19 January 2026, Monday

Related news

January 15, 2026
January 14, 2026
January 12, 2026
January 12, 2026
January 12, 2026
January 8, 2026
January 5, 2026
January 4, 2026
January 2, 2026
December 31, 2025

രാഷ്ട്രീയ നൈതികതാ പുരസ്കാരം ബിനോയ് വിശ്വത്തിന്

Janayugom Webdesk
കുറ്റിപ്പുറം
January 12, 2026 7:54 pm

മലബാറിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സാമൂഹ്യപ്രവർത്തകനുമായിരുന്ന കെ നാരായണൻ നായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന രാഷ്ട്രീയ നൈതികതാ പുരസ്കാരം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്. നൈതികതയും മൂല്യബോധവും ഉയർത്തിപ്പിടിച്ച് രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ നിസ്വാർത്ഥവും സമർപ്പിതവുമായ പ്രവർത്തനം നടത്തി മാതൃകകളാകുന്നവരെയാണ് എല്ലാ വർഷവും കെ. നാരായണൻ മാസ്റ്റർ സ്മാരക രാഷ്ട്രീയ നൈതികതാ പുരസ്കാരം നൽകി ആദരിക്കുന്നത്. കാനം രാജേന്ദ്രൻ, കെ കെ ശൈലജ ടീച്ചർ, സി ദിവാകരൻ എന്നിവരായിരുന്നു മുൻവർഷങ്ങളിലെ അവാര്‍ഡ് ജേതാക്കൾ. 

വനം-പരിസ്ഥിതി മന്ത്രിയെന്ന നിലയിലും രാജ്യസഭാംഗം എന്ന നിലയിലും നടത്തിയ സൃഷ്ടിപരവും, ക്രിയാത്മകവും മാതൃകാപരവുമായ പ്രവർത്തനങ്ങളും ട്രേഡ് യൂണിയൻ രംഗത്തെ കരുത്തുറ്റ ദീർഘകാല നേതൃമികവും അദ്ദേഹം തന്റെ പൊതു പ്രവർത്തന കാലയളവിൽ ഉടനീളം പുലർത്തിപ്പോരുന്ന ആദർശനിഷ്ഠവും മൂല്യാധിഷ്ഠിതവുമായ രാഷ്ട്രീയ, സാമൂഹ്യ പ്രതിബദ്ധതയും കണക്കിലെടുത്താണ് സംസ്ഥാനത്തെ മുതിർന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാളായ ബിനോയ് വിശ്വത്തിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തതെന്ന് സംഘാടകർ പറഞ്ഞു. അശോകസ്തംഭ മാതൃകയിലുള്ള ശില്പവും പ്രശസ്തി പത്രവുമാണ് അവാർഡ് ജേതാവിന് നൽകുന്നത്. 

അനുസ്മരണ സമ്മേളന ഉദ്ഘാടനവും, അവാർഡ് വിതരണവും 25ന് കുമ്പിടി പന്നിയൂർ നാരായണീയത്തിൽ നടക്കുന്ന ചടങ്ങിൽ കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എൻ നഗരേഷ് നിർവഹിക്കും. ആലങ്കോട് ലീലാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നിർവഹിക്കും. പി പി സുനീർ എംപി, ഡോ. കെ ടി ജലീൽ എംഎൽഎ, പി നന്ദകുമാർ എംഎല്‍എ, അഡ്വ. കെ എൻ എ ഖാദർ തുടങ്ങി രാഷ്ട്രീയസാമൂഹ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.