23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 5, 2024
November 22, 2024
November 21, 2024
November 21, 2024
November 16, 2024
November 16, 2024
November 11, 2024
October 30, 2024
October 27, 2024

‘എന്റയർ പൊളിറ്റിക്കൽ’ തട്ടിപ്പ്

വി ദത്തന്‍
June 6, 2023 4:30 am

ഇന്ത്യയിൽ‍ പ്രധാനമന്ത്രിയോ സംസ്ഥാന മുഖ്യമന്ത്രിയോ ആകുന്നതിന് വിശേഷിച്ച് ഒരു വിദ്യാഭ്യാസ യോഗ്യതയും ആവശ്യമില്ല. ആ പദവികളിലെത്തുന്നവരുടെ വിദ്യാഭ്യാസമില്ലായ്മ കുറ്റമായി ആരും കരുതാറില്ല. പക്ഷേ ഇല്ലാത്ത വിദ്യാഭ്യാസം ഉണ്ടെന്നു വരുത്താൻ വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് കൃത്രിമമായി സൃഷ്ടിക്കുന്നതും ഉപയോഗിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ബിരുദങ്ങൾ സംബന്ധിച്ചുണ്ടായിട്ടുള്ള സംശയങ്ങൾ വളരെ ഗുരുതരമായതിനാൽ അവ ദൂരീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മോഡി എന്ന വ്യക്തിയുടെ സ്വകാര്യപ്രശ്നമാണ് എന്നുപറഞ്ഞ് നിസാരവല്‍ക്കരിക്കാൻ സാധ്യമല്ല. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു മാത്രമല്ല, ഇന്ത്യയിലെ ഏതു പൗരനും പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോഗ്യതയെക്കുറിച്ച് അറിയാനുള്ള അവകാശമുണ്ട്. അത് സംശയാതീതമായി വ്യക്തമാക്കേണ്ട ബാധ്യതയും ഉത്തരവാദിത്തവും പ്രധാനമന്ത്രിക്കുണ്ട്. വിദ്യാഭ്യാസയോഗ്യതയൊക്കെ വ്യക്തിയുടെ സ്വകാര്യവിഷയമാണെന്നും അതുകൊണ്ട് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ല, രാജ്യസുരക്ഷയെ ബാധിക്കും, എന്നൊക്കെയുള്ള മുടന്തൻന്യായങ്ങൾ ഉന്നയിച്ച് മറച്ചുവയ്ക്കാവുന്നതല്ല പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസം സംബന്ധിച്ച വിവരങ്ങൾ. ഡൽഹി സർവകലാശാലയിൽ നിന്ന് ബിഎ ബിരുദവും ഗുജറാത്ത് സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്നായിരുന്നു 2014 തെരഞ്ഞെടുപ്പു നിർദേശ പത്രികയോടൊപ്പം മോഡി നൽകിയ വിവരം.

എന്നാൽ ഡൽഹി സർവകലാശാലയിൽനിന്ന് ബിരുദം നേടിയിട്ടില്ലെന്ന് ദില്ലി മുഖ്യമന്ത്രി കെജ്‌രിവാൾ ആരോപിച്ചു. ഗുജറാത്തിലെ ഒരു സാമൂഹ്യപ്രവർത്തകൻ നരേന്ദ്രമോഡിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താനാവശ്യപ്പെട്ടു നൽകിയ വിവരാവകാശ അപേക്ഷ പ്രധാനമന്ത്രിയുടെ ഓഫിസ് തള്ളിയതോടെ സംശയം ബലപ്പെട്ടു. മോഡിയുടെ ബിരുദങ്ങളെല്ലാം വ്യാജമാണെന്ന് തനിക്ക് നൂറ് ശതമാനവും ഉറപ്പുണ്ടെന്നു പറഞ്ഞ് സുപ്രീം കോടതി മുൻ ജഡ്ജിയും പ്രസ് കൗൺസിൽ ചെയർമാനുമായിരുന്ന മാർക്കണ്ഡേയ കഠ്ജുവും രംഗത്ത് വന്നു. മറ്റനവധി പേരും മോഡിയുടെ വിദ്യാഭ്യാസ യോഗ്യതയെ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും പ്രധാനമന്ത്രിയുടെ ഓഫിസോ ബന്ധപ്പെട്ട സർവകലാശാലകളോ ഇന്നേവരെ മറുപടി നൽകിയിട്ടില്ല. പകരം, നിയമമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്ലിയെയും ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷായെയും കൊണ്ട് പത്രസമ്മേളനം വിളിപ്പിച്ച്, തന്റേതാണെന്ന പേരില്‍ ചില ബിരുദ, ബിരുദാനന്തര സർട്ടിഫിക്കറ്റുകളുടെ കോപ്പിയും ഡ്യൂപ്ലിക്കേറ്റും പ്രദർശിപ്പിക്കുകയാണ് മോഡി ചെയ്തത്. അതിൽ തൃപ്തനാകാത്ത കെജ്‌രിവാൾ, കേന്ദ്ര വിവരാവകാശ കമ്മിഷനെയും കേന്ദ്ര‍ ഇന്‍ഫര്‍മേഷന്‍ കമ്മിഷനെയും സമീപിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസിനോടും ഡല്‍ഹി, ഗുജറാത്ത് സർവകലാശാലകളോടും മോഡിയുടെ ബിരുദങ്ങൾ സംബന്ധിച്ച വിവരങ്ങൾ അദ്ദേഹത്തിനു കൈമാറാൻ സിഐസി നിർദേശം നല്കുകയും ചെയ്തു. എന്നാൽ വിവരങ്ങൾ നല്കാതെ, അതിനെതിരെ കോടതിയെ സമീപിക്കുകയാണ് സർവകലാശാലകൾ ചെയ്തത്. വർഷങ്ങള്‍‌ക്കുശേഷം കേസ് പരിഗണിച്ച കോടതിയാകട്ടെ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു 25,000 രൂപ പിഴ ചുമത്തി.


