
പൊലീസ് കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ട പോക്സോ കേസ് പ്രതിയെ അസമിൽ നിന്ന് പിടികൂടി. നല്ലളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ അസം സ്വദേശി ലാൽപ്പെട്ടയിൽ നസീദുൽ ഷെയ്ഖി(23) നെയാണ് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം നവംബർ ആറിനാണ് ഇയാൾ ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടത്. കോഴിക്കോട് ചെറുവണ്ണൂരിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന 15കാരിയെ നസീദുൽ ശൈഖ് പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോവുകയും തുടർന്ന് ഹരിയാന സ്വദേശിയായ ഒരാൾക്ക് 25,000 രൂപയ്ക്ക് കൈമാറുകയുമായിരുന്നു. ഇയാൾ കുട്ടിയെ ബലാത്സംഗം ചെയ്യുകയും ഗർഭിണിയാക്കുകയും ചെയ്തു. കേസിൽ പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകൽ, മനുഷ്യക്കടത്ത്, ബലാത്സംഗം എന്നീ കുറ്റകൃത്യങ്ങളും ചുമത്തിയിട്ടുണ്ട്. കുട്ടിയെ വിലയ്ക്ക് വാങ്ങിയ ആളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ നല്ലളം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ പ്രതി അസമിലേക്ക് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നല്ലളം പൊലീസ് അസമിലെത്തി അവിടുത്തെ പൊലീസിന്റെ സഹായത്തോടെ നവംബർ ആറിന് ഇയാളെ കസ്റ്റഡിയിലെടുത്തു. അസമിൽ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ പ്രതി ബിഹാറിൽ വച്ച് ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നല്ലളം പൊലീസ് തുടർച്ചയായി അന്വേഷണം നടത്തുകയും സൈബർ സെല്ലിന്റെ പരിശോധനയിൽ പ്രതി അസമിലെത്തിയിട്ടുണ്ടെന്ന് മനസിലാക്കുകയുമായിരുന്നു.
ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ സിദ്ദിഖ് വിയുടെ മേൽനോട്ടത്തിൽ നല്ലളം പൊലീസ് ഇൻസ്പെക്ടർ സുമിത് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ സുനിൽ കുമാർ, എസ്‌സിപിഒമാരായ സഫീൻ, സുകേഷ് എന്നിവർ കഴിഞ്ഞ മാസം അവസാനം അസമിലെത്തി. പ്രതിയുടെ ബന്ധുക്കളോടും നാട്ടുകാരോടും അന്വേഷിച്ചെങ്കിലും കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായില്ല. പൊലീസ് അന്വേഷിച്ച് അസമിലെത്തിയിട്ടുണ്ടെന്ന് മനസിലാക്കിയ പ്രതി മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. പ്രതിയെ അന്വേഷിച്ച് ദിവസവും നൂറ് മുതൽ ഇരുന്നൂറ് കിലോമീറ്ററുകളോളം യാത്ര ചെയ്ത സംഘം പതിനൊന്ന് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്. അസം ബാർപ്പേട്ട പൊലീസ് സ്റ്റേഷൻ പരിധിയിലെ കായക്കുച്ചി ഗ്രാമത്തിൽ സുഹൃത്തിന്റെ വീടിനടുത്തുള്ള മുളകുപാടത്ത് വച്ചാണ് അസം പൊലീസിന്റെ സഹായത്തോടെ പിടികൂടിയതെന്ന് നല്ലളം പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.