പെലെ ലോകത്തെ വിസ്മയിപ്പിച്ച ഫുട്‌ബോളര്‍ മാത്രമായിരുന്നില്ല അദ്ദേഹം. കാല്‍പന്തിന്റെ സൗന്ദ്യര്യത്തെ ജനഹൃദയങ്ങളിലേക്ക് പകര്‍ന്നു നല്‍കിയ കവിയും സംഗീതകാരനുമൊക്കെയാണ്. ഒരു ടീം ഗെയിം എന്ന നിലയില്‍ ഫുട്‌ബോളിന്റെ ചന്തം കാലുകളില്‍ നിന്ന് കാണികളിലേക്ക് പടര്‍ത്തിയ മാന്ത്രികനായി പെലയെ ലോകം അടയാളപ്പെടുത്തുന്നു. ഫൗള്‍ നിയമങ്ങള്‍ ഇന്നത്തെ പോലെ കര്‍ക്കശമാകാത്ത ആ കാലത്ത് പെലെ എതിരാളികളുടെ പ്രതിരോധ ദുര്‍ഗ്ഗങ്ങളെ ഭേദിച്ചത് സൗന്ദര്യാത്മകമായ കേളീവൈഭവം ഒന്നുകൊണ്ടുമാത്രമായിരുന്നു. കറുത്ത വര്‍ഗ്ഗക്കാരെ രണ്ടാം തരം പൗരന്മാരായി മാത്രം കണ്ടിരുന്ന ബ്രസീലിലെ 1900ങ്ങളുടെ തുടക്കം വരെ നിലനിന്ന വളരെ മോശപ്പെട്ട സാമൂഹ്യരാഷ്ട്രീയ പശ്ചാത്തലങ്ങളില്‍ നിന്ന് പെലയെന്ന താരം ഉദിച്ചുയരുന്നതും അവന്റെ തോളിലേറി രാജ്യം ഫുട്‌ബോളിന്റെ അമരത്തെത്തുന്നതും കണ്ടു നില്‍ക്കാന്‍ മാത്രമേ വേട്ടയാടാന്‍ തക്കം പാര്‍ത്തിരുന്നവര്‍ക്കായുള്ളൂ. മഹാ പ്രതിഭയുടെ മികവിനു മുന്നില്‍ എല്ലാ അതിര്‍വരമ്പുകളും ഇല്ലാതായി. ബ്രസീലില്‍ അപ്പോഴേക്കും മാറ്റിനിര്‍ത്തപ്പെടലിന്റെ കറുത്ത നാളുകള്‍ക്ക് അന്ത്യം സംഭവിച്ചു തുടങ്ങിയിരുന്നു. അതിദരിദ്രമായ ബാല്യകൗമാരങ്ങളില്‍ പട്ടിണിക്ക് സമാനമായ ജീവത സാഹചര്യങ്ങളില്‍ പച്ചവെള്ളവും പന്തും മാത്രമായിരുന്ന എഡ്‌സണ്‍ അരാന്റോസ് നാസിമെന്റെ എന്ന കൂട്ടുകാരുടെ പ്രിയപ്പെട്ട പെലയുടെ ആകെയുള്ള ആശ്വാസം.
വീടനടുത്തുള്ള തെരുവില്‍ ഷൂ പോളിഷ് ചെയ്തും സമയം കിട്ടുമ്പോള്‍ ഷൂ വിനെ പ്രണയിച്ച പന്തിനെ തേടിയും അവന്‍ കൗമാരത്തില്‍ സ്വപ്‌നങ്ങള്‍ നെയ്തു. വലിയ കളിക്കാരനാകണം എന്ന മോഹം എന്നെങ്കിലും യാഥാര്‍ത്ഥ്യമാകുമെന്ന ചെറിയ പ്രതീക്ഷപോലും ഇല്ലായിരുന്നെങ്കിലും തീവ്രമായ ആ മോഹം സഫലമാക്കാന്‍ ദൈവം അവതരിച്ചു. ഗാലറികളില്‍ ആരവങ്ങള്‍ തീര്‍ക്കാന്‍ അവന്‍ ബൂട്ട് മുറുക്കി. പത്താം നമ്പര്‍ ജേഴ്‌സി അവനെ ഗോള്‍ വേട്ടക്കാരനാക്കി. മൈതാനങ്ങളെ അവന്‍ അടക്കി ഭരിച്ചു. ബ്രസീലിനായി മൂന്ന്തവണ ലോകകപ്പ് നേടി ചരിത്രത്തില്‍ ഇടംനേടിയ താരമാണ് പെലെ. 1958, 1962, 1970 ലോകകപ്പുകളിലായിരുന്നു ഈ കിരീടങ്ങള്‍. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്‌ബോള്‍ താരവും പെലെയാണ്. ദാരിദ്ര്യത്തിലും പെലയുടെ പിതാവ് വലിയ ശാസ്ത്രബോധമുള്ളയാളായിരുന്നു. മാത്രമല്ല നാട്ടിലെ അറിയപ്പെടുന്ന ഫുട്‌ബോളറും കൂടിയായിരുന്നു അദ്ദേഹം. പക്ഷേ കളി ഉപജീവനമാര്‍ഗ്ഗമൊന്നും ആവാത്ത 1940 കളില്‍ പട്ടിണിക്കൂട്ടങ്ങളുടെ നേരം പോക്കുമാത്രമായിരുന്നു കാല്‍പന്ത് കളി. എന്തായാലും മകന് പേരിടുമ്പോള്‍ തന്റെ ആരാധ്യനായ ശാസ്ത്രജ്ഞന്‍ തോമസ് ആല്‍വാ എഡിസണായിരുന്നു ആ മനസ്സു നിറയെ. കൂട്ടിക്ക് എഡ്‌സണ്‍ അരാന്റോസ് നാസിമെന്റോ എന്ന് പേരിട്ടു. പക്ഷേ അച്ഛന്റെ പേര് കുട്ടിക്കാലം മുതലെ കടലാസ്സില്‍ മാത്രമായി. കൂട്ടുകാര്‍ അവനെ പെലെ എന്നു വിളിച്ചു. പോര്‍ച്ചൂഗീസില്‍ പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ലാത്ത ആ വിളിപ്പേരിനെ പിന്നെ ലോകം ഏറ്റുവിളിച്ചു. ഒരു പാട് അര്‍ത്ഥതലങ്ങളോടെ, സ്‌നേഹമസൃണമായി, വര്‍ധിച്ച ആരാധനയോടെ. ബ്രസീലിലെ പ്രശസ്തമായ ഫുട്‌ബോള്‍ ക്ലബ്ബായ വാസ്‌കോഡഗാമയുടെ ഗോള്‍ കീപ്പര്‍ ബില്ലെയെ ഡികോ എന്ന വിളിപ്പേരുണ്ടായിരുന്ന നാസിമെന്റോ പെലെ എന്നാണ് വിളിച്ചിരുന്നത്.അതാണ് പിന്നീട് സ്വന്തം പേരായിമാറിയതെന്ന് അദ്ദേഹം ആത്മകഥയില്‍ പറയുന്നു 1956ല്‍ പതിനഞ്ചാം വയസില്‍ ബ്രസീലിന്റെ പ്രസിദ്ധമായ ഫുട്ബോള്‍ ക്ലബ്ബ് സാന്റോസിനൊപ്പമാണ് കളി തുടങ്ങിയത്.
1956 സെപ്റ്റംബര്‍ ഏഴിന് കൊറിന്ത്യന്‍സിനെതിരെയായിരുന്നു സാന്റോസ് സീനിയര്‍ ടീമിലെ ആദ്യ കളി. ഒന്നിനെതിരേ ഏഴു ഗോളിന് സാന്റോസ് ജയിച്ച ആ മത്സരത്തില്‍ പെലെ ഒരു ഗോളും സ്വന്തം പേരിനൊപ്പം ചേര്‍ത്തതായി ആത്മകഥയായ പെലെ ദി ഓട്ടോബയോഗ്രഫിയില്‍ പറയുന്നു. 1957 ജൂലൈ 7ന് പാരമ്പര്യവൈരികളായ അര്‍ജന്റീനയ്ക്കെതിരെയായിരുന്നു ബ്രസീല്‍ ടീമിലെ പെലെയുടെ അരങ്ങേറ്റം.പത്താം നമ്പര്‍ ജേഴ്‌സിയില്‍ 16 വര്‍ഷവും ഒമ്പത് മാസവും പ്രായമുള്ളപ്പോഴായിരുന്നു അത്. മത്സരത്തില്‍ 12 ഗോളുകള്‍ക്ക് ബ്രസീല്‍ പരാജയപ്പെട്ടെങ്കിലും പെലെ ഗോള്‍ നേടി ശ്രദ്ധനേടി. പിന്നീടങ്ങോട്ട് പെലെയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ആയിരത്തിലേറെ ഗോളുകള്‍ നേടി ചരിത്രത്തിലേക്കായിരുന്നു ആ യാത്ര. 1958ല്‍ ലോകകപ്പില്‍ അരങ്ങേറി. പെലയുടെ കരിയറിലെ ആദ്യ മേജര്‍ ടൂര്‍ണമെന്റായിരുന്നു അത്. കാല്‍മുട്ടിനേറ്റ പരിക്കുമായി സ്വീഡനിലെത്തിയ പെലെ സെമിയില്‍ ഫ്രാന്‍സിനെതിരേ ഹാട്രിക്ക് നേടി. ലോകകപ്പ് ചരിത്രത്തില്‍ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് പെലെ സ്വന്തമാക്കി. സ്വീഡനെതിരായ ഫൈനലിലും ഇരട്ട ഗോള്‍ നേടി. സ്വീഡനെ രണ്ടിനെതിരേ അഞ്ചു ഗോളിന് തകര്‍ത്ത് അന്ന് ബ്രസീല്‍ കിരീടം നേടി. നാലു മത്സരങ്ങളില്‍ ആറു ഗോളുകള്‍ നേടിയ പെലെയെ ടൂര്‍ണമെന്റിലെ മികച്ച യുവതാരമായി തെരഞ്ഞെടുത്തു. 1970 ലോകകപ്പില്‍ ഗോള്‍ഡന്‍ ബോളും സ്വന്തമാക്കി.1971 ജൂലായ് 18ന് റിയോ ഡി ജനെയ്റോയില്‍ യൂഗോസ്ലാവിയക്കെതിരെയായിരുന്നു ബ്രസീല്‍ ജേഴ്സിയിലെ അവസാന മത്സരം.
കാനറിപ്പടക്കായി 92 മത്സരങ്ങളില്‍ നിന്ന് 77 ഗോളുകള്‍ നേടാനായ ശേഷമായിരുന്നു വിടവാങ്ങല്‍. ആറു വര്‍ഷം കഴിഞ്ഞ് പെലെ പ്രൊഫഷണല്‍ കരിയര്‍ അവസാനിപ്പിച്ചു. 1977 ഒക്ടോബര്‍ ഒന്നിന് ന്യൂയോര്‍ക്ക് കോസ്മോസും സാന്റോസും തമ്മിലുള്ള മത്സരത്തിലൂടെ പെലെ വിടവാങ്ങി.
English Summary: Poet and musician Pele 1940–2022
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.