
കർണാടകയിലെ ചിക്കമംഗളൂരുവിൽ ബാനറിനെച്ചൊല്ലിയുണ്ടായ സംഘർഷത്തെത്തുടർന്ന് കോൺഗ്രസ് പ്രവർത്തകനും സഖരായപട്ടണ ഗ്രാമപഞ്ചായത്ത് അംഗവുമായ ഗണേഷ് ഗൗഡയെ (38) വെള്ളിയാഴ്ച രാത്രി വെട്ടിക്കൊന്നു. സംഭവത്തിൽ ബിജെപി, ബജ്‌റംഗ്ദൾ പ്രവർത്തകരായ അഞ്ച് പേരെ സഖരായപട്ടണ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ സഞ്ജയ്, ഭൂഷൺ, മിഥുൻ എന്നീ മൂന്ന് പേർ ബിജെപിയുടെ സജീവ പ്രവർത്തകരാണ്. വെള്ളിയാഴ്ച രാത്രി പത്തരയോടെ എട്ട് പേരടങ്ങുന്ന സംഘം കൽമുരുഡേശ്വര മഠം റോഡിൽ വെച്ച് കാറിൽ സഞ്ചരിക്കുകയായിരുന്ന ഗൗഡയെ തടഞ്ഞുനിർത്തി മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
രണ്ട് ദിവസം മുമ്പ് കടൂർ താലൂക്കിലെ സഖരായപട്ടണയിൽ ‘ദത്ത ജയന്തി’ ആചരിക്കുന്നതുമായി ബന്ധപ്പെട്ട ബാനറിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഗുരുതരമായി പരിക്കേറ്റ ഗൗഡ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റ പ്രതികളിൽ ഒരാളായ സഞ്ജയ് ചിക്കമംഗളൂരു മല്ലേഗൗഡ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സഖരായപട്ടണ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും, മുൻകരുതൽ നടപടിയുടെ ഭാഗമായി ഗ്രാമത്തിൽ സുരക്ഷ ശക്തമാക്കിയതായും ചിക്കമഗളൂരു പൊലീസ് സൂപ്രണ്ട് വിക്രം ആംതെ അറിയിച്ചു. അന്വേഷണത്തിനായി നാല് പ്രത്യേക സംഘങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.