
റാപ്പര്‍ വേടനെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വേടന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകി. അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. വേടനെതിരെ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുണ്ടെന്നാണ് പരാതിയിലുള്ളത്. വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നുണ്ട്. വേടന്‍റെ വാക്കുകളെ നിശബ്ദമാക്കാനാണ് ഇതിലൂടെ ശ്രമം എന്നാണ് പരാതിയിൽ പറയുന്നത്. വേടന്റെ സഹോദരനാണ് ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
കേസിനെക്കുറിച്ച് സംസാരിക്കരുതെന്നാണ് നിർദേശമെന്നും തനിക്ക് നല്ല വിശ്വാസമുണ്ടെന്നും സമയം കിട്ടിയാൽ എല്ലാ ആരോപണങ്ങൾക്കും മറുപടി പറയുമെന്നും റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി ഇന്നലെ പറഞ്ഞിരുന്നു. ബലാത്സംഗ കേസിൽ അറസ്റ്റിലായതിനു ശേഷം ജാമ്യം കിട്ടി പുറത്തിറങ്ങവെ ആയിരുന്നു വേടന്റെ പ്രതികരണം. എവിടെയും താൻ പോകില്ലെന്നും പരിപാടികളുമായി മുന്നോട്ടു പോകുമെന്നും വേടൻ പറഞ്ഞു.
‘‘നല്ല വിശ്വാസമുണ്ട്. എനിക്കൊരു സമയം കിട്ടട്ടെ. എല്ലാത്തിനും മറുപടി പറയും. കേസിനെ കുറിച്ച് സംസാരിക്കരുതെന്നാണ് നിർദേശം. നിങ്ങളാരും പേടിക്കാതിരിക്കുക. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസാണ്. പരിപാടികളുമായി തുടരും. എവിടെ പോകാനാണ് ഞാൻ’’ – വേടൻ പറഞ്ഞു. ഇന്നലെ ഉച്ചയോടെ വേടനെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യം പരിഗണിച്ച് വേടനെ ചോദ്യം ചെയ്യലിനു ശേഷം വിടുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.