കള്ളപ്പണ നിരോധന നിയമപ്രകാരം എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ആശങ്ക ആവര്‍ത്തിച്ച് സുപ്രീം കോടതി. പിഎംഎല്‍എ കേസില്‍ അറസ്റ്റിലായവരില്‍ എത്രപേര്‍ ശിക്ഷിക്കപ്പെട്ടുവെന്നതിന്റെ കണക്കെടുക്കുന്ന ഒരു ദിവസം വരുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇഡിയുടെ കള്ളപ്പണ കേസില്‍ അറസ്റ്റിലായ വ്യക്തിയുടെ ജാമ്യം അനുവദിച്ചുള്ള ഉത്തരവിനിടെയാണ് ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങുന്ന ബെഞ്ച് വാക്കാല്‍ നിരീക്ഷണം നടത്തിയത്. കള്ളപ്പണ നിരോധന നിയമ പ്രകാരം ഇഡി കേസ് രജിസ്റ്റര്‍ ചെയ്താല്‍ നിരപരാധിയെന്ന് അയാള്‍ തെളിയിക്കുംവരെ കസ്റ്റഡിയില്‍ വയ്ക്കുന്ന വ്യവസ്ഥയാണുള്ളത്. 2023 ഫെബ്രുവരി 23 ന് ഇഡി കസ്റ്റഡിയില്‍ എടുത്ത പ്രതിക്ക് ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് ഇഡിയുടെ നിരീക്ഷണം. കള്ളപ്പണ നിരോധന നിയമ പ്രകാരം കഴിഞ്ഞ 10 വര്‍ഷത്തിനിടെ 5000 കേസുകളാണ് ഇഡി രജിസ്റ്റര്‍ ചെയ്തത്. ഇതിന് 40 പേര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കവെ കോടതി അഭിപ്രായപ്പെട്ടിരുന്നു. കള്ളപ്പണ നിരോധന നിയമ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും ഏകീകൃത നയം വേണമെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന ആക്ഷേപം ശക്തമായി നിലനില്‍ക്കെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. തമിഴ്‌നാട് മന്ത്രിയായിരുന്ന സെന്തില്‍ ബാലാജി കേസിന്റെ വിധിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ കോടതി പിഎംഎല്‍എ കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചത്. പ്രതികളെ ദീര്‍ഘകാലം കസ്റ്റഡിയില്‍ വയ്ക്കാനുള്ള ഉപകരണങ്ങളായി യുഎപിഎ, പിഎംഎല്‍എ, എന്‍ഡിപിഎസ് നിയമങ്ങള്‍ മാറിയെന്നും സെന്തില്‍ ബാലാജി കേസില്‍ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.