കേന്ദ്ര സര്‍ക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതിയായ പ്രധാന്‍മന്ത്രി പോഷണ്‍ പദ്ധതി വഴിപാടായി മാറുന്നു. വര്‍ഷംതോറും പടിപടിയായി ഫണ്ട് വെട്ടിക്കുറയ്ക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇക്കാരണത്താല്‍ കുട്ടികള്‍ക്കു നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം കുറയുമെന്ന് ആശങ്ക പ്രകടിപ്പിച്ച വിദഗ്ധര്‍ ബജറ്റ് വിഹിതം വര്‍ധിപ്പിക്കണമെന്നും ആവശ്യമുയര്‍ത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഉച്ചഭക്ഷണ പദ്ധതിയായിട്ടാണ് 12 കോടി കുട്ടികള്‍ക്ക് ഭക്ഷണം ലഭിക്കുന്ന പിഎം പോഷണ്‍ അറിയപ്പെടുന്നത്. അടുത്ത വർഷത്തെ ബജറ്റ് വിഹിതം 2023 സാമ്പത്തിക വർഷത്തിലെ പുതുക്കിയ എസ്റ്റിമേറ്റായ 12,800 കോടിയിൽ നിന്ന് 11,600 കോടി രൂപയായി കേന്ദ്രം വെട്ടിക്കുറച്ചു. രാജ്യത്തെ പണപ്പെരുപ്പവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പദ്ധതിയുടെ ബജറ്റ് വിഹിതം തുടര്‍ച്ചയായി വെട്ടിക്കുറച്ചിട്ടുണ്ടെന്ന് സാമ്പത്തിക വിദഗ്ധനായ ജീന്‍ ദ്രെസ് പറയുന്നു.
ഒമ്പത് വര്‍ഷത്തിന് മുമ്പ് (2014–15) ഉച്ചഭക്ഷണ പദ്ധതിക്ക് അനുവദിച്ച വിഹിതം 13,000 കോടിക്ക് മുകളിലാണ്. എന്നാല്‍ നിലവിലിത് 12,000ത്തില്‍ താഴെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ വിലവര്‍ധനവ് കണക്കിലെടുത്താല്‍ വരുന്ന സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റ് വിഹിതം ഒമ്പത് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 40 ശതമാനം കുറവാണ്. വിഹിതം വെട്ടിക്കുറയ്ക്കുന്നത് കുട്ടികള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പുവരുത്തന്നതിനെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുമെന്നും അദ്ദേഹം ആശങ്ക ഉന്നയിച്ചു. എന്നാല്‍ 2022 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച തുകയേക്കാള്‍ 13 ശതമാനം അധികം തുകയാണ് ഇത്തവണ അനുവദിച്ചതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. 2023–2024 കാലയളവിൽ നിലവിലുള്ള മാനദണ്ഡങ്ങളോടെ പദ്ധതി നടപ്പാക്കുന്നതിന് ഈ വിഹിതം പര്യാപ്തമാണെന്നും വിദ്യാഭ്യാസ മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.
സര്‍ക്കാര്‍ സ്കൂളുകളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന അക്ഷയ പാത്ര ഫൗണ്ടേഷന്‍ പോലുള്ള സംഘടനകള്‍ക്ക് എഫ്‌സിഐ ധാന്യങ്ങളും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സബ്സിഡിയും നല്‍കി വരുന്നുണ്ട്. എന്നാല്‍ അവര്‍ ഒരു കുട്ടിക്കു വേണ്ടി ചെലവാക്കുന്ന ശരാശരി തുക 12 രൂപയ്ക്ക് മുകളിലാണ്. ബാക്കിയുള്ള തുകയ്ക്കായി ഇവര്‍ സ്വകാര്യ ദാതാക്കളെ ആശ്രയിക്കുകയാണ് പതിവ്. കേന്ദ്രസര്‍ക്കാരില്‍ നിന്നും വിവിധ സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും മൊത്തം നടത്തിപ്പ് ചെലവിന്റെ 54 ശതമാനം മാത്രമാണ് ലഭിക്കുന്നത്. മറ്റ് 40 ശതമാനം കോർപറേറ്റുകൾ, ട്രസ്റ്റുകൾ, ഫൗണ്ടേഷനുകൾ, വ്യക്തികൾ എന്നിവരിൽ നിന്നാണ് സമാഹരിക്കുന്നതെന്നും അക്ഷയപാത്ര ഫൗണ്ടേഷൻ സിഇഒ ശ്രീധർ വെങ്കട്ട് പറയുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഒരു കുട്ടിക്ക് ഉച്ചഭക്ഷണത്തിനുള്ള നിരക്ക് പ്രൈമറി ക്ലാസുകളിൽ 5.45 രൂപയായും അപ്പർ പ്രൈമറി ക്ലാസുകൾക്ക് 8.17 രൂപയായും ഉയർത്തിയിരുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് 9.6 ശതമാനം വര്‍ധനവ് വരുത്തിയത്. 2020 ഏപ്രിലിനും 2022 ഒക്ടോബറിനും ഇടയിലുണ്ടായ ഭക്ഷ്യപണപ്പെരുപ്പവുമായി തുലനം ചെയ്താല്‍ മതിയാകുന്ന വര്‍ധനയല്ല വരുത്തിയിരിക്കുന്നതെന്ന് സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് വിലയിരുത്തുന്നു. വിലക്കയറ്റം കണക്കിലെടുത്ത് ഒരു കുട്ടിക്ക് ഭക്ഷണച്ചെലവ് പ്രൈമറി ക്ലാസുകൾക്ക് 6 രൂപയും അപ്പർ പ്രൈമറി ക്ലാസുകൾക്ക് 9 രൂപയ്ക്ക് മുകളിലുമായി ഉയർത്തേണ്ടതുണ്ട്. 60–40 എന്ന അനുപാതത്തിലാണ് പദ്ധതിയിലെ കേന്ദ്ര‑സംസ്ഥാന വിഹിതം. രണ്ടു ഗഡുക്കളായാണ് കേന്ദ്രസര്‍ക്കാര്‍ പണം അനുവദിക്കുന്നത്. എന്നാല്‍ ഈ പ്രക്രിയ വളരെ മന്ദഗതിയിലാണെന്നും സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിലെ ശാസ്ത്രജ്ഞ അവനി കപൂര്‍ ചൂണ്ടിക്കാട്ടുന്നു.
English Summary: pm poshan scheme
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.