23 January 2026, Friday

Related news

January 19, 2026
January 10, 2026
January 6, 2026
January 4, 2026
January 3, 2026
December 30, 2025
December 30, 2025
December 24, 2025
December 24, 2025
December 21, 2025

ഡിജിപിയുടെ വീട്ടിൽ അതിക്രമിച്ച് കയറി മഹിളാ മോർച്ച പ്രവർത്തകർ; കേസെടുത്ത് പൊലീസ്

Janayugom Webdesk
തിരുവനന്തപുരം
December 16, 2023 7:51 pm

അതീവ സുരക്ഷാ സംവിധാനങ്ങളുള്ള സംസ്ഥാന പൊലീസ് മേധാവി ഷേക്ക് ദർവേഷ് സാഹിബിന്റെ വീട്ടിലേക്ക് മഹിളാമോർച്ച പ്രവർത്തകർ പ്രതിഷേധവുമായി അതിക്രമിച്ച് കയറി. ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി വെറുതെവിട്ടത് പൊലീസിന്റെ അനാസ്ഥ കൊണ്ടാണെന്നാരോപിച്ചായിരുന്നു മാര്‍ച്ച്.

ശനിയാഴ്ച രാവിലെ 9.30 ഓടെ മാർച്ചിനുള്ള തയ്യാറെടുപ്പിനിടെയാണ് ഒരു വിഭാഗം ഡിജിപിയുടെ വഴുതക്കാട്ടെ വീട്ടിലെത്തിയത്. ഇരുചക്ര വാഹനങ്ങളിലായി ഡിജിപിയുടെ വീടിന് സമീപത്ത് അഞ്ചുമിനിട്ടോളം കാത്തുനിന്ന മഹിളാമോർച്ച പ്രവർത്തകർ ഗേറ്റ് തള്ളിത്തുറന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് കോമ്പൗണ്ടിലേക്ക് ഓടിക്കയറുകയായിരുന്നു. വനിതാ പൊലീസുകാർ ഇല്ലാതിരുന്നതിനാൽ പ്രവർത്തകരുടെ അപ്രതീക്ഷിത നീക്കം തടയാൻ സുരക്ഷാ ഉദ്യോഗസ്ഥർക്കും കഴിഞ്ഞില്ല. ഓടിയെത്തിയ പ്രതിഷേധക്കാർ സിറ്റൗട്ടിലിരുന്ന് മുദ്രാവാക്യവും വിളിച്ചു.

തുടർന്ന് മ്യൂസിയം സ്റ്റേഷനിൽ നിന്ന് എസ്എച്ച്ഒയുടെ നേതൃത്വത്തിൽ വനിതാ പൊലീസ് സംഘം എത്തി അഞ്ച് പേരെ അറസ്റ്റ് ചെയ്തു. മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ജയ രാജീവ് ഉൾപ്പടെയുള്ളവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ മഹിളാ മോർച്ച പ്രവർത്തകർ വഴുതക്കാട് പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചും അക്രമാസക്തമായി. മാർച്ച് തടയാൻ പൊലീസ് തീർത്ത ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച ഒമ്പത് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

സംഭവത്തില്‍ 5 മഹിളാമോർച്ച പ്രവർത്തകർക്കെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു.  അതിക്രമിച്ച് കയറിയതിനും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ്. പൂജ സുനിൽ, ശ്രീജ മനോജ്, സരിത, ലീന മോഹൻ, ജയാ രാജീവ് എന്നിവർക്കെതിരെയാണ് കേസ്.

Eng­lish Sum­ma­ry: Police reg­is­tered a case against Mahi­la Morcha
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.