
ബിജെപി ഭരിക്കുന്ന ത്രിപുരയില്‍ രാഷ്ട്രീയ അക്രമം വര്‍ധിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെ കായികമായി നേരിടുന്ന ബിജെപി അണികള്‍ പാര്‍ട്ടി ഓഫീസുകളും തല്ലിതകര്‍ക്കുന്ന കാഴ്ചയാണ് സംസ്ഥാനത്ത് നിന്ന് പുറത്ത് വരുന്നത്. അടുത്ത വര്‍ഷം ആദ്യം ആദിവാസി സ്വയംഭരണ പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംസ്ഥാനത്ത് അക്രമം പെരുകുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ നാല് ജില്ലകളിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഓഫീസാണ് ബിജെപി പ്രവര്‍ത്തകര്‍ നാമവശേഷമാക്കിയത്. ഈ ജില്ലകളില്‍ 15 ലധികം അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്‍ഡിഎ സഖ്യത്തിലെ തിപ്രമോത്തയും ബിജെപി തമ്മിലുള്ള ശീതസമരം മൂര്‍ച്ഛിക്കുന്നതിനിടെയാണ് പാര്‍ട്ടികള്‍ പരസ്പരം പോരടിക്കുന്നത്.
കഴിഞ്ഞമാസം 26 ന് അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലിക്ക് നേരെയും ബിജെപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. റാലിയില്‍ പങ്കെടുത്ത പാര്‍ട്ടി പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചതായി സിപിഐ(എം) വടക്കന്‍ ത്രിപുര ജില്ലാ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ അമിതാഭ ദത്ത പറഞ്ഞു. ധര്‍മ്മനഗര്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫിസര്‍ ജയന്ത കര്‍മാകര്‍ സംഭവം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അക്രമത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരെ ധര്‍മ്മനഗറിലെ നോര്‍ത്ത് ത്രിപുര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ജയന്ത് കര്‍മാകര്‍ അറിയിച്ചു.
നവംബര്‍ 26 ന് ഭരണഘടനാ ദിനത്തിലാണ് ഇതേ സ്ഥലത്തെ കോണ്‍ഗ്രസ് ഓഫിസ് ആക്രമണത്തിനിരയായത്. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ ഓഫിസ് തല്ലിതകര്‍ക്കുകയും പ്രവര്‍ത്തകരെ മര്‍ദിക്കുകയും ചെയ്തത്. സംസ്ഥാനത്ത് പ്രതിപക്ഷ പാര്‍ട്ടി ഓഫിസുകള്‍ അടിച്ചു തകര്‍ക്കുകയും പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുന്നതും സമീപ മാസങ്ങളില്‍ വര്‍ധിച്ചതായി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ആശിഷ് കുമാര്‍ സാഹ ആരോപിച്ചു. ബിഹാറില്‍ എന്‍ഡിഎ സഖ്യം വിജയിച്ചതിന് പിന്നാലെ മൂന്ന് ജില്ലകളില്‍ സിപിഐ(എം) ഓഫിസുകള്‍ ബിജെപി പ്രവര്‍ത്തകര്‍ അഗ്നിക്കിരയാക്കിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളെ ഉന്നമിട്ട് നടത്തുന്ന അക്രമ പരമ്പരയ്ക്കിടെ എന്‍ഡിഎ സഖ്യത്തിലെ തിപ്രമോത്ത പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷവും വ്യാപകമാവുകയാണ്.
നവംബർ 18 നും 23 നും ഇടയിൽ ഖുമുൽവങ്ങിലെ ഗോത്ര ആസ്ഥാനത്ത് ബിജെപിയും ടിപ്ര മോത്തയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ബിജെപി പ്രവര്‍ത്തകന് ഗുരുതരമായി പരിക്കേറ്റിരുന്നു. ത്രിപുര ട്രൈബല്‍ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയും തിപ്രമോത്തയും പരസ്പരം ഏറ്റുമുട്ടുകയും ചെയ്യുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.