25 December 2024, Wednesday
KSFE Galaxy Chits Banner 2

ഡല്‍ഹി ചലോ മാര്‍ച്ചിനുനേരെ പൊലീസ് അതിക്രമം; ഒമ്പത് കര്‍ഷകര്‍ക്ക് പരിക്കേറ്റു

താല്‍ക്കാലികമായി സമരം നിര്‍ത്തി
Janayugom Webdesk
ചണ്ഡീഗഢ്
December 8, 2024 11:04 pm

കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ച് അടിച്ചമര്‍ത്തി ഹരിയാന സര്‍ക്കാര്‍. പഞ്ചാബില്‍ നിന്നുള്ള കര്‍ഷക സംഘത്തിനുനേരെ കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഒമ്പത് കര്‍ഷകര്‍ക്ക് പരിക്കേറ്റതോടെ പ്രക്ഷോഭകര്‍ താല്‍ക്കാലികമായി പിന്‍വാങ്ങി. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
ബാരിക്കേഡ് മറികടന്ന് മുന്നോട്ട് പോകാനുള്ള സമരക്കാരുടെ ശ്രമം തടഞ്ഞ പൊലീസ് കര്‍ഷകരെ മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് നേതാക്കള്‍ അറിയിച്ചു. 

കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി പഞ്ചാബില്‍ നിന്നുള്ള 101 കര്‍ഷകരുടെ ആദ്യസംഘമാണ് ഡല്‍ഹി ചലോ മാര്‍ച്ചിനായി ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ എത്തിയത്.
സമാധാനപരമായി ഡൽഹിയിലേക്ക് മാർച്ച് നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും അതിന് അനുവദിക്കണമെന്നും കർഷക നേതാക്കൾ ആവശ്യം ഉന്നയിച്ചെങ്കിലും പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് കര്‍ഷകരെ തടയുന്നതിനായി പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകളും കുരുമുളക് സ്പ്രേയും ജലപീരങ്കിയും പ്രയോഗിച്ചു. 

വെള്ളിയാഴ്ചയും ശംഭു അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് സമരക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചിരുന്നു. ഇതില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെയും യോഗത്തിന് ശേഷമായിരിക്കും അടുത്ത നടപടിയെന്തെന്ന് തീരുമാനിക്കുകയെന്ന് കര്‍ഷക നേതാവായ സര്‍വന്‍ സിങ് പാന്ഥര്‍ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.