
പുറമേ മനോഹരമെന്ന് തോന്നുമെങ്കിലും വിഷം പുരണ്ടതും ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്നതുമായ സമ്മാനപൊതിയാണ് പിഎം ശ്രീ പദ്ധതിയെന്ന് ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആന്റ് ഫ്രണ്ട്ഷിപ്പ് — ഇസ്കഫ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രശാന്ത് രാജൻ പറഞ്ഞു. ഫണ്ട് ലഭിക്കുമെന്നതിന്റെ പേരിൽ പദ്ധതിയുമായി സഹകരിക്കുന്നത് അറിഞ്ഞുകൊണ്ട് അപകടത്തിൽ ചെന്ന് ചാടുന്നതിന് തുല്യമാണ്. വിദ്യാഭ്യാസ വകുപ്പ് പദ്ധതിയോട് സഹകരിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണമെന്ന് ഇസ്കഫ് ആവശ്യപ്പെട്ടു.
കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മണ്ഡലം വളരെ ശക്തമായത് കൊണ്ടാണ് ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളം വേറിട്ട് നിൽക്കുന്നത്. ഭരണഘടനയും ജനാധിപത്യ അവകാശങ്ങളും, മതേതര മൂല്യങ്ങളും ഏറ്റവും അധികം സംരക്ഷിക്കപ്പെടുന്നതും എല്ലാവർക്കും വിദ്യാഭ്യാസം ലഭിക്കുന്നതും കേരളത്തിൽ മാത്രമാണ്. ഏത് അപകടഘട്ടത്തിലും പ്രതിസന്ധിയിലും സഹായത്തിനായി എല്ലാം മറന്ന് ഓടിക്കൂടുന്ന ഒരു സമൂഹത്തെ ഇവിടെ നിലനിർത്താൻ കഴിയുന്നത് മാനവികതയുടെ മൂല്യങ്ങൾ മുറുകെ പിടിച്ച് ജീവത്തായ ഒരു സംസ്കാരത്തെയും ചരിത്രത്തെയും ചേർത്ത് നിർത്തി കേരളം സംരക്ഷിച്ച് പോരുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഗുണഫലം കൊണ്ടാണ്.
കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പുതിയ വിദ്യാഭ്യാസ നയം ഭാരതത്തിലെ വിദ്യാഭ്യാസ സംവിധാനത്തെ മതാധിഷ്ഠിതമായും കച്ചവടവത്കൃതമായും മാറ്റാനുള്ള സംഘ്പരിവാർ നീക്കമാണെന്ന് വ്യക്തമാണ്. എൻഇപിയുടെ പേരിൽ നടക്കുന്നത് വിദ്യാഭ്യാസ പരിഷ്കരണം അല്ല, മറിച്ച് ചിന്തയുടെ അടിമത്തമാണ്.
പാഠപുസ്തകങ്ങളിൽ നിന്ന് മതേതര ചരിത്രവും സാമൂഹിക പ്രതിരോധ പാരമ്പര്യവും നീക്കം ചെയ്ത്, “ഭാരതീയ ജ്ഞാനപാരമ്പര്യം” എന്ന പേരിൽ ഹിന്ദുത്വ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നതിലൂടെ വിദ്യാർത്ഥികളെ ഒരു പ്രത്യേക മതപരമായ ലോകദൃഷ്ടിയിലേക്ക് അടുപ്പിക്കുകയാണ് ലക്ഷ്യം. ഇന്ത്യൻ വിദ്യാഭ്യാസം ഇപ്പോൾ വിപണിയുടെയും മതത്തിന്റെയും നിയന്ത്രണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. സ്വകാര്യ സർവകലാശാലകൾക്കും കോർപറേറ്റ് നിക്ഷേപങ്ങൾക്കും വഴി തുറന്നതോട് കൂടി സമ്പന്നർക്കു മാത്രം ഉന്നതവിദ്യാഭ്യാസം ലഭ്യമാക്കുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. ഈ വഴിയുടെ ഇരകളാകുന്നത് സാമൂഹിക നീതിയും പൊതു വിദ്യാഭ്യാസവുമാണ്. വിദ്യാഭ്യാസം സാമൂഹ്യ പ്രതിബദ്ധതയാണ്. ഒരു മതത്തിന്റെ പ്രചാരോപാധിയോ, ഒരു വ്യാപാര വസ്തുവോ അല്ല, അത് മനുഷ്യന്റെ വിമോചനത്തിനും സമൂഹത്തിന്റെ പുരോഗതിക്കുമുള്ള മൂല്യാധിഷ്ഠിത അവകാശമാണെന്ന് ഇസ്കഫ് ജനറൽ സെക്രട്ടറി പ്രശാന്ത് രാജൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.