
ശിവഗിരി വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രിയും , മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ കെആന്‍റണിയെ തള്ളി എസ് എന്‍ഡിപി യോഗം അസി.സെക്രട്ടറി കെ എ ബാഹുലേയന്‍. അന്നു ശിവഗിരിയില്‍ അരങ്ങേറിയത് പൊലീസ് നരനായാട്ടാണ്. എ കെ ആന്റണി പറഞ്ഞത് അവാസ്തവമാണ്. ഒരു മാസം മുമ്പ് തന്നെ റൂറല്‍ എസ് പി ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ പൊലീസ് ദ്രുത കര്‍മ്മസേനയെ സജ്ജമാക്കിയിരുന്നുവെന്നും അന്നത്തെ ശിവഗിരി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹിയുമായിരുന്ന കെ എ ബാഹുലേയന്‍ അഭിപ്രായപ്പെട്ടു പൊലീസിന്റെ നരനായാട്ട് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗം. സന്യാസിമാരെയും സ്ത്രീകളെയും അടക്കം തല്ലിച്ചതച്ചു.
കോടതി വിധിയിൽ വ്യക്തത വരുത്തണമെന്ന് താൻ എ കെ ആന്റണിയെ നേരിൽ കണ്ട് ആവശ്യപ്പെട്ടു. ട്രസ്റ്റ് സ്കീമിന് വിരുദ്ധമായാണ് വിധി വന്നിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി. അതൊന്നും സാധ്യമല്ല എന്നാണ് മുഖ്യമന്ത്രിയായ എ കെ ആന്റണി മറുപടി നൽകിയതെന്ന് ബാഹുലേയൻ പറഞ്ഞു. കോടതി വിധി നടപ്പിലാക്കാൻ എ കെ ആന്റണി വലിയ തിടുക്കം കാട്ടിയെന്ന് ബാഹുലേയൻ കുറ്റപ്പെടുത്തി. മന്ത്രി സി വി പത്മരാജനെയും നേരിൽ കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടു. അതൊന്നും നടക്കില്ല എന്നായിരുന്നു മറുപടി. ഞങ്ങൾ പൊലീസിനെ ഉപയോഗിച്ച് അതെല്ലാം ശരിയാക്കും എന്ന് ദേഷ്യത്തിൽ സി വി പത്മരാജൻ മറുപടി നൽകിയത്. പിന്നാലെ വക്കം പുരുഷോത്തമനെ ബന്ധപ്പെട്ടു.
ആന്റണിയും സി വി പത്മരാജനും പറഞ്ഞത് തന്നെ നടപ്പാക്കുമെന്ന് അദേഹവും മറുപടി നൽകിയെന്ന് ബാഹുലേയൻ പറഞ്ഞു. പൊലീസ് മർദ്ദനം ഭീകരമായിരുന്നുവെന്ന് ബാഹുലേയൻ പറഞ്ഞു. താൻ അടക്കമുള്ളവർക്ക് മർദ്ദനമേറ്റു. ഭീകര മർദ്ദനമേറ്റ പവിത്രാനന്ദ സ്വാമികൾ പിന്നെ കിടക്കയിൽ കിടക്കയിൽ കിടന്നു മരിച്ചു. അസ്പർശാനന്ദ സ്വാമികളുടെ കണ്ണ് അടിച്ചു പൊട്ടിച്ചു. അദ്ദേഹവും മരിച്ചു. ഗുരു ഭക്തയായ ദാക്ഷായണി അമ്മ പൊലീസ് മർദനത്തെ തുടർന്ന് കിടന്ന് ദുരിതമനുഭവിച്ച് മരിച്ചു. അങ്ങനെ നിരവധി പേരുണ്ടെന്ന് അദേഹം പറഞ്ഞു.
പൊലീസ് നരനായാട്ട് അനിവാര്യമായിരുന്നു എന്നാണ് സച്ചിദാനന്ദ സ്വാമി പറഞ്ഞത്. അദ്ദേഹത്തെ സംബന്ധിച്ച് അത് അനിവാര്യമായിരുന്നു, കാരണം അദ്ദേഹമുൾപ്പടെയുള്ളവരാണ് അത് ചെയ്യിപ്പിച്ചത്. ജഡ്ജി ബാലസുബ്രഹ്മണ്യവും അതിൽ ഭാഗമായി എന്ന് സംശയിക്കുന്നു. കേരളത്തിന്റെ മണ്ണിൽ ആദ്യമായി വിഘടനവാദം ഉണ്ടാക്കിയത് ആന്റണിയാണ്. എ കെ ആന്റണി അന്ന് ഭീകരമായ അന്തരീക്ഷമാണ് സൃഷ്ടിച്ചത്. എ കെ ആന്റണി നിരപരാധിയെ പോലെ വർത്തമാനം പറയാൻ അറിയാം എന്നു പറഞ്ഞ് എന്ത് കള്ളവും പറയാമോയെന്ന് ബാഹുലേയൻ ചോദിച്ചു.
ദുഃഖപുത്രനായി അഭിനയിച്ച് ഇങ്ങനെയൊക്കെ പറയാമോ. ശ്രീനാരായണീർ ആരും എ കെ ആന്റണിയോട് പൊറുക്കില്ല. ചെയ്തത് തെറ്റായി എന്ന് എ കെ ആന്റണി ഒരിക്കൽ അംഗീകരിച്ചത് ഇനിയും അംഗീകരിക്കണം. തിരഞ്ഞെടുപ്പ് വരുമ്പോൾ രാഷ്ട്രീയ ലാഭത്തിനുവേണ്ടി എന്തും പറയാം എന്ന് ആന്റണി കരുതരുതെന്ന് ബാഹുലേയൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.