29 January 2026, Thursday

ഇഷ ഫൗണ്ടേഷൻ ഓഫിസിൽ പൊലീസ് പരിശോധന

Janayugom Webdesk
ചെന്നൈ
October 1, 2024 11:13 pm

സ്വയം പ്രഖ്യാപിത ആള്‍ദൈവം സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷൻ ഓഫിസിൽ പൊലീസ് പരിശോധന. മദ്രാസ് ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് നടപടി. രണ്ട് പെൺമക്കൾ യോഗ സെന്ററിൽ അടിമകളായി ജീവിക്കുന്നുവെന്ന കോയമ്പത്തൂർ സ്വദേശിയുടെ പരാതിയെത്തുടര്‍ന്നാണ് പരിശോധന. കോയമ്പത്തൂർ സ്വദേശിയായ മുൻ പ്രൊഫസർ ഡോ. എസ് കാമരാജ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിൽ സദ്ഗുരു ജഗ്ഗി വാസുദേവിനോട് ഏറെ പ്രസക്തമായ ചോദ്യങ്ങൾ ഹൈക്കോടതി കഴിഞ്ഞദിവസം ചോദിച്ചിരുന്നു. സ്വന്തം മകൾക്ക് വിവാഹ ജീവിതവും സുരക്ഷിത ഭാവിയും ഉറപ്പ് വരുത്തിയ ജഗ്ഗി വാസുദേവ് എന്തിനാണ് മറ്റ് യുവതികളെ സന്യാസത്തിന് നിർബന്ധിക്കുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ പ്രധാന ചോദ്യം. ജഗ്ഗി വാസുദേവ് സ്വന്തം മകളുടെ കല്യാണം നടത്തുകയും അവരെ ജീവിതത്തിൽ നല്ല നിലയിലെത്തിക്കുകയും ചെയ്തശേഷം മറ്റുള്ളവരോട് തല മൊട്ടയടിച്ച് ലൗകിക ജീവിതം ഉപേക്ഷിക്കാൻ ആവശ്യപ്പെടുകയാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ എസ് എം സുബ്രഹ്മണ്യം, വി ശിവജ്ഞാനം എന്നിവരായിരുന്നു കേസ് പരിഗണിച്ചത്. 

പെണ്‍മക്കളായ ഗീതയും ലതയും പ്രലോഭനത്തെത്തുടര്‍ന്ന് കുടുംബം ഉപേക്ഷിച്ച് ഇഷ യോഗ സെന്ററിൽ ജീവിക്കുന്നു എന്നായിരുന്നു പിതാവിന്റെ ഹർജിയിലെ പരാതി. ചില മരുന്നുകൾ ഭക്ഷണത്തിൽ കലർത്തി നൽകി യുവതികളെ അടിമകളാക്കിയെന്നും മക്കൾ ഇല്ലാത്ത ജീവിതം നരകമാണെന്നും ഹർജിയില്‍ പറയുന്നു. ഫൗണ്ടേഷനെതിരെ നിരവധി ക്രിമിനൽ പരാതികളുള്ളതിനാൽ വിഷയത്തിൽ കൂടുതൽ പരിശോധന വേണമെന്ന് കോടതി പറഞ്ഞു. ഫൗണ്ടേഷനിലെ ഡോക്ടര്‍ക്കെതിരെയുള്ള പോക്സോ കേസ് അടക്കം എല്ലാ ക്രിമിനൽ കേസുകളിലെയും നടപടികൾ അറിയിക്കാനും തമിഴ്‍നാട് സർക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. പിന്നാലെയാണ് ഫൗണ്ടേഷൻ ഓഫിസിൽ പൊലീസ് പരിശോധന നടത്തിയത്. 

മൂന്ന് എസ്പിമാരുടെ നേതൃത്വത്തില്‍ 150 ലധികം പേരടങ്ങുന്ന പൊലീസ് സംഘമാണ് തൊണ്ടമുത്തൂരിലെ ഓഫിസില്‍ പരിശോധനയ്ക്കെത്തിയത്. അന്തേവാസികളുടെ ജീവിതരീതി, അവര്‍ കേന്ദ്രത്തില്‍ എത്താനിടയായ കാരണങ്ങള്‍ തുടങ്ങിയവ സംഘം ചോദിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 

Kerala State - Students Savings Scheme

TOP NEWS

January 29, 2026
January 29, 2026
January 29, 2026
January 29, 2026
January 29, 2026
January 29, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.