ഇതുകൂടി വായിക്കൂ: 2030 ലെ തൊഴിലും തൊഴിൽ സംസ്കാരവും


ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെയും പരാതിക്കാരനെയും അപഹസിക്കുന്ന ഇത്തരമൊരു നടപടി, പ്രധാനമന്ത്രിയുടെ ബിരുദങ്ങൾ എന്ന പേരിൽ പ്രദർശിപ്പിച്ച സർട്ടിഫിക്കറ്റുകൾ കൃത്രിമമാണെന്ന സംശയത്തിന് ബലം കൂട്ടി. അമിത് ഷായും അരു ൺ ജെയ്റ്റ്ലിയും ചേർന്ന് 2016 മേയിൽ മാധ്യമങ്ങളെ കാണിച്ച സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ രണ്ടും താഴെപ്പറയുന്ന ലക്ഷണങ്ങളാൽ വ്യാജമാണെന്ന് ഒറ്റ നോട്ടത്തിൽത്തന്നെ വ്യക്തമാകും. ഡൽഹി യൂണിവേഴ്സിറ്റി നൽകിയതാണെന്നു പറഞ്ഞു കാണിച്ച ബിഎ ഡിഗ്രിയിൽ വിഷയം എന്താണെന്ന് രേഖപ്പെടുത്തിയിട്ടില്ല. മെയിനും സബ്സിഡിയറിയും ഉണ്ടോ എന്നറിയില്ല. ഏതു ഫാക്കൽറ്റി ആണെന്ന് സൂചിപ്പിച്ചിട്ടില്ല. ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽ നിന്ന് ലഭിച്ചതെന്നു പറയപ്പെടുന്ന എംഎ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന വിഷയം ‘എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സ്’ എന്നാണ്. ഇത്തരമൊരു വിഷയം ഇന്ത്യയിലെ ഒരു സർവകലാശാലയിലും ഇല്ല. ഗുജറാത്ത് യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റ് ഡ്യൂപ്ലിക്കേറ്റ് കോപ്പി എന്ന് അച്ചടിച്ചിരിക്കുന്നു. ഒറിജിനൽ എവിടെ? ഒറിജിനൽ ‘കണ്ടെത്താനാവാത്തവിധം നഷ്ടപ്പെട്ടതാ‘ണെങ്കിൽ ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് കൊടുക്കും. അത് ഒറിജിനൽ സർട്ടിഫിക്കറ്റിന്റെ അതേ മാതൃകയിലായിരിക്കും. അധികമായി ഡ്യൂപ്ലിക്കേറ്റ് എന്ന് രേഖപ്പെടുത്തിയിരിക്കും എന്നുമാത്രം. ഡ്യൂപ്ലിക്കേറ്റ് നൽകിയ തീയതിയും രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതൊന്നും ‘എന്റയർ പൊളിറ്റിക്കൽ സയൻസി’ന്റെ എംഎ ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിൽ ഇല്ല. ഒറിജിനൽ ആയാലും ഡ്യൂപ്ലിക്കേറ്റ് ആയാലും സർട്ടിഫിക്കറ്റിൽ യൂണിവേഴ്സിറ്റിയുടെ എംബ്ലവും സീലും കാണും. ഇതിൽ ഇവ രണ്ടുമില്ല. വൈസ് ചാന്‍സിലറുടെ ഒപ്പില്ല.

ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ആണെങ്കിലും അത് നല്കുന്ന സമയത്തെ വിസിയുടെ ഒപ്പ് അതിലുണ്ടാവുക. ഇതിലാകട്ടെ, പകരം sd/ കെ എസ് ശാസ്ത്രി, വൈസ് ചാൻസലർ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കെ എസ് ശാസ്ത്രിയായിരുന്നു ഡ്യൂപ്ലിക്കേറ്റ് നല്കുന്ന കാലത്തെ വിസി എങ്കിൽ അദ്ദേഹത്തിന്റെ ഒപ്പാണ് രേഖപ്പെടുത്തുക; അല്ലാതെ പേരെഴുതി sd എന്ന് വരച്ചുവയ്ക്കുകയല്ല. 2022ൽ പോലും ഇന്ത്യയിലെ പല യൂണിവേഴ്സിറ്റികളിലും വിദ്യാർത്ഥികളുടെ പേര് കൈകൊണ്ട് എഴുതുകയായിരുന്നു പതിവ്. പക്ഷെ 1979ൽ തന്നെ ഡല്‍ഹി‍ യൂണിവേഴ്സിറ്റി നരേന്ദ്ര ദാമോദർ ദാസ് മോഡിയുടെ പേർ പ്രിന്റ് ചെയ്തു കൊടുത്തിരിക്കുന്നു. 1983ൽ പോലും ഡിടിപി ഇന്ത്യയിൽ സർവസാധാരണമായിരുന്നില്ല. പക്ഷേ 1979ലും 1983ലും ഇഷ്യു ചെയ്ത മോഡിയുടെ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കിയിരിക്കുന്നത് ഡിടിപിയിൽ. എംഎ സർട്ടിഫിക്കറ്റിൽ രജിസ്ട്രാര്‍ എന്ന് പ്രിന്റ് ചെയ്തിട്ടുള്ളതിനു മുമ്പിൽ മൂന്ന് ഇംഗ്ലീഷ് അക്ഷരങ്ങൾ (അതിൽ ആദ്യത്തേത് Tയോ Lഓ എന്നുവ്യക്തമല്ല) കൈകൊണ്ട് എഴുതി ചേർത്തിരിക്കുന്നു. ഇതേ സർട്ടിഫിക്കറ്റിൽ മുകളിൽ നിന്നുള്ള മൂന്നാം വരിയിൽ Gujarat uni­ver­si­ty cer­ti­fy എന്നതിനു ശേഷം ഒരു ദീർഘചതുരം, ഒന്നും രേഖപ്പെടുത്താതെ ശൂന്യമായി കിടക്കുന്നുണ്ട്. ഒരു യൂണിവേഴ്സിറ്റിയും ഒറിജിനലോ ഡ്യൂപ്ലിക്കേറ്റോ ആയ ഒരു സർട്ടിഫിക്കറ്റിലും പ്രമുഖ സ്ഥാനം ഇപ്രകാരം ഒഴിച്ചിടില്ല. മോഡിയുടെതെന്ന്, അവകാശപ്പെട്ട് കേന്ദ്രമന്ത്രിയും അമിത് ഷായും കൂടി പ്രദർശിപ്പിച്ച ബിഎ, എംഎ ഡിഗ്രി സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് വിളിച്ചു പറയുന്ന പ്രത്യക്ഷ തെളിവുകളാണിതെല്ലാം.


