കരാചാര്യർ വിധിക്കുന്നു. അത് ഫലത്തിൽ രാജ്യത്തെ ഹിന്ദുക്കളെ രാഷ്ട്രീയഹിന്ദുവെന്നും മതഹിന്ദുവെന്നും ഭിന്നിപ്പിക്കലാണെന്ന് അദ്ദേഹം വിലയിരുത്തുന്നു.
പ്രധാനമന്ത്രി പ്രാണപ്രതിഷ്ഠയുടെ കേന്ദ്ര കഥാപാത്രമായി മാറുന്നതിനെയും ജ്യോതിഷ് പീഠ മഠാധിപതി ചോദ്യംചെയ്യുന്നു. രാഷ്ട്രീയവും രാജ്യാധികാരവും ധർമ്മാധികാരങ്ങളും തമ്മിൽ വ്യക്തമായ വേർതിരിവുകളുണ്ട്. ആദ്യത്തേത് രാജ്യത്തിന്റെ ഭരണഘടനാപരമായ ചുമതലയും രണ്ടാമത്തേത് ധർമ്മശാസ്ത്രപരമായ ഉത്തരവാദിത്തവുമാണ്. അതാണ് ഇവിടെ ലംഘിക്കപ്പെടുന്നത്. രാജ്യത്തിന്റെ മതനിരപേക്ഷ ഭരണഘടനയും മൂല്യങ്ങളും മറ്റൊന്നല്ല പ്രഖ്യാപിക്കുകയും നിഷ്കർഷിക്കുകയും ചെയ്യുന്നത്. ഇന്ത്യയിലെ ഓരോ പൗരനും അവൻ വിശ്വസിക്കുന്ന മതാചാരപ്രകാരമോ, മതങ്ങളിൽ വിശ്വസിക്കാത്തവർക്ക് അവരുടെ ഉത്തമബോധ്യം അനുസരിച്ചോ ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. എന്നാൽ ഉത്തരവാദപ്പെട്ട ഭരണഘടനാപദവി വഹിക്കുന്നവർ അവരുടെ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും ഭരണനിർവഹണവുമായി കൂട്ടിക്കുഴയ്ക്കുന്നത് ഭരണഘടനാതത്വങ്ങളുടെ ലംഘനമാണ്. അപ്രകാരം പ്രവർത്തിക്കുന്നത് തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധി മുതൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കം ഉന്നത ഭരണാധികാരികൾവരെ നടത്തുന്ന പ്രതിജ്ഞയുടെ ലംഘനമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ പ്രവൃത്തികളിലൂടെ നിരന്തരമായി സത്യപ്രതിജ്ഞാലംഘനമാണ് നടത്തിവരുന്നത്. അധികാരോന്മത്തതയിൽ മോഡി തുടരുന്ന ഭരണഘടനയുടെയും ഭരണഘടനാ മൂല്യങ്ങളുടെയും ഈ നിരന്തരലംഘനം രാഷ്ട്രത്തിന്റെയും ജനതയുടെയും സമാധാനപൂർണവും ഐക്യത്തോടെയുമുള്ള നിലനില്പിന് നേരെയാണ് കനത്ത വെല്ലുവിളി ഉയർത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.