നടിയെ ആക്രമിച്ച കേസിൽ പൊലീസ് കള്ളതെളിവുകൾ ഉണ്ടാക്കിയെന്ന ആരോപണത്തിൽ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് എതിരെ കോടതി അലക്ഷ്യ ഹർജി. വിചാരണ കോടതിയിലാണ് അതിജീവിത ഹർജി നൽകിയത്. ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീലേഖ ആരോപണം ഉന്നയിച്ചത്. നേരത്തെ ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകൾ പുറത്തുവന്നിരുന്നു .ദിലീപിന് അനുകൂലമായി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തൽ വലിയ വിവാദമായിരുന്നു. കേസിൽ ദിലീപ് നിരപരാധിയാണെന്നും നടനെതിരെ തെളിവുകൾ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു അവർ ആരോപിച്ചത്.
അതിനുശേഷം അടുത്തിടെ ഒരു സ്വകാര്യ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വീണ്ടും ദിലീപിന് അനുകൂലമായി ശ്രീലേഖ രംഗത്ത് വന്നിരുന്നു. ഈ കേസിൽ ദിലീപ് നിരപരാധിയാണെന്ന് തനിക്ക് ഉത്തമ ബോധ്യമുണ്ടെന്നും ഈ കേസ് തീരാൻ പോകുന്നില്ലെന്നും ദിലീപിന്റെ കാര്യത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവരോട് നേരിട്ട് കാര്യം ബോധിപ്പിച്ചിരുന്നുവെന്നും ശ്രീലേഖ പറഞ്ഞിരുന്നു. അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്തിമ വാദം ഇന്നാരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അന്തിമഘട്ട വിചാരണ നടപടികൾ പുരോഗമിക്കുന്നത്. ഇന്നാരംഭിക്കുന്ന പ്രൊസിക്യൂഷൻ വാദം രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുമെന്നാണ് കരുതുന്നത്. ശേഷം കേസിലെ പ്രതിഭാഗം വാദം ആരംഭിക്കും.
ജനുവരി മധ്യത്തോടെ വിചാരണ നടപടികൾ പൂർത്തിയാക്കി കേസ് വിധി പറയാൻ മാറ്റിയേക്കും. കേസിൽ നടൻ ദിലീപ് ഉള്‍പ്പെടെ 9 പ്രതികളുണ്ട്. കേസിൽ വിചാരണ നേരിടുന്ന എട്ടാം പ്രതിയാണ് ദിലീപ്. ബലാത്സംഗ ഗൂഡാലോചന കേസിലാണ് ദിലീപ് പ്രതിചേർക്കപ്പെട്ടത്. ക്വട്ടേഷന്റെ ഭാഗമായി ബലാത്സംഗ കുറ്റകൃത്യം നടപ്പാക്കിയ പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി. 2017 ഫെബ്രുവരി 17‑നാണ് കൊച്ചിയിൽ ഓടുന്ന വാഹനത്തിൽവെച്ച് നടി ബലാത്സംഗത്തിനിരയായത്. 2018 മാർച്ചിലാണ് കേസിലെ വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിച്ചത്. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ പരിശോധിക്കപ്പെട്ടെന്ന വാർത്ത പുറത്തുവന്നിരുന്നു .ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത രാഷ്ട്രപതിക്ക് പരാതി അയച്ചിരുന്നു. മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കപ്പെട്ടതായി ചൂണ്ടിക്കാണിച്ചായിരുന്നു അതിജീവിതയുടെ പരാതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.