ഇതുകൂടി വായിക്കൂ: വിദ്യാഭ്യാസം: ദേശീയതല നയങ്ങള്‍ അഴിച്ചുപണിയണം


മോഡിയും അനുചരന്മാരും പറയുന്നത് സത്യമല്ല എന്ന് വ്യക്തമാക്കാൻ പോരുന്ന സാഹചര്യത്തെളിവുകളും ധാരാളമുണ്ട്. അവയിൽ ചിലത്: 1968ൽ വിവാഹിതനായിരുന്ന മോഡി 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു വരെ ഈ വസ്തുത മറച്ചുവച്ചു. 2001, 2002, 2007, 2012 വർഷങ്ങളിൽ ഗുജറാത്ത് അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ താൻ അവിവാഹിതനാണെന്ന് പറഞ്ഞാണ് മോഡി വോട്ടുപിടിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോഴും ഒറ്റയാൻ ആണെന്ന ഇമേജിലാണ് മോഡി വിലസിയത്. 2014 ഫെബ്രുവരിയിൽ ചെയ്ത തെരഞ്ഞെടുപ്പു പ്രസംഗത്തിൽ പോലും ഒറ്റയാൻ തിയറി അദ്ദേഹം ആവർത്തിച്ചു. “ഏകനും കുടുംബമില്ലാത്തവനുമായ ഞാൻ ആർക്കു വേണ്ടി അഴിമതി നടത്താനാണ്?” അന്ന് മോഡി വികാരാധീനനായി ചോദിച്ചു. 2018 മേയിൽ കർണാടകത്തിലെ കല്‍ബുർഗിയിൽ ഒരു തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് നരേന്ദ്രമോഡി പറഞ്ഞത് “1948ലെ ഇന്തോ-പാകിസ്ഥാൻ യുദ്ധത്തിന്റെ വിജയശില്പിയായ കരസേനാ മേധാവി ജനറൽ തിമ്മയ്യയെ, പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവും പ്രതിരോധ മന്ത്രിയായിരുന്ന വി കെ കൃഷ്ണമേനോനും കൂടി അപമാനിച്ചെന്നും അതിൽ പ്രതിഷേധിച്ച് തിമ്മയ്യ രാജിവച്ചെന്നുമാണ്. 1948ൽ കൃഷ്ണമേനോനായിരുന്നില്ല പ്രതിരോധമന്ത്രി. തിമ്മയ്യ കരസേനാ മേധാവിയുമല്ലായിരുന്നു. കോണ്‍ഗ്രസ് പാർട്ടിയെയും നെഹ്രുവിനെയും മലയാളികളെയും അപമാനിക്കുവാനും സംസ്ഥാനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുവാനും ഉദ്ദേശിച്ച് ബോധപൂർവം മോഡി തട്ടിവിട്ട നുണകൾ ആയിരുന്നു അവ. 2014ലെ തെരഞ്ഞെടുപ്പിൽപോലും നരേന്ദ്രമോഡി പൊതുജനങ്ങൾക്കു മുമ്പിൽ ഹാജരാക്കിയ ഒരു സത്യവാങ്മൂലത്തില്‍ താൻ നിരക്ഷരൻ ആണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

പലവേദികളിലും അദ്ദേഹം ഇതാവർത്തിച്ചു. ചെറുതും വലുതുമായ തെരഞ്ഞെടുപ്പ് റാലികളിലും തന്റെ വിദ്യാഭ്യാസമില്ലായ്മയെക്കുറിച്ചാണ് മോഡി പ്രസംഗിച്ചത്. അതായിരിക്കണം സത്യവും. പ്രധാനമന്ത്രി വ്യാജ സർട്ടിഫിക്കറ്റ് സൃഷ്ടിക്കുന്നത് വലിയക്രിമിനൽ കുറ്റമാണ്. അത് ശരിയായ സർട്ടിഫിക്കറ്റാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് അതിലും വലിയ കുറ്റം. അതിനുവേണ്ടി ഭരണയന്ത്രം ദുരുപയോഗം ചെയ്തത് ഗുരുതരമായ കുറ്റം. ന്യായീകരണത്തിന് നിയമമന്ത്രിയെയും പാർട്ടി സെക്രട്ടറിയെയും നിയോഗിച്ചതാകട്ടെ ഭരണഘടനാനിഷേധവും അധികാര ദുർവിനിയോഗവുമാണ്. 1982ൽ കേരള സർവകലാശാലയിൽ നടന്ന, മാർക്ക് ലിസ്റ്റ് തിരുത്തൽ കേസുകൾ അന്വേഷിച്ച ജസ്റ്റിസ് എം പി മേനോൻ കമ്മിഷന്റെയും പൊലീസിന്റെയും ശുപാർശയുടെ അടിസ്ഥാനത്തിൽ നിരവധി വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ശിക്ഷിക്കപ്പെട്ട് ജയിലിലായി. അവരുടെ വ്യാജബിരുദങ്ങളും തിരുത്തിയ മാർക്ക് ലിസ്റ്റുകളും സർവകലാശാല റദ്ദുചെയ്തു. ഏതു വ്യാജബിരുദക്കാരനെയും കാത്തിരിക്കുന്നത് ഈ ശിക്ഷകൾ തന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.